നുണ പറഞ്ഞതു ചോദ്യം ചെയ്തപ്പോള്‍ തുറിച്ചുനോക്കിയെന്നു പരാതി നല്‍കി; സജിത മഠത്തിലിന് എതിരെ ഫോട്ടോഗ്രാഫര്‍

നുണ പറഞ്ഞതു ചോദ്യം ചെയ്തപ്പോള്‍ തുറിച്ചുനോക്കിയെന്നു പരാതി നല്‍കി; സജിത മഠത്തിലിന് എതിരെ ഫോട്ടോഗ്രാഫര്‍
സജിത മഠത്തില്‍/ഫയല്‍
സജിത മഠത്തില്‍/ഫയല്‍

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ അസത്യം പ്രസംഗിച്ചതു ചോദ്യം ചെയ്തതിന്റെ പേരില്‍ നടി സജിത മഠത്തില്‍ കള്ളപ്പരാതി നല്‍കിയെന്ന് ഫോട്ടോഗ്രാഫറുടെ പരാതി. നുണ പറഞ്ഞതു ചോദ്യം ചെയ്തപ്പോള്‍ തന്നെ തുറിച്ചുനോക്കിയെന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് ചലച്ചിത്ര അക്കാദമി ഗവേണിങ് കൗണ്‍സില്‍ അംഗമായ സജിത മഠത്തില്‍ തനിക്കെതിരെ സെക്രട്ടറിക്കു പരാതി നല്‍കിയെന്ന് ഫോട്ടോഗ്രാഫര്‍ ജോജി അല്‍ഫോണ്‍സ് പറഞ്ഞു. സാംസ്‌കാരിക മന്ത്രിക്കുള്ള ഹര്‍ജിയായി ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് ജോജി അല്‍ഫോണ്‍സിന്റെ ആരോപണം.

ഇരുപത്തഞ്ചാമതു ചലച്ചിത്ര മേളയുടെ ഫോട്ടോ എഡിറ്റര്‍ ആയി ചലച്ചിത്ര അക്കാദമിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത് 2020 നവംബര്‍ ഇരുപതിനാണ്. ഏല്പിച്ച ജോലികള്‍ ഭംഗിയായും സമയബന്ധിതമായും തീര്‍ത്തുകൊടുത്തു. ഒരു ലക്ഷത്തോളം ചിത്രങ്ങളില്‍ നിന്നും മേളയുടെ വെബ്‌സൈറ്റിന് വേണ്ടി ആറായിരത്തോളം ചിത്രങ്ങള്‍ തരം തിരിച്ചു. അതില്‍ നിന്നും മുന്നൂറു ചിത്രങ്ങള്‍ ഫോട്ടോ എക്‌സിബിഷന് വേണ്ടി ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ആയ ബീന പോളും അസിസ്റ്റന്റായ നിധിനും താനും കൂടി ഫെബ്രുവരി ഏഴിനാണ് തെരഞ്ഞെടുത്തത്. ഫെബ്രുവരി എട്ടിനാണ് സജിത മഠത്തില്‍ ഓഫീസില്‍ എത്തിയത്. എന്നാല്‍ താനും ബീനാ പോളും കൂടിയാണ് ഫോട്ടോകള്‍ തെരഞ്ഞെടുത്തതെന്ന് പ്രദര്‍ശന ഉല്‍ഘാടനച്ചടങ്ങില്‍ സജിത മഠത്തില്‍ പറഞ്ഞത്. ഇതു താന്‍ ഫെസ്റ്റിവല്‍ ഓഫിസില്‍ വച്ചു ചോദ്യം ചെയ്തു. ചെയര്‍മാന്‍ കമലിന്റെയും ഗവേണിങ് കൗണ്‍സില്‍ അംഗം സിബി മലയിലിന്റെയും സാനിധ്യത്തിലായിരുന്നു ഇത്. അപ്പോള്‍ അവര്‍ ബഹളം വയ്ക്കുകയും സ്ത്രീയെ അപമാനിച്ചു എന്ന തരത്തില്‍ വിഷയം മാറ്റുകയുമാണുണ്ടായതെന്ന് പരാതിയില്‍ പറയുന്നു.

