'രണ്ടു ദിവസത്തിനകം സ്ഥാനമൊഴിയുക'; മുല്ലപ്പള്ളിക്ക് ഹൈക്കമാന്‍ഡ് നിര്‍ദേശം, കോണ്‍ഗ്രസില്‍ അഴിച്ചുപണി

പാര്‍ട്ടിയുടെ തോല്‍വിക്കു പിന്നാലെ പുറത്താക്കി എന്ന പേരുദോഷം ഒഴിവാക്കാന്‍ സ്വയം ഒഴിയുക എന്ന നിര്‍ദേശമാണ് ഹൈക്കമാന്‍ഡ് മുന്നോട്ടുവച്ചിരിക്കുന്നതെന്ന് എഐസിസി വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടു
മുല്ലപ്പള്ളി രാമചന്ദ്രൻ/ ഫയല്‍ ചിത്രം
മുല്ലപ്പള്ളി രാമചന്ദ്രൻ/ ഫയല്‍ ചിത്രം



തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ സ്ഥാനമൊഴിയുകയെന്ന വ്യക്തമായ സന്ദേശം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കൈമാറിയതായി സൂചന. പാര്‍ട്ടിയുടെ തോല്‍വിക്കു പിന്നാലെ പുറത്താക്കി എന്ന പേരുദോഷം ഒഴിവാക്കാന്‍ സ്വയം ഒഴിയുക എന്ന നിര്‍ദേശമാണ് ഹൈക്കമാന്‍ഡ് മുന്നോട്ടുവച്ചിരിക്കുന്നതെന്ന് എഐസിസി വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിയമസഭാ തെരഞ്ഞെടുപ്പു ഫലം അപ്രതീക്ഷിതമാണെന്നാണ്, ഞായറാഴ്ച വൈകിട്ട് മുല്ലപ്പള്ളി പ്രതികരിച്ചത്. വിശദമായ പ്രതികരണം പിന്നീട് നല്‍കുമെന്ന് അറിയിച്ച അദ്ദേഹം അതിനു ശേഷം മാധ്യമങ്ങളെ കണ്ടിട്ടില്ല. സ്ഥാനമൊയുന്നതു സംബന്ധിച്ച സൂചനയൊന്നും മുല്ലപ്പള്ളി നല്‍കിയിട്ടില്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. 

രണ്ടു ദിവസത്തിനകം സ്ഥാനമൊഴിയുകയെന്ന നിര്‍ദേശമാണ് ഹൈക്കമാന്‍ഡ് മുന്നോട്ടുവച്ചിട്ടുള്ളത് എന്നാണ് അറിയുന്നത്. അതിനകം രാജി സമര്‍പ്പിക്കുന്നില്ലെങ്കില്‍ ഹൈക്കമാന്‍ഡിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാവും. മുല്ലപ്പള്ളിയെപ്പോലെ ഒരു സീനിയര്‍ നേതാവിനെ പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കം ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണ് ഹൈക്കമാന്‍ഡ് ശ്രമിക്കുന്നത്. 

അസമില്‍ പാര്‍ട്ടിയുടെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ പിസിസി അധ്യക്ഷന്‍ റിപുന്‍ ബോറ രാജിവച്ചിരുന്നു. അതിനേക്കാള്‍ തിരിച്ചടി നേരിട്ട കേരളത്തില്‍ മുല്ലപ്പള്ളി ആ മാതൃക സ്വീകരിക്കുമെന്നാണ് ഹൈക്കമാന്‍ഡ് പ്രതീക്ഷിച്ചത്. മുല്ലപ്പള്ളിയുടെ ഭാഗത്തുനിന്ന് നീക്കമൊന്നും ഇല്ലാത്തതില്‍ ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ട്. 

അതിനിടെ വെള്ളിയാഴ്ച ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ മുല്ലപ്പള്ളി രാജി പ്രഖ്യാപിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. മുപ്പള്ളിയുടെ പിന്‍ഗാമിയാരെന്ന ചര്‍ച്ചകളും പാര്‍ട്ടിയില്‍ സജീവമാണ്. കെ സുധാകരന്റെ പേര് ഇതിനകം തന്നെ നേതാക്കള്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com