'ചികിത്സയില്ല, ഇത് താങ്കളെ പോലുള്ള സംഘികളുടെ മാറാരോഗം'- വി മുരളീധരന് തരൂരിന്റെ മറുപടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th March 2021 09:35 PM |
Last Updated: 04th March 2021 09:40 PM | A+A A- |
ശശി തരൂർ, വി മുരളീധരൻ/ ഫെയ്സ്ബുക്ക്
തിരുവനന്തപുരം: രാജ്യത്തിന്റെ ജിഡിപി വളർച്ചാനിരക്കിലുണ്ടായ തളർച്ചയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താടിയുടെ വളർച്ചയെയും താരതമ്യം ചെയ്ത ട്രോൾ പങ്കുവെച്ചതിനെ തുടർന്ന് ശശി തരൂർ എംപിയെ പരിഹസിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്തെത്തിയിരുന്നു. എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നായിരുന്നു മുരളീധരന്റെ പരിഹാസം. ഇപ്പോഴിതാ അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് തരൂർ.
2017-18 മുതലുള്ള ആറുപാദങ്ങളിലെ ജി.ഡി.പി. വളർച്ചാനിരക്കിന്റെ ഗ്രാഫും മോദിയുടെ താടിയുടെ നീളവ്യത്യാസങ്ങളും ചേർത്ത ചിത്രമാണ് തരൂർ ട്വീറ്റ് ചെയ്തിരുന്നത്. ഗ്രാഫിക് വിശദീകരണം എന്നു പറഞ്ഞാൽ ഇതാണ്, എന്ന കുറിപ്പോടെയായിരുന്നു തരൂരിന്റെ ട്വീറ്റ്.
'എത്രയും വേഗം സുഖം പ്രാപിക്കൂ, ശശി തരൂർ. ആയുഷ്മാൻ ഭാരതിന് കീഴിലുളള ആശുപത്രികളിൽ താങ്കൾക്ക് വേണ്ടി ഞാൻ ശുപാർശ ചെയ്യാം. താങ്കളുടെ അസുഖത്തിൽ നിന്ന് വേഗത്തിൽ മുക്തി നേടൂ'- എന്നായിരുന്നു മുരളീധരന്റെ ട്വീറ്റ്.
'എനിക്കുള്ള അസുഖം എന്തായാലും അത് മാറുന്നതാണെന്ന് എനിക്കുറപ്പാണ്; പക്ഷെ, തമാശ ആസ്വദിക്കാൻ കഴിയാത്ത പ്രശ്നം, താങ്കളെപ്പോലുള്ള സംഘികൾക്ക് ഒരു മാറാരോഗം പോലെയാണ്. അതിന്, നിർഭാഗ്യവശാൽ "ആയുഷ്മാൻ ഭാരതി"ൽ പോലും ഒരു ചികിത്സയില്ല'- എന്നായിരുന്നു തരൂരിന്റെ മറുപടി.