ഇടതു തരംഗത്തിലും നാലു മണ്ഡലങ്ങളില്‍ ഞെട്ടിക്കുന്ന തോല്‍വി; സിപിഎം അന്വേഷണത്തിന് 

ഇടതു തരംഗത്തിലും നാലു മണ്ഡലങ്ങളില്‍ ഞെട്ടിക്കുന്ന തോല്‍വി; സിപിഎം അന്വേഷണത്തിന് 
പിണറായി വിജയന്‍ / ഫെയ്‌സ് ബുക്ക്‌
പിണറായി വിജയന്‍ / ഫെയ്‌സ് ബുക്ക്‌

തിരുവനന്തപുരം: സംസ്ഥാനത്താകെ വീശിയ ഇടതു തരംഗത്തിലും നാലു മണ്ഡലങ്ങളിലെ അപ്രതീക്ഷിത തോല്‍വിയെക്കുറിച്ച് പരിശോധിക്കാന്‍ സമിതിയെ വയ്ക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ നിര്‍ദേശം. കുണ്ടറ, തൃപ്പൂണിത്തുറ, ചാലക്കുടി, കല്‍പ്പറ്റ മണ്ഡലങ്ങളിലെ തോല്‍വിയെക്കുറിച്ചു പഠിക്കാനാണ് സമിതിയെ നിയോഗിക്കുന്നത്. 18ന് ചേരുന്ന സംസ്ഥാന സമിതി യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

ഇടതു തരംഗത്തിനിടയിലും ഈ നാലു മണ്ഡലങ്ങളിലെയും തോല്‍വി ഞെട്ടലുണ്ടാക്കുന്നതാണെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. വോട്ടെടുപ്പിനു മുമ്പും ശേഷവും ഉറപ്പായ മണ്ഡലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നവ ആണിത്. കുണ്ടറയില്‍ മന്ത്രി മെഴ്‌സിക്കുട്ടിയമ്മയും തൃപ്പൂണിത്തുറയില്‍ എം സ്വരാജും ചാലക്കുടിയിലും കേരള കോണ്‍ഗ്രസ് എമ്മിലെ ഡെന്നിസ് ആന്റണിയും കല്‍പ്പറ്റയില്‍ എല്‍ജെഡി നേതാവ് എംവി ശ്രേയാംസ്‌കുമാറുമാണ് പരാജയപ്പെട്ടത്.

പിണറായി സര്‍ക്കാരില്‍ വീണ്ടും ജനവിധി തേടിയതില്‍ തോറ്റ ഏക മന്ത്രിയാണ് മെഴ്‌സിക്കുട്ടിയമ്മ. കഴിഞ്ഞ തവണ മുപ്പതിനായിരത്തിലേറെ വോട്ടിനു ജയിച്ച ഇവിടെ മെഴ്‌സിക്കുട്ടിയമ്മയുടെ പരാജയം പാര്‍ട്ടി കേന്ദ്രങ്ങളില്‍ അമ്പരപ്പാണുണ്ടാക്കിയത്. അവസാന നിമിഷം സ്ഥാനാര്‍ഥിയായെത്തിയ കോണ്‍ഗ്രസിലെ പിസി വിഷ്ണുനാഥാണ് അയ്യായിരത്തോളം വോട്ടിന് മെഴ്‌സിക്കുട്ടിയമ്മയെ പരാജയപ്പെടുത്തിയത്. 

കുണ്ടറയില്‍ കോണ്‍ഗ്രസ് ബിജെപി വോട്ടുകച്ചവടമെന്ന ആരോപണത്തില്‍ തെരഞ്ഞെടുപ്പു ഫലത്തെ ഒതുക്കാനാവില്ലെന്നാണ് സിപിഎം തന്നെ കരുതുന്നത്. മണ്ഡലത്തില്‍ എന്‍ഡിഎയ്ക്ക് ഇത്തവണ 14,000 വോട്ടിന്റെ കുറവുണ്ടായിട്ടുണ്ട്. എങ്കില്‍പ്പോലും കഴിഞ്ഞ തവണ മുപ്പതിനായിരം വോട്ടിനു ജിയിച്ച മണ്ഡലത്തില്‍ ജയിക്കാനാവേണ്ടതാണെ്ന്ന് പാര്‍ട്ടി വിലയിരുത്തുന്നു. മെഴ്‌സിക്കുട്ടിയമ്മയ്ക്ക് കഴിഞ്ഞ തവണത്തേക്കാള്‍ 7500 വോട്ട് കുറഞ്ഞതാണ് സിപിഎമ്മിനെ അലോസരപ്പെടുത്തുന്നത്. ഇക്കാര്യം പരിശോധിക്കണമെന്ന ആവശ്യമാണ് സെക്രട്ടേറിയറ്റ് യോഗത്തില്‍ ഉയര്‍ന്നത്.

തൃപ്പൂണിത്തുറയില്‍ ബിജെപി വോട്ടുകള്‍ ചോര്‍ന്നതായി സ്ഥാനാര്‍ഥി കെഎസ് രാധാകൃഷ്്ണന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഇതു മുന്‍കൂട്ടി കണ്ടായിരുന്നു സിപിഎമ്മിന്റെ പ്രചാരണം. എന്നിട്ടും ആയിരത്തില്‍ താഴെ വോട്ടിനു സ്വരാജ് തോല്‍ക്കാനുണ്ടായ കാരണം പാര്‍ട്ടി പരിശോധിക്കും. ചാലക്കുടിയില്‍ കഴിഞ്ഞ തവണ ബിഡി ദേവസി 26000 വോട്ടിനു ജയിച്ച മണ്ഡലമാണ്, കോണ്‍ഗ്രസിലെ യുവ സ്ഥാനാര്‍ഥി സനീഷ്‌കുമാര്‍ ജോസ് പിടിച്ചെടുത്തത്. കേരള കോണ്‍ഗ്രസിനു ലഭിച്ച ഈ സീറ്റില്‍ സിപിഎം വോട്ടുകള്‍ പൂര്‍ണമായും ലഭിച്ചില്ലെന്ന പരാതി അവര്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. 

കല്‍പ്പറ്റയില്‍ കഴിഞ്ഞ തവണ പിപി ശശീന്ദ്രന്‍ പതിമൂവായിരം വോട്ടിനു ജയിച്ച സീറ്റാണ് ഇക്കുറി ശ്രേയാംസ്‌കുമാര്‍ 6500 വോട്ടിനു തോറ്റത്. പ്രമുഖ ഘടകകക്ഷി നേതാവായ ശ്രേയാംസിന്റെ തോല്‍വി പാര്‍ട്ടി ഗൗരവത്തോടെയാണ് കാണുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com