ഗൗരിയമ്മ തപാല്‍ വോട്ട് ചെയ്തു; ചരിത്രത്തിലാദ്യം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th March 2021 02:38 PM  |  

Last Updated: 29th March 2021 02:38 PM  |   A+A-   |  

kerala election

കെ ആര്‍ ഗൗരിയമ്മ/ ഫയല്‍ ചിത്രം

 

ആലപ്പുഴ: ജെഎസ്എസ് നേതാവ് കെ ആര്‍ ഗൗരിയമ്മ തപാല്‍ വോട്ട് ചെയ്തു. ചരിത്രത്തിലാദ്യമായാണ് ഗൗരിയമ്മ തപാല്‍ വോട്ട് ചെയ്യുന്നത്. 
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ അനാരോഗ്യം കാരണം ഗൗരിയമ്മയ്ക്ക് വോട്ട് ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഇത്തവണ തെരഞ്ഞെടുപ്പിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് ഗൗരിയമ്മ.

തദ്ദേശ തെരഞ്ഞെടുപ്പിനു മുന്‍പ് വീട്ടില്‍ വീണു പരുക്കേറ്റ ഗൗരിയമ്മ അന്ന്‌ തപാല്‍ വോട്ടിന് അപേക്ഷിച്ചിരുന്നെങ്കിലും ചട്ടമനുസരിച്ച് അപേക്ഷ അംഗീകരിക്കാനാകില്ലെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ഇത്തവണ 80 വയസ്സിനു മേല്‍ പ്രായമുള്ളവര്‍ക്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കുമെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് ഗൗരിയമ്മ തപാല്‍ വോട്ടിന് അപേക്ഷിച്ചത്.

ഇന്നു രാവിലെ 11.30 ന് ആലപ്പുഴ ചാത്തനാട് കളത്തിപ്പറമ്പില്‍ വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ ഗൗരിയമ്മയ്ക്ക് രേഖകള്‍ കൈമാറി. തുടര്‍ന്ന് വോട്ടു ചെയ്തു തിരികെ വാങ്ങി. 1948 ല്‍ തിരുവിതാംകൂര്‍ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പു മുതല്‍ വോട്ടു ചെയ്യുന്ന ഗൗരിയമ്മ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പു വരെ എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ടു ചെയ്തിട്ടുണ്ട്.