എറണാകുളത്തു നടന്ന ഫോട്ടോ പ്രദര്‍ശനത്തിന്റെ ഉല്‍ഘാടന വേളയില്‍ തിരുവനന്തപുരത്തു പറഞ്ഞ അസത്യങ്ങള്‍ സജിത മഠത്തില്‍ തിരുത്തി. എന്നാല്‍ ആ ജാള്യത മറയ്ക്കാന്‍ അവര്‍ തനിക്കെതിരെ സെക്രട്ടറിക്കു പരാതി നല്‍കുകയായിരുന്നെന്ന് ജോജി പറയുന്നു. ജി സി മെമ്പറെ ആക്ഷേപിച്ചയാല്‍ ഫെസ്റ്റിവല്‍ സ്ഥലത്തു വരാന്‍ പാടില്ല എന്നും എറണാകുളത്തെ ഉല്‍ഘാടന സമയത്ത് അവരെ തുറിച്ചു നോക്കി എന്നുമാണ് പരാതിയില്‍ പറയുന്നത്. പരാതി അസത്യമാണെന്നു അറിയാമായിരുന്നിട്ടും മുപ്പതു വര്ഷത്തിനുമേല്‍ പരിചയമുള്ള സജിത മഠത്തിലിന്റെ ആരോഗ്യാവസ്ഥയെയും മനസികാവസ്ഥയെയും പരിഗണിച്ചും ചെയമാന്റെയും ആര്‍ട്ടിസ്റ്റിക് ഡയറക്ടറുടെയും സെക്രട്ടറിയുടെയും അഭ്യര്‍ഥനയെ മാനിച്ചും ക്ഷമാപണം എഴുതി നല്‍കി. ആ പ്രശ്‌നം അവിടെ അവസാനിച്ചു എന്ന് കരുതി. ഒരാഴ്ചയായിട്ടും ഒരറിയിപ്പും അക്കാദമിയില്‍ നിന്നു വന്നില്ല. ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ അനുഭവിക്കേണ്ടി വന്ന അപമാനം മാനസികമായി തളര്‍ത്തി. അവസാനം നാട്ടുകാരനായ പി സി വിഷ്ണുനാഥിനെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു. ചെയര്‍മാനോട് വിഷ്ണുനാഥ് സംസാരിച്ചു. അരമണിക്കൂറിനുള്ളില്‍ പ്രശ്‌നം അവസാനിച്ചതായി ചലച്ചിത്ര അക്കാദമി സെക്രട്ടറിയുടെ മറുപടി വന്നുവെന്നും ജോജി പറയുന്നു.

സ്ത്രീ സംരക്ഷണ നിയമത്തെ ദുരുപയോഗപ്പെടുത്തുന്നത് എങ്ങനെയെന്ന് മനസ്സിലാക്കിയപ്പോള്‍ തലശ്ശേരി്ക്കും പാലക്കാട്ടേക്കും പോകാന്‍ പേടിയായി. തൊഴില്‍പരമായി അതുകൊണ്ടു തനിക്കുണ്ടായ നഷ്ടം വലുതാണ്. കൊറോണ കാലത്തു നടക്കുന്ന ടൂറിംഗ് ഫെസ്റ്റിവലിന്റെ ചിത്രങ്ങള്‍ പകര്‍ത്താനുള്ള അവസരവും ഒരുപാടു മനുഷ്യരുടെ പോര്‍ട്രെയ്റ്റ്‌സ് പകര്‍ത്താനുള്ള അവസരവും നഷ്ടപ്പെട്ടു. സിനിമയിലും മാധ്യമ രംഗത്തും ഏറെക്കാലത്തെ പ്രവൃത്തി പരിചയം ഉള്ളതുകൊണ്ടുതന്നെയാണ് ചലച്ചിത്ര അക്കാദമി ഫോട്ടോഎഡിറ്റര്‍ തസ്തിക തനിക്ക് നല്‍കിയത്. പിന്‍വാതിലിലൂടെ പദവികളില്‍ എത്തിപ്പെടുന്ന ആളുകളില്‍ നിന്നും അനുഭവിക്കേണ്ടി വരുന്ന പീഡനം സഹിക്കാവുന്നതിനും അപ്പുറമാണെന്ന് ജോജി കുറിപ്പില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com