ഇഡിക്ക് എതിരായ അന്വേഷണത്തില്‍ സ്‌റ്റേ ഇല്ല; ചൊവ്വാഴ്ച വരെ തുടര്‍ നടപടി പാടില്ലെന്ന് ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th March 2021 02:13 PM  |  

Last Updated: 24th March 2021 02:13 PM  |   A+A-   |  

HC declines to stay FIR against ED

കേരള ഹൈക്കോടതി/ഫയല്‍ ചിത്രം

 

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസ് സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. എന്നാല്‍ കേസ് വീണ്ടും പരിഗണിക്കുന്ന ചൊവ്വാഴ്ച വരെ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി പാടില്ലെന്ന് ക്രൈബ്രാഞ്ചിനു കോടതി നിര്‍ദേശം നല്‍കി. 

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ പ്രതി സ്വ്പന സുരേഷിനു മേല്‍ സമ്മര്‍ദം ചെലുത്തി എന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനെതിരെ ഇഡി നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ഇഡിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ചൊവ്വാഴ്ച വരെ തുടര്‍നടപടി പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു.

ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ നിലനില്‍ക്കുന്നതല്ലെന്ന് ഇഡിക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. ഭീഷണിപ്പെടുത്തിയതായി സ്വപ്‌ന സുരേഷ് എവിടെയും പറഞ്ഞിട്ടില്ലെന്ന് തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. ഇഡിക്കെതിരെ മൊഴി നല്‍കിയ പൊലീസ് ഉദ്യോഗസ്ഥകള്‍ സ്വപ്‌നയ്‌ക്കൊപ്പം ഉണ്ടായിരുന്നില്ലെന്നും മേത്ത പറഞ്ഞു.


ഹര്‍ജിക്കൊപ്പം, പ്രതി സ്വപ്‌നാ സുരേഷിന്റെ മൊഴിപ്പകര്‍പ്പ് ഹാജരാക്കിയതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. മൊഴിപ്പകര്‍പ്പു ഹാജരാക്കിയത് എന്തിനെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് ഹൈക്കോടതി ചോദിച്ചു 

രഹസ്യമൊഴിയിലെ വിവരങ്ങളാണ് ഹര്‍ജിക്കൊപ്പം നല്‍കിയിരിക്കുന്നത്. ഇത് ഉചിതമാണോയെന്നു കോടതി ചോദിച്ചു. തെളിവുകള്‍ എന്ന നിലയ്ക്കാണ് മൊഴിയിലെ വിവരങ്ങളും വാട്ട്‌സ്ആപ്പ് ചാറ്റും ഹാജരാക്കിയതെന്ന്, ഇഡിക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. 

മുഖ്യമന്ത്രിക്ക് എതിരെ മൊഴി നല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ സ്വപ്ന സുരേഷിനെ നിര്‍ബന്ധിച്ചെന്ന പൊലീസുകാരുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് െ്രെകംബ്രാഞ്ച് കേസ് എടുത്തത്. 

പ്രതി പറയാത്ത കാര്യങ്ങള്‍ പോലും പറഞ്ഞു എന്ന തരത്തില്‍ ചില പൊലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് മൊഴിയായി നല്‍കിപ്പിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത് എന്നും ഇ ഡി പറയുന്നു.