'സുരേഷ് ഗോപിക്കു ബിജെപി ചിഹ്നത്തില്‍ മത്സരിക്കാനാവില്ല'; പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th March 2021 04:38 PM  |  

Last Updated: 19th March 2021 04:38 PM  |   A+A-   |  

suresh gopi

സുരേഷ് ഗോപി ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി എത്തിയപ്പോള്‍/എക്‌സ്പ്രസ്‌

 

തൃശൂര്‍: രാജ്യസഭയിലേക്കു രാഷ്ട്രപതി നോമിനേറ്റ് ചെയ്ത അംഗമായ സുരേഷ് ഗോപിക്കു ബിജെപി ചിഹ്നത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ്. സുരേഷ് ഗോപിക്കെതിരെ നിയമ നടപടി ആലോചിക്കുമെന്ന് കോണ്‍ഗ്രസ് എംപി ടിഎന്‍ പ്രതാപന്‍ പറഞ്ഞു.

സുരേഷ് ഗോപി രാജ്യസഭയിലെ നോമിനേറ്റ് ചെയ്ത അംഗമാണ്. ഓരോ മേഖലയിലും മികവു തെളിയിക്കുന്നവരെയാണ് സഭാംഗങ്ങളായി നാമനിര്‍ദേശം ചെയ്യുന്നത്. അങ്ങനെ നാമനിര്‍ദേശം ചെയ്യപ്പെട്ട ഒരാള്‍ രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് അയോഗ്യതയ്ക്കു കാരണമാവുമെന്നാണ്  നിയമ വിദഗ്ധരുമായുള്ള ആലോചനയില്‍ അറിയാനായതെന്ന് ടിഎന്‍ പ്രതാപന്‍ പറഞ്ഞു. കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷം സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കുന്ന കാര്യം തീരുമാനിക്കുമെന്ന് പ്രതാപന്‍ പറഞ്ഞു.

പശ്ചിമ ബംഗാളില്‍ ബിജെപി സ്ഥാനാര്‍ഥിയായ സ്വപന്‍ ദാസ്ഗുപ്തയ്‌ക്കെതിരെ സമാനമായ ആരോപണം ഉയര്‍ന്നപ്പോള്‍ അദ്ദേഹം രാജ്യസഭാംഗത്വം രാജിവച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് തൃശൂരില്‍ കോണ്‍ഗ്രസിന്റെ നീക്കം. നാമനിര്‍ദേശം ചെയ്യപ്പെട്ട രാജ്യസഭാംഗമായ സ്വപന്‍ദാസ് ഗുപ്ത ബംഗാളിലെ താരകേശ്വരി മണ്ഡലത്തില്‍ ബിജെപിയുടെ സ്ഥാനാര്‍ഥിയാണ്. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗം എതെങ്കിലും രാഷ്ട്രീയ പാര്‍്ട്ടിയില്‍ ചേര്‍ന്നാല്‍ അംഗത്വത്തില്‍ അയോഗ്യത വരുമെന്നാണ് ചട്ടം. ഇതു ചൂണ്ടിക്കാട്ടിയാണ് ദാസ്ഗുപ്തയ്‌ക്കെതിരെ ആക്ഷേപം ഉയര്‍ന്നത്.