കെ എം ഷാജിക്ക് വരവിനെക്കാള്‍ 166% അനധികൃത സ്വത്ത്; കേസെടുക്കാന്‍ തെളിവുണ്ടെന്ന് വിജിലന്‍സ്

അഴീക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എം ഷാജി എംഎല്‍എയ്ക്ക് വരവിനെക്കാള്‍ 166% അനധികൃത സ്വത്തെന്ന് വിജിലന്‍സ്
കെ എം ഷാജി/ഫയല്‍ ചിത്രം
കെ എം ഷാജി/ഫയല്‍ ചിത്രം

കൊച്ചി: അഴീക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എം ഷാജി എംഎല്‍എയ്ക്ക് വരവിനെക്കാള്‍ 166% അനധികൃത സ്വത്തെന്ന് വിജിലന്‍സ്. 2011 മുതല്‍ 2020 വരെയുള്ള കാലയളവിലെ വരുമാനത്തിലാണ് വന്‍ വര്‍ദ്ധനവ്. ഷാജിക്കെതിരായി കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തലുള്ളത്. 

2011 മുതല്‍ 2020 വരെയുള്ള കാലയളവില്‍ 88,57,452 രൂപയാണ് വരുമാനം. 2,03,80,557 കോടി രൂപയുടെ സമ്പാദ്യം ഈ ഘട്ടത്തില്‍ ഉണ്ടായെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. എഎല്‍എയ്‌ക്കെതിരെ പ്രഥമദൃഷ്ട്യാ കേസെടുക്കാന്‍ തെളിവുണ്ടെന്നും കഴിഞ്ഞ ദിവസം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് പറയുന്നു. 

കെ എം ഷാജി അനധികൃത സ്വത്ത് സമ്പാദനത്തിന് തെളിവുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം എന്നാവശ്യപ്പെട്ട് പരാതിക്കാരനായ അഭിഭാഷകന്‍ എം ആര്‍ ഹരീഷ് കോടതിയെ സമീപിച്ചു. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന് പൊതുപ്രവര്‍ത്തകനായ അഡ്വ. എം ആര്‍ ഹരീഷ് നല്‍കിയ പരാതിയില്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് വിജിലന്‍സ് സ്‌പെഷ്യല്‍ യൂണിറ്റ് എസ്പി എസ് ശശീധരന്റെ നേതൃത്വത്തില്‍ പ്രാഥമികാന്വേഷണം നടത്തിയത്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ഷാജി നല്‍കിയ സത്യവാങ്മൂലത്തിലെ വരുമാനവും ആഡംബര വീട് നിര്‍മാണത്തിന് ചെലവഴിച്ച തുകയും തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് ആരോപണം. അനധികൃതമായി നിര്‍മിച്ച ആഡംബര വീടിന് 1.62 കോടി രൂപ വിലമതിക്കുമെന്നാണ് കോര്‍പറേഷന്‍ അധികൃതര്‍ കണ്ടെത്തിയത്. 

നിര്‍മാണ മേഖലയിലെ വിദഗ്ധരുമായി സംസാരിച്ചപ്പോള്‍ നാലുകോടി രൂപയെങ്കിലും വരുമെന്ന് ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയെ സമീപിച്ചതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. കെ എം ഷാജി ഉള്‍പ്പെടെയുള്ളവരെ വിജിലന്‍സ് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com