26 സീറ്റുകളില്‍ ജയസാധ്യത ഇല്ലെന്ന് കോണ്‍ഗ്രസ് വിലയിരുത്തല്‍, റിപ്പോര്‍ട്ട്
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th March 2021 08:26 AM |
Last Updated: 11th March 2021 08:27 AM | A+A A- |
ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ചര്‍ച്ചയില്‍ / ഫയല്‍
ന്യൂഡല്‍ഹി : സംസ്ഥാനത്തെ 26 സീറ്റുകളില്‍ ജയസാധ്യത ഇല്ലെന്ന് കോണ്‍ഗ്രസ് വിലയിരുത്തലെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് മല്‍സരിക്കുന്ന ധര്‍മടം, മലമ്പുഴ, ആലപ്പുഴ തുടങ്ങിയ മണ്ഡലങ്ങളില്‍ ജയസാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. 90 - 92 സീറ്റുകളിലായിരിക്കും കോണ്‍ഗ്രസ് ഇത്തവണ മത്സരിക്കുക.
തിരുവനന്തപുരത്തെ നേമത്തും വട്ടിയൂര്‍ക്കാവിലും ശക്തരായ സ്ഥാനാര്‍ത്ഥികളെ മല്‍സരിപ്പിക്കണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. നേമത്ത് കെ മുരളീധരനെ രംഗത്തിറക്കണമെന്ന് ഹൈക്കമാന്‍ഡില്‍ ആലോചനയുണ്ട്. വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് മുരളീധരന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.
നേമത്ത് ഉമ്മന്‍ചാണ്ടിയും വട്ടിയൂര്‍ക്കാവില്‍ രമേശ് ചെന്നിത്തലയും മല്‍സരിക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഈ നിര്‍ദേശത്തോട് ഇരുനേതാക്കളും പ്രതികരിച്ചിട്ടില്ല. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കെ സി ജോസഫ്, ജോസഫ് വാഴയ്ക്കന്‍, കെ ബാബു എന്നിവരെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്.
കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി യോഗം ഇന്നലെ രാത്രി ഏറെ വൈകിയും ചേര്‍ന്നു. സാധ്യതാപട്ടിക ചുരുക്കാനുളള കഠിനപ്രയത്‌നത്തിലാണ് നേതാക്കള്‍. കഴിഞ്ഞ മൂന്നുദിവസങ്ങളിലായി നടന്ന ചര്‍ച്ചയില്‍ സാധ്യതാ പട്ടിക വിശദമായി ചര്‍ച്ച ചെയ്യുകയും ഓരോ മണ്ഡലത്തിലുമായി നിര്‍ദേശിക്കപ്പെട്ട പേരുകള്‍ ഒന്നോ രണ്ടോ ആയി ചുരുക്കാനുളള ശ്രമങ്ങളുമാണ് നടന്നത്. ഇന്ന് രാവിലെ സ്‌ക്രീനിങ് കമ്മിറ്റി യോഗം ചേരും. തുടര്‍ന്ന് ഇന്നുതന്നെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന.