‘രണ്ടാമതൊരു മുട്ട കൂടി ആഗ്രഹിക്കാം, ചീഞ്ഞ മുട്ട നൽകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട് ‘- എംഎൻ കാരശ്ശേരിക്ക് മറുപടിയുമായി താഹ മാടായി

‘രണ്ടാമതൊരു മുട്ട കൂടി ആഗ്രഹിക്കാം, ചീഞ്ഞ മുട്ട നൽകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട് ‘- എംഎൻ കാരശ്ശേരിക്ക് മറുപടിയുമായി താഹ മാടായി
എംഎൻ കാരശ്ശേരി
എംഎൻ കാരശ്ശേരി

രാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് ഭരണത്തുടർച്ച ഉണ്ടാവരുതെന്ന അഭിപ്രായവുമായി സാമൂഹിക, രാഷ്ട്രീയ നിരീക്ഷകൻ എംഎൻ കാരശ്ശേരി നേരത്തെ രം​ഗത്തെത്തിയിരുന്നു. ഇതിനെ വിമർശിച്ച് പലരും വന്നു. 

‘ഇടത് മുന്നണിക്ക് ഭരണത്തുടർച്ച കിട്ടരുതെന്നാണ് എന്റെ അഭിപ്രായം. യുഡിഎഫ് വിജയിക്കണം. യുഡിഎഫ് മികച്ച കൂട്ടരായത് കൊണ്ടല്ല ഇത് പറയുന്നത്. ഭരണത്തുടർച്ച കൈവന്നാൽ ഇടത് മുന്നണി ചീത്തയാവും. ബംഗാളിലെ അനുഭവം മുന്നിലുണ്ട്. ഭരണം കിട്ടിയില്ലെങ്കിൽ യുഡിഎഫ് ഇല്ലാതാവും. രണ്ടും കേരളത്തിന് നല്ലതല്ല. അഹങ്കാരമാണ് ഇടത് മുന്നണിയുടെ വലിയ പ്രശ്‌നം. യുഡിഎഫിന്റെ വലിയ പ്രശ്‌നം അഴിമതിയുമാണ്’- 
കാരശ്ശേരി വ്യക്തമാക്കി.

ഇപ്പോഴിതാ അദ്ദേഹത്തിന്റെ അഭിപ്രായത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് എഴുത്തുകാരൻ താഹ മാടായി. ഇടതു പക്ഷത്തിന് അഹങ്കാരമുണ്ടാവും എന്ന കാരശ്ശേരിയുടെ വാദം ബാലിശമാണ്. അഹങ്കാരം എന്നത് വ്യക്തിഗത സ്വഭാവരീതിയാണ്. ഇടതു പ്രസ്ഥാനത്തിന് വ്യക്തിഗത രീതികൾ പിന്തുടരുന്നതിന് രാഷ്ട്രീയ കാരണങ്ങളാൽ തന്നെ സാധ്യമല്ലെന്ന് താഹ മാടായി പറയുന്നു.

താഹ മാടായിയുടെ കുറിപ്പിന്റെ പൂർണ രൂപം

ഞങ്ങളുടെ നാട്ടിൽ മുമ്പൊരു ചായക്കടയുണ്ടായിരുന്നു. ഏറെ കടികളൊന്നുമില്ലാത്ത ഒരു ഉണക്ക ചായക്കട. എങ്കിലും, പുലർച്ചെ തുറക്കുമെന്നുള്ളത് കൊണ്ട് നാട്ടിൻ പുറത്തുകാരായ കൽപണിക്കാരും കൈക്കോട്ടു പണിക്കാരും വാർപ്പുകാരും രാവിലെ അവിടെ പോകും. പുഴുങ്ങിയ മുട്ട മാത്രമായിരുന്നു കടി. ഒരു മുട്ട കഴിച്ച ശേഷം  ആർക്കെങ്കിലും പൂതി തോന്നി രണ്ടാമതൊരു മുട്ട ചോദിച്ചാൽ ചായക്കടക്കാരൻ പാപ്പൻ പറയും: നല്ല കഥയായി! നിങ്ങക്ക് രണ്ട് മുട്ട തന്നാ അടുത്താളും രണ്ട് മുട്ട ചോദിച്ചാലോ? മുട്ട തീരൂലെ? പിന്നെ വരുന്നാൾക്ക് ഞാനെന്താ കൊടുക്കാ, പുണ്ണാക്കോ?'

ചായക്ക് ഒരു മുട്ട മാത്രം. രണ്ടാമതൊരു മുട്ട ആഗ്രഹിക്കരുത്.

ഈ മുട്ടക്കഥ ഓർമ്മ വരുന്നു, എം.എൻ കാരശ്ശേരിയുടെ 'ഇടതു പക്ഷത്തിന് തുടർഭരണം "കൊടുക്കരുത് എന്ന പ്രസ്താവന. കാരണം' അഹങ്കരിക്കും'. 'അഹങ്കാരമാണ് ഇടതു പക്ഷത്തിൻ്റെ പ്രശ്നം '.

