ശാരദ എന്ന പേരിൽ ഫേസ്ബുക്ക് ഐഡി, ഒന്നരമാസത്തെ പരിചയം; യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കിയ ദമ്പതികൾ അറസ്റ്റിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st March 2021 02:42 PM |
Last Updated: 21st March 2021 02:42 PM | A+A A- |

പ്രതീകാത്മക ചിത്രം
ആലപ്പുഴ: ഹണി ട്രാപ്പിലൂടെ യുവാവിൻറെ സ്വർണവും ഫോണും കവർന്ന കേസിലെ പ്രതികൾ പിടിയിൽ. ചെങ്ങന്നൂർ സ്വദേശി രതീഷും ഭാര്യ രാഖിയുമാണ് പിടിയിലായത്. ശാരദ എന്ന പേരിൽ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കിയാണ് ഇവർ തട്ടിപ്പ് നടത്തിയത്.
തുറവൂർ സ്വദേശിയായ വിവേകാണ് തട്ടിപ്പിന് ഇരയായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ഒന്നരമാസമായി ഫേസ്ബുക്കിലൂടെയുള്ള പരിചയം മുതലെടുത്ത് രാഖി വിവേകിനെ ചെങ്ങന്നൂരിലേക്ക് വിളിച്ചുവരുത്തി. അമ്മ ആശുപത്രിയിലാണെന്നും ചെങ്ങന്നൂർ എത്തി സഹായിക്കണമെന്നുമാണ് ഇവർ യുവാവിനോട് പറഞ്ഞത്. ഇതനുസരിച്ച് ചെങ്ങന്നൂരിലെത്തിയ ഇയാളെ ആശുപത്രിയുടെ തൊട്ടടുത്തുള്ള ലോഡ്ജിലേക്ക് വിളിച്ചുവരുത്തി. ബിയർ കുടിക്കാൻ നൽകി.
ബിയർ കുടിച്ച വിവേക് പിറ്റേന്ന് രാവിലെയാണ് ഉണർന്നത്. ഇതിനിടയിൽ വിവേകിന്റെ അഞ്ചര പവന്റെ ആഭരണങ്ങളും മൊബൈലും കവർന്നു. പ്രതികളെ കന്യാകുമാരിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.