സ്വർണക്കടത്ത് കേസ്; ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീം കോടതിയിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th March 2021 08:04 AM |
Last Updated: 05th March 2021 08:08 AM | A+A A- |
ഫയല്‍ ചിത്രം
ന്യൂഡൽഹി: സ്വർണക്കടത്ത് കേസിലെ പ്രതി എം ശിവശങ്കറിൻറെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസിൽ എം ശിവശങ്കർ തടസ ഹർജി നൽകിയിട്ടുണ്ട്. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക.
രാഷ്ട്രീയ രംഗത്തുള്ളവരെ കുറിച്ചടക്കം അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായ ശിവശങ്കർ പുറത്തിറങ്ങുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് എൻഫോഴ്സ്മെൻറിൻറെ പ്രധാനവാദം. ശിവശങ്കറിൽ നിന്ന് അറിയാനുള്ള വിവരങ്ങൾ കിട്ടിയെങ്കിലും അന്വേഷണം പൂർത്തിയായിട്ടില്ല. അതിനാൽ ഹൈക്കോടതി വിധി അടിയന്തരമായി റദ്ദാക്കണമെന്നാണ് ഇഡി ആവശ്യപ്പെടുന്നത്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ ഒക്ടോബർ 28-നാണ് എം ശിവശങ്കറിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കേസിൽ ചോദ്യം ചെയ്യൽ തുടരുന്നതിനിടെ ജനുവരി 25ന് ആരോഗ്യ പ്രശ്നങ്ങളടക്കം പരിഗണിച്ച് ഹൈക്കോടതി ജാമ്യം നൽകി. കസ്റ്റംസ് കേസിൽ കൂടി ജാമ്യം കിട്ടി ശിവശങ്കർ പുറത്തിറങ്ങിയതിന് പിന്നാലെയാണ് എൻഫോഴ്സ്മെൻറ് സുപ്രീം കോടതിയെ സമീപിച്ചത്.