ആ പരാമര്‍ശത്തോടു യോജിപ്പില്ല; ജോയ്‌സ് ജോര്‍ജിനെ തള്ളി സിപിഎം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th March 2021 12:21 PM  |  

Last Updated: 30th March 2021 12:21 PM  |   A+A-   |  

joyce

ജോയ്‌സ് ജോര്‍ജ് /ഫയല്‍

 

തിരുവനന്തപുരം: ഇടുക്കിയിലെ മുന്‍ എംപി ജോയ്‌സ് ജോര്‍ജ് രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളോടു യോജിക്കുന്നില്ലെന്ന് സിപിഎം. രാഹുല്‍ഗാന്ധിയുടേയും കോണ്‍ഗ്രസ്സിന്റേയും രാഷ്ട്രീയ നിലപാടുകളെയാണ് സിപിഎം എതിര്‍ക്കുന്നതെന്ന് പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു. രാഷ്ട്രീയ വിമര്‍ശനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ മാത്രമേ വ്യക്തിപരമായ ഇത്തരം പരാമര്‍ശങ്ങള്‍ സഹായിക്കുകയുള്ളു. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ആരുടെ ഭാഗത്തു നിന്നും ഉണ്ടാകാന്‍ പാടില്ലെന്ന് സിപിഎം പറഞ്ഞു.

ഇടുക്കി ഇരട്ടയാറില്‍ നടന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു വിവാദ പരാമര്‍ശം.രാഹുല്‍ വിദ്യാര്‍ത്ഥിനികളുമായി സംവദിക്കുന്നതിനെക്കുറിച്ചാണ് മുന്‍ എംപി മോശം പരാമര്‍ശം നടത്തിയത്.

'പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന കോളജിലേ രാഹുല്‍ ഗാന്ധി പോകുകയുള്ളു. അവിടെ എത്തിയാല്‍ പെണ്‍കുട്ടികളെ വളഞ്ഞു നില്‍ക്കാനും നിവര്‍ന്ന് നില്‍ക്കാനുമൊക്കെ അദ്ദേഹം പഠിപ്പിക്കും. എന്റെ പൊന്നു മക്കളേ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ വളഞ്ഞു നില്‍ക്കാനും കുനിഞ്ഞു നില്‍ക്കാനുമൊന്നും പോയേക്കരുത്. അങ്ങേര് പെണ്ണൊന്നും കെട്ടിയിട്ടില്ല. ഇങ്ങനത്തെ പരിപാടിയുമായിട്ടാണ് പുള്ളി നടക്കുന്നത്' എന്നായിരുന്നു ജോയ്‌സ് ജോര്‍ജിന്റെ പരാമര്‍ശം. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ജോയ്‌സിനെ തള്ളിപ്പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ട്ടിയുടെ വാര്‍ത്താക്കുറിപ്പ്.

രാഹുല്‍ ഗാന്ധിക്ക് എതിരെ നടത്തിയ പരാമര്‍ശത്തില്‍ ജോയ്‌സ് ജോര്‍ജ് മാപ്പു പറഞ്ഞു. പരാമര്‍ശം അനുചിതം ആയിരുന്നെന്നും പ്രസ്താവന പരസ്യമായി പിന്‍വലിച്ച് മാപ്പ് പറയുന്നുവെന്നും ജോയിസ് ജോര്‍ജ് പ്രതികരിച്ചു.