സാധനങ്ങൾ വാങ്ങാനും പുറത്തിറങ്ങരുത്; തൃശൂരിൽ കടുത്ത നിയന്ത്രണം

സാധനങ്ങൾ വാങ്ങാനും പുറത്തിറങ്ങരുത്; തൃശൂരിൽ കടുത്ത നിയന്ത്രണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂർ: ഇന്ന് അർധ രാത്രി മുതൽ ട്രിപ്പിള്‍ ലോക്ക്ഡൗൺ നിലവിൽ വരുന്ന സാഹചര്യത്തിൽ‍ ജില്ലയിൽ കടുത്ത നിയന്ത്രണങ്ങള്‍. മരണം, ചികിത്സ എന്നീ അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമാണ് പുറത്തിറങ്ങാന്‍ അനുമതി. പലവ്യഞ്ജനക്കട, ബേക്കറി എന്നിവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ മാത്രമേ തുറക്കാവൂ. പഴം, പച്ചക്കറിക്കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും. 

കടകളുടെ പ്രവര്‍ത്തനം രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ മാത്രം. സാധനങ്ങളുടെ വിതരണം വാര്‍ഡുതല സമിതികള്‍ വഴിയും ഹോം ഡെലിവറിയായും മാത്രമാക്കി ചുരുക്കി. അതായത് വീട്ടുസാധനങ്ങള്‍ വാങ്ങാനും പുറത്തിറങ്ങാന്‍ പറ്റില്ല. ഹോം ഡെലിവറി മാത്രമാണ് ഇവിടെയും പരിഹാരം. അനുവദനീയമായ സ്ഥാപനങ്ങളിൽതന്നെ ഒരേ സമയം മൂന്ന് ഉപഭോക്താക്കളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്നും നിർദേശത്തിൽ പറയുന്നു.

പാൽ, പത്രം വിതരണം എല്ലാ ദിവസവും നടത്താം. മത്സ്യം, മാംസം, കോഴിക്കടകൾ, കോൾഡ് സ്റ്റോറേജ് എന്നിവ ശനിയാഴ്ച മാത്രം രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് ഒന്നു വരെ. ഹോട്ടലുകൾ രാവിലെ എ‌ച്ച് മുതൽ വൈകീട്ട് 7 വരെ ഹോം ഡെലിവറിക്കായി തുറക്കാം. 

റേഷൻകട, പൊതുവിതരണ കേന്ദ്രം, സഹകരണ സംഘം സ്റ്റോറുകൾ, പാൽ സൊസൈറ്റികൾ എന്നിവ രാവിലെ എ‌ട്ട് മുതൽ വൈകീട്ട് അഞ്ച് വരെ. മുകളിൽ പറഞ്ഞ എല്ലാ സംവിധാനങ്ങളിലും ഹോം ഡെലിവറി, ആർആർടി മുഖാന്തിരമുള്ള ഡെലിവറി എന്നിവ മാത്രമേ അനുവദിക്കൂ.

ബാങ്കുകൾ ചൊവ്വ, വെള്ളി ദിവസങ്ങളിൽ മാത്രം. സഹകരണ ബാങ്കുകൾ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ  രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ തുറക്കാം. മെഡിക്കൽ സ്റ്റോറുകൾ, ആശുപത്രികൾ പ്രവർത്തിക്കാം. ദന്തൽ സ്ഥാപനങ്ങൾ അനുവദിക്കില്ല.

വിവാഹങ്ങൾ അനുവദനീയമല്ല. അടിയന്തരമായി നടത്തേണ്ടവ മാത്രം 20 പേരെ ഉൾക്കൊള്ളിച്ച് ചടങ്ങുകൾ മാത്രമായി നടത്താം. വഴിയോരക്കച്ചവടം, വീടുകളിൽ കയറിയുള്ള കച്ചവടം അനുവദനീയമല്ല. നിർമാണ പ്രവർത്തനങ്ങൾ അനുവദനീയമല്ല. അതേസമയം പൊതു നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതിയുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com