തുടർഭരണം എന്നത് ഏതു ഭരണകക്ഷിയും ആഗ്രഹിക്കുന്ന സ്വാഭാവികമായ ഒരു രാഷ്ട്രീയ മോഹമാണ്.' അധികാരമാണ് രാഷ്ട്രീയം' എന്നത് പഞ്ചായത്തിലെ വാർഡ് മെമ്പർ മാർക്ക് പോലുമറിയാവുന്ന വസ്തുതയാണ്. അധികാരത്തിൻ്റെ ജനപക്ഷ വിതരണം മുൻ സർക്കാറുകളെ അപേക്ഷിച്ച് പിണറായി നേതൃത്വം നൽകിയ ഇടതുപക്ഷ സർക്കാറിൽ വളരെ പ്രകടമായ രീതിയിൽ കാണാമായിരുന്നു. ജനങ്ങൾ പകച്ചു നിൽക്കുന്ന സന്ദർഭങ്ങളിൽ ഭരണകൂടം വലിയ കൈത്താങ്ങായി നിന്നു. ജനങ്ങളുടെ പ്രാഥമികമായ ജീവിതാവലംബ കേന്ദ്രങ്ങളായ ആരോഗ്യരംഗം, ഭക്ഷ്യ വിതരണ കേന്ദ്രങ്ങൾ, വൈദ്യുതി രംഗം, പാഠശാലകൾ, കാർഷിക മേഖല- ഈ രംഗത്തൊക്കെ വലിയ ഉണർവ്വുകളുണ്ടായി. മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കുമിടയിൽ ശരിയായ ഒരു ഏകോപനമുണ്ടായി. ഭരണത്തുടർച്ച ഈ രംഗത്ത് വലിയ മാറ്റങ്ങൾക്ക് പ്രചോദനമേകും.എന്നാൽ, പോലീസ് നയങ്ങളിൽ കഴിഞ്ഞ ഭരണത്തിൻ്റെ അതേ തുടർച്ച ജനങ്ങളും ഇടതുപക്ഷം തന്നെയും തുടർ ഭരണത്തിൽ ആഗ്രഹിക്കുന്നുണ്ടാവില്ല. അപ്പോൾ കഴിഞ്ഞ ഗവൺമെൻ്റിൻ്റെ എല്ലാ കാര്യങ്ങളുടെയും തുടർച്ചയല്ല, പലതിൻ്റെയും 'വിച്ഛേദനം 'കൂടിയാവണം  ഇടത് തുടർ ഭരണം. അപ്പോൾ മാത്രമാണ്, അത് രാഷ്ട്രീയമായ ജൈ വിക ജനാധിപത്യ ബദലാവുക.

ഇടതുപക്ഷത്തിന് അഹങ്കാരമുണ്ടാവും എന്ന കാരശ്ശേരിയുടെ വാദം ബാലിശമാണ്. അഹങ്കാരം എന്നത് വ്യക്തിഗത സ്വഭാവരീതിയാണ്. ഇടതുപ്രസ്ഥാനത്തിന് വ്യക്തിഗത രീതികൾ പിന്തുടരുന്നതിന് രാഷ്ട്രീയ കാരണങ്ങളാൽ തന്നെ സാധ്യമല്ല. കാരണം, 'മന്ത്രിമാരായി തിളങ്ങുന്ന 'പല മുഖങ്ങളും ഇപ്പോൾ മത്സര രംഗത്തില്ല. എത്രയോ പ്രിയപ്പെട്ട ജനപ്രതിധികൾ മത്സരരംഗത്തില്ല. അപ്പോൾ, നിയമസഭാപ്രതിനിധി എന്നത് അധികാര വിതരണത്തിന് ജനങ്ങൾ കൈയേൽപിക്കാൻ ആഗ്രഹിക്കുന്നവരെ തിരഞ്ഞെടുപ്പാണ്.ജനപക്ഷ മാതൃക ഉയർത്തിപ്പിടിച്ച ഇടതു ഭരണത്തിന് ആ നിലയിൽ ഒരു തുടർച്ച ജനങ്ങൾക്കാഗ്രഹിക്കാം. ആ തുടർച്ചയിൽ പോലീസ് നയം അതേ പോലെ പിന്തുടരാനുള്ള വിധി വാക്യമായി വിജയത്തെ എടുക്കാനും പാടില്ല. ഇവിടെയാണ് പാർട്ടി ഇടപെടൽ ഭാവിയിൽ കൂടുതൽ ഫലപ്രദമാക്കേണ്ടത്.

രണ്ടാമതൊരു മുട്ട കൂടി ആഗ്രഹിക്കാം. ചീഞ്ഞ മുട്ട നൽകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com