ഐശ്വര്യയാത്രയുടെ ഐശ്വര്യം കളയരുത് : നേതാക്കളോട് മുരളീധരന്‍

ഹൈക്കമാന്‍ഡ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചാല്‍ ആദ്യം കുറച്ച് ഒച്ചയും ബഹളവുമൊക്കെ ഉണ്ടാകും
കെ മുരളീധരന്‍/ഫയല്‍ ചിത്രം
കെ മുരളീധരന്‍/ഫയല്‍ ചിത്രം

കോഴിക്കോട് : ഐശ്വര്യയാത്രയുടെ ഐശ്വര്യം കളയരുതെന്ന് നേതാക്കളോട് കെ മുരളീധരന്‍ എംപി. സ്ഥാനാര്‍ത്ഥി പട്ടിക നീണ്ടുപോകുന്നതിലെ അതൃപ്തി പരസ്യമാക്കിക്കൊണ്ടാണ് മുരളീധരന്റെ പ്രതികരണം. സ്ഥാനാര്‍ത്ഥി പട്ടിക നീട്ടേണ്ട കാര്യമില്ലെന്നും മുരളീധരന്‍ കോഴിക്കോട്ട് പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വം എന്തു പറഞ്ഞാലും അനുസരിക്കും. മല്‍സരിക്കാന്‍ പറഞ്ഞാല്‍ മല്‍സരിക്കും. മാറി നില്‍ക്കാന്‍ പറഞ്ഞാല്‍ മാറി നില്‍ക്കും. ഹൈക്കമാന്‍ഡ് പറഞ്ഞ എന്തുകാര്യവും അക്ഷരം പ്രതി പാലിച്ചിട്ടുണ്ട്. നേമത്തിന്റെ കാര്യത്തില്‍ ആത്മവിശ്വാസക്കുറവിന്റെ കാര്യമില്ല. കരുത്തര്‍ ദുര്‍ബലര്‍ എന്നിങ്ങനെ വിഭാഗങ്ങളില്ല. കൈപ്പത്തിയും കോണ്‍ഗ്രസും യുഡിെഫുമാണെങ്കില്‍ വിജയിച്ചിരിക്കും. 2011 ലും 2016 ലും വളരെ ദുര്‍ബലമായ ഘടകകക്ഷിക്ക് സീറ്റ് കൊടുത്തതാണ് പരാജയത്തിന് കാരണമായത്.

ഹൈക്കമാന്‍ഡ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചാല്‍ ആദ്യം കുറച്ച് ഒച്ചയും ബഹളവുമൊക്കെ ഉണ്ടാകും. അത് താനെ അടങ്ങും. അത് മുമ്പും ഉണ്ടായിട്ടില്ലേ. പ്രകടനവും പോസ്റ്റര്‍ ഒട്ടിക്കലും ഇന്നും ഇന്നലെയും ഉണ്ടായതാണോ എന്നും മുരളീധരന്‍ ചോദിച്ചു. 2011 ല്‍ വട്ടിയൂര്‍ക്കാവില്‍ ചെയ്യുമ്പോള്‍ തനിക്കെതിരെ പന്തം കൊളുത്തി പ്രകടനം വരെയുണ്ടായി. എന്നാല്‍ വോട്ടെടുപ്പില്‍ 16000 വോട്ടിനാണ് ജയിച്ചതെന്ന് മുരളീധരന്‍ പറഞ്ഞു. 

പന്തംകൊളുത്തലും പോസ്റ്റര്‍ ഒട്ടിക്കലുമെല്ലാം ഇരുട്ടിന്റെ സന്തതികള്‍ ചെയ്യുന്നതാണ്. നേമത്തേക്ക് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുരളീധരന്‍ തുടങ്ങി അത്രയും പേര്‍ പോകേണ്ടതില്ല. അല്ലാതെ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് നേമത്ത് ജയിക്കാന്‍ കഴിയും. ഇനി ഹൈക്കമാന്‍ഡ് ഏന്ത് ആവശ്യപ്പെട്ടാലും ചെയ്യാന്‍ തയ്യാറാണ്. അതിന് പ്രതിഫലം ചോദിക്കുന്ന ആളല്ല താന്‍. കെ കരുണാകരനോ അദ്ദേഹത്തിന്റെ മകനോ പ്രതിഫലം ചോദിച്ച് സ്ഥാനാര്‍ത്ഥികളായിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു. 

ഒരു കാര്യം മാത്രമാണ് ലീഡര്‍ഷിപ്പിനോട് അഭ്യര്‍ത്ഥിക്കാനുള്ളത്. ഐശ്വര്യയാത്രയുടെ ഐശ്വര്യം കളയരുത്. സീറ്റ് വിഭജനത്തില്‍ പ്രശ്‌നമുണ്ടെന്ന് അറിയില്ല. മതമേലധ്യക്ഷന്മാരോ, സാമൂഹിക പരിഷ്‌കര്‍ത്താക്കളോ ഒന്നും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ചര്‍ച്ചയില്‍ ഇടപെട്ടിട്ടില്ല. ഒരു സമുദായവും ആരെയെങ്കിലും സ്ഥാനാര്‍ത്ഥിയാക്കണമെന്നോ വേണ്ടെന്നോ ആവശ്യപ്പെട്ടിട്ടില്ല. വെറുതെ അവരെ വലിച്ചിഴച്ച് സാമുദായിക വേര്‍തിരിവ് ഉണ്ടാക്കരുതെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com