തൃക്കരിപ്പൂരില്‍ കെ എം മാണിയുടെ മരുമകന്‍ ; ജോസഫ് എം പുതുശ്ശേരിക്ക് സീറ്റില്ല ; കേരള കോണ്‍ഗ്രസ് ജോസഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

മുതിര്‍ന്ന നേതാക്കളായ ജോസഫ് എം പുതുശ്ശേരി, ജോണി നെല്ലൂര്‍, വിക്ടര്‍ ടി തോമസ്, സജി മഞ്ഞക്കടമ്പില്‍ തുടങ്ങിയവര്‍ക്ക് സീറ്റ് ലഭിച്ചില്ല
എംപി ജോസഫ്, കുഞ്ഞുകോശി പോള്‍, ഫ്രാന്‍സിസ് ജോര്‍ജ് / ഫയല്‍
എംപി ജോസഫ്, കുഞ്ഞുകോശി പോള്‍, ഫ്രാന്‍സിസ് ജോര്‍ജ് / ഫയല്‍

കോട്ടയം : കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 10 സീറ്റുകളിലേക്കാണ് ജോസഫ് ഗ്രൂപ്പ് മല്‍സരിക്കുന്നത്. ഇതില്‍ അഞ്ചുപേര്‍ പുതുമുഖങ്ങളാണ്. മുതിര്‍ന്ന നേതാക്കളായ ജോസഫ് എം പുതുശ്ശേരി, ജോണി നെല്ലൂര്‍, വിക്ടര്‍ ടി തോമസ്, സജി മഞ്ഞക്കടമ്പില്‍, സാജന്‍ ഫ്രാന്‍സിസ് തുടങ്ങിയവര്‍ക്ക് സീറ്റ് ലഭിച്ചില്ല. 

കെ എം മാണിയുടെ മകളുടെ ഭര്‍ത്താവ് എം പി ജോസഫ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. തൃക്കരിപ്പൂരില്‍ നിന്നാണ് എംപി ജോസഫ് ജനവിധി തേടുക. ചങ്ങനാശ്ശേരിയിൽ അന്തരിച്ച മുതിർന്ന നേതാവ് സി എഫ് തോമസിന്റെ സഹോദരൻ സാജൻ ഫ്രാൻസിസിനെ പരി​ഗണിച്ചിരുന്നു. എന്നാൽ അന്തിമ പട്ടികയിൽ സാജൻ ഫ്രാൻസിസിനെ ഉൾപ്പെടുത്തിയില്ല. വി ജെ ലാലിയാണ് ചങ്ങനാശ്ശേരിയിൽ മൽസരിക്കുക.

സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെയാണ്...

തൃക്കരിപ്പൂര്‍ -  എം.പി ജോസഫ്
ഇരിങ്ങാലക്കുട - തോമസ് ഉണ്ണിയാടന്‍
തൊടുപുഴ - പി.ജെ ജോസഫ്
ഇടുക്കി - ഫ്രാന്‍സിസ് ജോര്‍ജ്
കോതമംഗലം - ഷിബു തെക്കുംപുറം
കടുത്തുരുത്തി - മോന്‍സ് ജോസഫ്
ഏറ്റുമാനൂര്‍ - പ്രിന്‍സ് ലൂക്കോസ്
ചങ്ങനാശ്ശേരി - വി.ജെ ലാലി
കുട്ടനാട് - ജേക്കബ് ഏബ്രഹാം
തിരുവല്ല - കുഞ്ഞുകോശി പോള്‍


തിരുവല്ലയില്‍ തന്നെ പറഞ്ഞുപറ്റിച്ചെന്ന് വിക്ടര്‍ ടി തോമസ് കുറ്റപ്പെടുത്തി. പി ജെ ജോസഫ് രാഷ്ട്രീയ ധാര്‍മികത കാട്ടിയില്ല. തനിക്ക് അവകാശപ്പെട്ട സീറ്റാണ് തിരുവല്ല. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കൂടിയാലോചന ഉണ്ടായില്ല. കേരളാ കോണ്‍ഗ്രസില്‍ നിന്നതു കൊണ്ട് നഷ്ടം മാത്രമേ ഉണ്ടായുള്ളൂ എന്നും വിക്തര്‍ ടി തോമസ് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com