എ ഗ്രൂപ്പിന്റെ സ്ഥാനാര്‍ഥികളെ തീരുമാനിച്ചത് ഉമ്മന്‍ ചാണ്ടിയുടെ മകന്‍: പിസി ചാക്കോ

എ ഗ്രൂപ്പിന്റെ സ്ഥാനാര്‍ഥികളെ തീരുമാനിച്ചത് ഉമ്മന്‍ ചാണ്ടിയുടെ മകന്‍: പിസി ചാക്കോ
പിസി ചാക്കോ/ഫയല്‍
പിസി ചാക്കോ/ഫയല്‍

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പിന്റെ സ്ഥാനാര്‍ഥികളെ തീരുമാനിച്ചത് ഉമ്മന്‍ ചാണ്ടിയുടെ മകനാണെന്ന് കോണ്‍ഗ്രസ് വിട്ട് എന്‍സിപിയില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാവ് പിസി ചാക്കോ. സ്ഥാനാര്‍ഥി പട്ടികയ്ക്ക് എതിരെ പലയിടത്തും ഉണ്ടായിട്ടുള്ള പ്രതിഷേധം താന്‍ നേരത്തെ ഉയര്‍ത്തിയ വിമര്‍ശനം ശരിവയ്ക്കുന്നതാണെന്ന്, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തില്‍ ചാക്കോ പറഞ്ഞു.

''കോണ്‍ഗ്രസിന്റെ പട്ടികയ്ക്ക് എതിരെ വ്യാപകമായ പ്രതിഷേധമുണ്ട്. ഇത് എന്റെ നിലപാടിനെ ശരിവയ്ക്കുന്നതാണ്. ലതികാ സുഭാഷ് തല മൊട്ടയടിച്ചു പ്രതിഷേധിച്ചു. ഗ്രൂപ്പ് അഡ്ജസ്റ്റ്‌മെന്റാണ് പട്ടികയിലുള്ളതെന്ന് കെ സുധാകരന്‍ തുറന്നു പറഞ്ഞു. എ ഗ്രൂപ്പിന്റെ സ്ഥാനാര്‍ഥികളെ തീരുമാനിച്ചത് ഉമ്മന്‍ ചാണ്ടിയുടെ മകനാണ്''- ചാക്കോ പറഞ്ഞു. കേരളത്തില്‍ പാര്‍ട്ടിയുടെ ദുരവസ്ഥയ്ക്കു കാരണം ഉമ്മന്‍ ചാണ്ടിയാണെന്ന് ചാക്കോ വിമര്‍ശിച്ചു. രാജ്യസഭാ സീറ്റുകള്‍ ഘടകകക്ഷികള്‍ക്കു സംഭാവന ചെയ്തപ്പോള്‍ അന്നുതന്നെ പാര്‍്ട്ടി ഫോറങ്ങളില്‍ താന്‍ എതിര്‍പ്പ് അറിയിച്ചിരുന്നെന്ന്, ചോദ്യത്തിനു മറുപടിയായി ചാക്കോ പറഞ്ഞു. 

കോണ്‍ഗ്രസ് സംസ്‌കാരമുള്ള പാര്‍ട്ടിയില്‍ ചേരണം എന്നുള്ളതുകൊണ്ടാണ് എന്‍സിപിയില്‍ എത്തിയതെന്ന് ചാക്കോ പറഞ്ഞു. ബിജെപിയില്‍നിന്ന് വാഗ്ദാനമൊന്നും വന്നിരുന്നില്ല. ബിജെപിയില്‍ ചേരാന്‍ ഉദ്ദേശിച്ചേയിരുന്നില്ലെന്ന് ചാക്കോ വ്യക്തമാക്കി. ഭാവിയില്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തുമോയെന്ന ചോദ്യത്തിന് അത്തരം പ്രവചനങ്ങളൊന്നും നടത്താനാവില്ലെന്നായിരുന്നു ചാക്കോയുടെ മറുപടി.

എന്‍സിപിയില്‍ എത്തിയതോടെ എല്‍ഡിഎഫിന്റെ ഭാഗമായി. മുന്നണിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ പങ്കാളിയാവും. ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. കോണ്‍ഗ്രസ് വിടും മുമ്പു തന്നെ അങ്ങനെയൊരു ഉദ്ദേശം ഉണ്ടായിരുന്നില്ലെന്ന് ചാക്കോ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com