അരുവിക്കരയില്‍ അട്ടിമറി; ശബരിയെ വീഴ്ത്തി സ്റ്റീഫന്‍

അരുവിക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജി സ്റ്റീഫന്‍ ജയിച്ചു
അരുവിക്കരയില്‍ അട്ടിമറി; ശബരിയെ വീഴ്ത്തി സ്റ്റീഫന്‍

തിരുവനന്തപുരം: അരുവിക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജി സ്റ്റീഫന്‍ ജയിച്ചു. സിറ്റിങ് എംല്‍എയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ എസ് ശബരീനാഥിനേക്കാള്‍ അയ്യായിരത്തോളം വോട്ടുകളുടെ ലീഡാണ് സ്റ്റീഫനുള്ളത്.

തെക്കന്‍ കേരളത്തിലെ യുഡിഎഫിന്റെ ഉരുക്കു കോട്ടകളിലൊന്നാണ് അരുവിക്കര. ഇതാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. 1991മുതല്‍ 2015ല്‍ മരിക്കുന്നതുവരെ ജി കാര്‍ത്തികേയനാണ് അരുവിക്കരയെ പ്രതിനിധാനം ചെയ്തത്.  അച്ഛന്റെ മരണത്തിന് പിന്നാലെ മകന്റെ അരങ്ങേറ്റം. 56,448 വോട്ട് നേടി ശബരീനാഥന്‍ വിജയിച്ചു. സിപിഎമ്മിന്റെ എം വിജയകുമാര്‍ ആയിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. 46,320വോട്ടാണ് വിജയകുമാര്‍ നേടിയത്. 

2016ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ എല്‍ഡിഎഫ് തേരോട്ടം നടന്നപ്പോള്‍ അരുവിക്കര കുലുങ്ങാതെ നിന്നു. 9.30തമാനം വോട്ട് ഉയര്‍ത്തിയ കെ എസ് ശബരീനാഥന്‍ നേടിയത് 70,910വോട്ട്. 2011ലെ തെരഞ്ഞെടുപ്പില്‍ ജി കാര്‍ത്തികേയന്‍ നേടിയ56,797വോട്ടിനെക്കാള്‍ 14,113വോട്ട് കൂടുതല്‍. സിപിഎമ്മിന്റെ എ എ റഷീദ് നേടിയത് 49,596വോട്ട്. 

കാട്ടാക്കട ഏരിയ സെക്രട്ടറിയാണ് ജി സ്റ്റീഫന്‍. ചെറുപ്പകാലത്ത് തന്നെ അനാഥനായ സ്റ്റീഫനെ വളര്‍ത്തി വലുതാക്കിയത് സിപിഎമ്മാണ്. പാര്‍ട്ടി ഓഫീസ് വീടാക്കിയ സ്റ്റീഫന്‍, ജനങ്ങള്‍ക്കിടയില്‍ വേരുള്ളവന്‍. എസ്എഫ്‌ഐയിലൂടെ സംഘടനാരംഗത്തെത്തിയ സ്റ്റീഫന്‍, 2005ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കോട്ടയായ കിള്ളി കുരിശടി വാര്‍ഡ് പിടിച്ചെടുത്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് രംഗത്തു വരവറിയിച്ചത്.

അട്ടിമറി വിജയം നേടിയതിന് പിന്നാലെ കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സിപിഎം സ്റ്റീഫനെ ഏല്‍പ്പിച്ചു. കാട്ടാക്കടയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ്. 2010ലും പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതിനുശേഷം തുടര്‍ച്ചയായി ആറുതവണ കാട്ടാക്കട പഞ്ചായത്ത് എല്‍ഡിഎഫ് നിലനിര്‍ത്തി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com