എതിരാളികളെ അധിക്ഷേപിച്ച് ഒരു വോട്ടു പോലും വേണ്ട; വ്യത്യസ്ത വോട്ട് അഭ്യര്‍ഥന; സ്ഥാനാര്‍ഥിയുടെ കുറിപ്പ് 

എതിരാളികളെ അധിക്ഷേപിച്ച് ഒരു വോട്ടു പോലും വേണ്ട; വ്യത്യസ്ത വോട്ട് അഭ്യര്‍ഥന; സ്ഥാനാര്‍ഥിയുടെ കുറിപ്പ് 
സിഎന്‍ വിജയകൃഷ്ണന്‍/ഫെയ്‌സ്ബുക്ക്
സിഎന്‍ വിജയകൃഷ്ണന്‍/ഫെയ്‌സ്ബുക്ക്

കൊച്ചി: എതിരാളികളെ  വ്യക്തിപരമായി അധിക്ഷേപിച്ച് ഒരു വോട്ടും തനിക്കു വേണ്ടെന്ന് നെന്മാറയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും സിഎംപി നേതാവുമായ സിഎന്‍ വിജയകൃഷ്ണന്‍. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ എഴുതിയ കുറിപ്പിലാണ് വിജയകൃഷ്ണന്റെ പ്രഖ്യാപനം. 

''നെന്മാറയിലെ യു.ഡി.എഫ്. ബ്ലോക്ക് പ്രസിഡന്റുമാര്‍ തൊട്ട് മണ്ഡലം, ബൂത്ത് പ്രസിഡന്റുമാര്‍ വരെയുള്ളവരോടും പ്രവര്‍ത്തകരോടും എനിക്കു പറയാനുള്ളത് എതിര്‍ സ്ഥാനാര്‍ഥികളെക്കുറിച്ച് വ്യക്തിപരമായ ആക്ഷേപമൊന്നും ഉന്നയിക്കാന്‍ പാടില്ല എന്നാണ്. എതിര്‍ സ്ഥാനാര്‍ഥികളെ രാഷ്ട്രീയമായി മാത്രം എതിര്‍ക്കുക. അവരും പൊതുപ്രവര്‍ത്തകരാണ്. വ്യക്തിപരമായി അധിക്ഷേപിച്ച് നേടുന്ന ഒരു വോട്ടുപോലും നമുക്കു വേണ്ട. അതു നമ്മുടെ ശൈലിയല്ല. അഹിംസാവാദിയായ ഗാന്ധിജിയുടെ മഹത്തായ പാരമ്പര്യമുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള മുന്നണിയാണു യു.ഡി.എഫ്. എന്ന കാര്യം നമ്മള്‍ മറക്കരുത്. അതു മനസ്സിലാക്കി അതിനനുസരിച്ചുവേണം നമ്മുടെ പ്രവര്‍ത്തനം. എവിടെയും നമുക്കു ഒരു വോട്ടുണ്ടായിരിക്കും. അതു ചോദിച്ചു വാങ്ങാന്‍ നമുക്കു കഴിയണം. അതു സാധിച്ചാല്‍ നമുക്കു ജയിക്കാനാവും.''- കുറിപ്പില്‍ പറയുന്നു.   

താന്‍ നെന്മാറയിലേക്കു കടന്നുവരുന്നതു സ്വഭാവികമായും ആ പ്രദേശത്തെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു പ്രയാസമുണ്ടാക്കിയിട്ടുണ്ടാവും എന്ന് വിജയകൃഷ്ണന്‍ പറയുന്നുണ്ട്. ''അവരുടെ  തട്ടകത്തിലേക്കു ഒരു ഘടകകക്ഷി കടന്നുവരുമ്പോളുണ്ടാകുന്ന പ്രയാസം സ്വാഭാവികമാണ്. അവരില്‍ ആര്‍ക്കെങ്കിലും വേദനയുണ്ടായോ എന്നെനിക്കറിയില്ല. പക്ഷേ, ആഗ്രഹിച്ചവര്‍ക്കു വേദനയുണ്ടാകും. ഒരു മുന്നണി സംവിധാനത്തില്‍ തങ്ങളാഗ്രഹിക്കുന്ന എല്ലാ സീറ്റിലും പ്രധാന കക്ഷികള്‍ക്കു മത്സരിക്കാന്‍ കഴിയില്ല. അതു പ്രവര്‍ത്തകര്‍ മനസ്സിലാക്കുമെന്നാണു എന്റെ വിശ്വാസം. അവരെല്ലാവരും എന്നോടു സഹകരിക്കുമെന്നാണു പ്രതീക്ഷ.''
 
വിജയകൃഷ്ണന്റെ കുറിപ്പില്‍നിന്ന്': ആര് ജയിക്കണം ആര് തോല്‍ക്കണമെന്നതു തീരുമാനിക്കേണ്ടതു ജനങ്ങളാണ്. അതവര്‍ ചെയ്യട്ടെ. ജയമോ പരാജയമോ സംഭവിച്ചാലും ഞാന്‍ 2025 ജനുവരി ഒന്നോടെ ഞാന്‍ നെന്മാറയിലെ മുതലമട പഞ്ചായത്തില്‍ സ്ഥിരതാമസമാക്കും. എന്റെ ശിഷ്ടജീവിതം അവിടെയായിരിക്കും. എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ പോലുള്ള സ്ഥാപനത്തിന്റെ ചെയര്‍മാനായ ഞാന്‍ ഒരു സാധാരണ മനുഷ്യനാണ്. ദുഃഖം വരുമ്പോള്‍ കരയുകയും സന്തോഷം വരുമ്പോള്‍ പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന സാധാരണ മനുഷ്യന്‍. അവനാണു നെന്മാറയിലേക്കു കടന്നുവരുന്നതു എന്നു എല്ലാവരും മനസ്സിലാക്കണം. എല്ലാവര്‍ക്കും നല്ലതു മാത്രം വരട്ടെ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com