ഹനുമാന്‍ സേന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാന്‍ കെ സുധാകരന്‍; ശബരിമല സമരത്തില്‍ സഹായിച്ചെന്ന് ചെയര്‍മാന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th March 2021 03:04 PM  |  

Last Updated: 20th March 2021 03:04 PM  |   A+A-   |  

sudhakaran-hanuman_sena

കെ സുധാകരന്‍, ഹനുമാന്‍ സേന പോസ്റ്റര്‍

 

കോഴിക്കോട്: തീവ്ര ഹിന്ദു സംഘടനയായ ഹനുമാന്‍ സേനയുടെ സംസ്ഥാന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നത് കെ സുധാകരന്‍ എംപി. മാര്‍ച്ച് 26 വെള്ളിയാഴ്ച കോഴിക്കോട് ടൗണ്‍ ഹാളില്‍ വെച്ചു നടക്കുന്ന സംഘടനയുടെ എട്ടാമത് സംസ്ഥാന കണ്‍വെന്‍ഷനിലാണ് സുധാകരന്‍ പങ്കെടുക്കുന്നത്. പരിപാടിയുടെ പോസ്റ്റര്‍ പുറത്തുവന്നു. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി പി മുകുന്ദനും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. 

എംപിയുടെ പൂര്‍ണ സമ്മതപ്രകാരമാണ് പരിപാടി നടത്തുന്നതെന്ന് ഹനുമാന്‍ സേന സംസ്ഥാന ചെയര്‍മാന്‍ എ എം ഭക്തവത്സലന്‍ സമകാലിക മലയാളത്തോട് പ്രതികരിച്ചു.

കെ സുധാകരന്‍ പറഞ്ഞ ഡേറ്റിനാണ് കണ്‍വെന്‍ഷന്‍ വെച്ചതെന്ന് ഭക്തവത്സലന്‍ പറഞ്ഞു. ഇക്കാര്യം സംംസാരിക്കാനായി എംപിയുടെ വീട്ടില്‍പ്പോയി കൂടിക്കാഴ്ച നടത്തിയിരുന്നു എന്നും കൂട്ടിച്ചേര്‍ത്തു. 

ശബരിമല യുവതീപ്രവേശന സമയത്ത് കേസുകളും മറ്റും പരിഹരിക്കാന്‍ സുധാകരന്‍ തങ്ങളെ സഹായിച്ചിരുന്നു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമലയില്‍ യുവതീപ്രവേശനം തടയുമെന്ന് സുധാകരന്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഭക്തവത്സലന്‍ കൂട്ടിച്ചേര്‍ത്തു.