'തന്റെ ആരെങ്കിലും ചത്തോ?; ഇനി മേലില്‍ ഇങ്ങോട്ട് വിളിച്ചാല്‍ വിവരമറിയും'; എഎസ്‌ഐയെ ശകാരിച്ച് വനിതാ മജിസ്‌ട്രേട്ട്

നിങ്ങളുടെ ആരെങ്കിലും ചത്തോ ഇങ്ങനെ കിടന്നു വിളിക്കാന്‍..?
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കാണാതായ ആളെ കണ്ടെത്തിയതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കാന്‍ മുന്‍കൂര്‍ അനുമതി തേടിയ എഎസ്‌ഐയ്ക്ക് വനിതാ മജിസ്‌ട്രേറ്റിന്റെ ശകാരവര്‍ഷം. ജില്ലയിലെ ഒരു മജിസ്‌ട്രേട്ടിനെയാണ് അതിര്‍ത്തി മേഖലയിലെ എഎസ്‌ഐ ഫോണില്‍ വിളിച്ചത്. എഎസ്‌ഐയെ മജിസ്‌ട്രേട്ട് ശകാരിക്കുന്ന വോയ്‌സ് ക്ലിപ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

ഇരു കാലുകളും തകര്‍ന്നു മുച്ചക്ര വാഹനത്തില്‍ ലോട്ടറി വില്‍ക്കുന്നയാളെ ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായിരുന്നു. കാണാതാകുന്നവരെ കണ്ടെത്തിയാല്‍ വൈദ്യപരിശോധനയും മറ്റും പൂര്‍ത്തിയാക്കിയ ശേഷം മജിസ്‌ട്രേട്ടിനു മുന്‍പാകെ ഹാജരാക്കണമെന്നാണു നിയമം. ഈ സാഹചര്യത്തിലാണ് കണ്ടെത്തിയ ലോട്ടറിക്കാരനെ ഹാജരാക്കാന്‍ എഎസ്‌ഐ മജിസ്‌ട്രേട്ടിനെ വിളിച്ചത്. ഈ സംഭാഷണമാണ് പുറത്തുവന്നത്. 

സ്‌റ്റേഷനിലെ പൊലീസുകാരനാണ് എന്നു വിനയപൂര്‍വം അറിയിച്ചു കൊണ്ടാണ് എഎസ്‌ഐയുടെ ഫോണ്‍ സംഭാഷണം തുടങ്ങുന്നത്. ''ഒരു കോള്‍ വിളിച്ചു കൊണ്ടിരിക്കുമ്പോള്‍.. നിങ്ങളുടെ ആരെങ്കിലും ചത്തോ ഇങ്ങനെ കിടന്നു വിളിക്കാന്‍..? ഇവിടെ ഒരു കോള്‍ വിളിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇടയ്ക്കു നൂറു തവണ വിളിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് ഉറക്കം വരത്തില്ലേ- ഇതായിരുന്നു മജിസ്‌ട്രേട്ടിന്റെ മറുപടി.

കാണാതായ ആള്‍ തിരിച്ചെത്തിയെന്നും ഇക്കാര്യം അറിയിക്കാനാണെന്നും എഎസ്‌ഐ പറഞ്ഞപ്പോള്‍, ''ഇറങ്ങിപ്പോയപ്പോള്‍ അവന് ഒരു കുഴപ്പവുമുണ്ടായിരുന്നില്ലല്ലോ. അവന്‍ കുറച്ചു നേരം അവിടെ വെയ്റ്റ് ചെയ്യട്ടെ. എനിക്കു തോന്നുമ്പോഴേ ഞാന്‍ വന്ന് എടുക്കുന്നുള്ളൂ. എന്തു പെരുമാറ്റമാണ് ഇത്. മനുഷ്യന് ഒരാളെ ഫോണ്‍ ചെയ്യാന്‍ പറ്റത്തില്ലല്ലോ..'' എന്നായിരുന്നു മജിസ്‌ട്രേട്ടിന്റെ രൂക്ഷമായ പ്രതികരണം.

''എനിക്കു ഫ്രീയാകുമ്പം വിളിക്കും. ഇനി മേലാല്‍ ഇങ്ങോട്ടു വിളിച്ചാല്‍ വിവരമറിയു''മെന്ന് എഎസ്‌ഐയെ ശകാരിക്കുകയും ചെയ്തു. തുടര്‍ന്നു എഎസ്‌ഐ ക്ഷമ ചോദിച്ച് ഫോണ്‍ വയ്ക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com