ഗോപിനാഥ് ആദ്യം കോണ്‍ഗ്രസ് വിട്ടു പുറത്തുവരട്ടെ, എന്നിട്ട് ആലോചിക്കാം: സിപിഎം
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd March 2021 10:23 AM |
Last Updated: 02nd March 2021 10:23 AM | A+A A- |
സികെ രാജേന്ദ്രന്‍/ടെലിവിഷന്‍ ചിത്രം
പാലക്കാട്: പാലക്കാട് ഷാഫി പറമ്പിലിനെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുന്‍ ഡിഡിസി പ്രസിഡന്റ് എവി ഗോപിനാഥിനെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ അദ്ദേഹം കോണ്‍ഗ്രസ് വിട്ടതിനു ശേഷം നിലപാടു പറയാമെന്ന് സിപിഎം ജില്ലാ നേതൃത്വം. ഇതുവരെ ഗോപിനാഥുമായി ചര്‍ച്ചയൊന്നും നടത്തിയിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന്‍ പറഞ്ഞു.
''അദ്ദേഹം ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ്. കോണ്‍ഗ്രസില്‍ ഏതു സ്ഥാനവും വഹിക്കാന്‍ യോഗ്യനാണ്. അദ്ദേഹം ആദ്യം കോണ്‍ഗ്രസ് വിട്ടു വരട്ടെ. ഞങ്ങളുടെ നിലപാട് അപ്പോള്‍ ആലോചിക്കാം.'' - രാജേന്ദ്രന്‍ പറഞ്ഞു.
ഇതുവരെ ഗോപിനാഥുമായി ഫോണില്‍ പോലും ആശയവിനിമയം നടത്തിയിട്ടില്ല. സംസ്ഥാന നേതൃത്വം സംസാരിച്ചിട്ടുണ്ടോയെന്ന് അറിയില്ലെന്നും രാജേന്ദ്രന്‍ പറഞ്ഞു.
പാലക്കാട് മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കൂടിയായ ഷാഫി പറമ്പിലിനെതിരെ മല്‍സരിക്കാനാണ് ഗോപിനാഥ് ആലോചിക്കുന്നത്. കഴിഞ്ഞ അഞ്ചുകൊല്ലം തന്നെ ഒരു കോണ്‍ഗ്രസുകാരനും വിളിച്ചില്ല. തന്നെ ഉപേക്ഷിച്ചവരെ തനിക്കും ഉപേക്ഷിക്കേണ്ടി വരും. മരിക്കുന്നതു വരെ കോണ്‍ഗ്രസ് ആയിരിക്കുമെന്ന് പ്രചവിക്കാനാവില്ല. കോണ്‍ഗ്രസില്‍ ആരോടും കടപ്പാടില്ലെന്നും എ വി ഗോപിനാഥ് പറഞ്ഞു.