നാലര വയസുകാരിയുടെ തൂക്കം പത്ത് കിലോ മാത്രം, നാളുകളായി പട്ടിണിയിൽ; പൊട്ടിയ കുടൽ ഭാഗം തുന്നിച്ചേർത്തു

കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളിൽ പരുക്കുണ്ട്. കുഞ്ഞിന്റെ കുടലും മലാശയവും ചേരുന്ന ഭാഗത്ത് പൊട്ടിയിട്ടുണ്ട്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം; ക്രൂരമായി പീഡിപ്പിക്കപ്പെട്ട ലക്ഷണങ്ങളോടെ കോട്ടയം മെഡിക്കൽ കോളജിൽ കഴിയുന്ന കുഞ്ഞ് നാളുകളായി പട്ടിണിയിലായിരുന്നെന്ന് സൂചന. നാലര വയസുകാരിയായ കുട്ടിക്ക് പത്ത് കിലോ മാത്രമാണ് തൂക്കം. ഏതാനും നാളായി പട്ടിണിയിലാണെന്നാണ് ഡോക്ടർമാർ വിലയിരുത്തൽ. ഇതു ശരാശരിയിലും കുറവാണ്. 

കഴിഞ്ഞ ദിവസമാണ് ​ഗുരുതരമായി പരുക്കേറ്റ നിലയിൽ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളിൽ പരുക്കുണ്ട്. കുഞ്ഞിന്റെ കുടലും മലാശയവും ചേരുന്ന ഭാഗത്ത് പൊട്ടിയിട്ടുണ്ട്. പീഡനം മൂലമാകാം ഈ ഭാഗത്ത് പരുക്കേറ്റതെന്നാണ് ഡോക്ടർമാരുടെ നിഗമനം. ശരീരത്തിൽ പല സ്ഥലങ്ങളിലും പരുക്കുണ്ട്. തുടയെല്ല് പൊട്ടിയ നിലയിലാണ്. ശുചിമുറിയിൽ വീണു പൊട്ടിയതെന്നാണ് മാതാപിതാക്കളുടെ മറുപടി. 

കുഞ്ഞിന്റെ പൊട്ടിയ കുടൽ ഭാഗം കൊളോസ്റ്റമി ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്തു. മുറിവുണങ്ങുന്നതിനും പനി നിയന്ത്രിക്കുന്നതിനുമുള്ള ചികിത്സയാണു നൽകുന്നത്. മൂവാറ്റുപുഴ പെരുമറ്റത്ത് വാടകയ്ക്കു താമസിക്കുന്ന അസം സ്വദേശിയുടെ ആദ്യ ഭാര്യയിലുള്ള കുട്ടിക്കാണു പരുക്കേറ്റത്. എങ്ങനെയാണ് പരുക്കെന്നു സ്ഥിരീകരിച്ചിട്ടില്ല. പനിയും ഛർദിയും മൂലമാണ് കുഞ്ഞിനെ കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സിടി സ്കാൻ പരിശോധനയിലാണ് ആന്തരികാവയവങ്ങളിലെ മുറിവു കണ്ടത്. 

കുഞ്ഞിനു കടുത്ത വയറുവേദനയുണ്ടായി വയറ്റിൽ നിന്നു രക്തം പോയതോടെ സന്നദ്ധസംഘടനയാണു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  അസം സ്വദേശിയുടെ മൂന്നര വയസ്സുള്ള രണ്ടാമത്തെ കുട്ടിക്കും വയറു വേദനയും അസ്വസ്ഥതകളും ഉണ്ട്. ഈ കുട്ടിയെയും പരിശോധനയ്ക്കു വിധേയമാക്കി. നാലര വയസ്സുകാരിക്കും അനുജത്തിക്കും  വയറു വേദന അനുഭവപ്പെടാറുണ്ടായിരുന്നു എന്നാണു പിതാവിന്റെ മൊഴി. ആന്തരികാവയവങ്ങളിൽ അണുബാധയും പഴുപ്പും ഉണ്ടായതു കൊണ്ടാകാം ഇതെന്നാണു പൊലീസ് പറയുന്നത്. വീഴ്ചയിലെ ആഘാതം മൂലവും ആന്തരികാവയവങ്ങളിൽ ക്ഷതമുണ്ടായി അണുബാധ ഉണ്ടാകാം. പ്രകൃതിവിരുദ്ധ പീഡനമാണോ എന്നു ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com