ട്രിപ്പിൾ ലോക്ഡൗൺ തുടങ്ങി; ജില്ലാ അതിർത്തികൾ അടച്ചു, നിയന്ത്രണങ്ങൾ ലംഘിച്ചാൽ കർശന നടപടി 

ജില്ലയിലേക്ക്‌ പ്രവേശിക്കുന്നതിനും പുറത്തേക്കുപോകുന്നതിനും നിയന്ത്രണമുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ ആരംഭിച്ചു. ഇവിടങ്ങളിൽ പാൽ, പത്രവിതരണം രാവിലെ എട്ടിനുമുമ്പ്‌ പൂർത്തിയാക്കണം. ഹോട്ടലുകൾക്കും റെസ്റ്റാറന്റുകൾക്കും രാവിലെ ഏഴുമുതൽ തുറക്കാം. വൈകീട്ട് 7.30 വരെ ഹോം ഡെലിവറിക്കു മാത്രമായാണ് അനുമതിയുള്ളത്.  ടേക്ക് എവേ/പാഴ്‌സൽ സർവീസ് അനുവദിക്കില്ല. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരേ കർശനനടപടിയുണ്ടാകും.

അവശ്യവസ്തുക്കൾ അടുത്തുള്ള കടയിൽനിന്ന്‌ വാങ്ങണം. ഭക്ഷ്യവസ്തുക്കൾ, പലചരക്ക്, പഴം, പച്ചക്കറി, പാൽ, മാംസം, മത്സ്യം, കാലിത്തീറ്റ, വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവ വിൽക്കുന്ന കടകൾ, ബേക്കറികൾ എന്നിവ തിങ്കൾ മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ടുവരെ പ്രവർത്തിക്കാം. റേഷൻകടകൾ, മാവേലി സ്റ്റോറുകൾ, സപ്ലൈകോ, പാൽ ബൂത്തുകൾ തുടങ്ങിയവ അഞ്ചു മണിവരെ തുറക്കും. 

മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ, എ.ടി.എമ്മുകൾ, ജീവൻരക്ഷാ ഉപകരണങ്ങൾ വിൽക്കുന്ന കടകൾ, ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവ എല്ലാ ദിവസവും പ്രവർത്തിക്കും. ബാങ്കുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പത്തുമുതൽ ഒന്നുവരെ പ്രവർത്തിക്കാം. സഹകരണ ബാങ്കുകളുടെ പ്രവർത്തനം തിങ്കൾ, വ്യാഴം ദിവസങ്ങളിലായിരിക്കും. 

ട്രിപ്പിൾ ലോക്‌ഡൗണുള്ള ജില്ലകളുടെ അതിർത്തികൾ അടച്ചാണ് നിയന്ത്രണം. ജില്ലയിലേക്ക്‌ പ്രവേശിക്കുന്നതിനും പുറത്തേക്കുപോകുന്നതിനും നിയന്ത്രണമുണ്ട്.  വീട്ടുജോലിക്കാർ, ഹോംനഴ്‌സ് തുടങ്ങിയവർക്കും ഇലക്ട്രോണിക്, പ്ലമ്പിങ് ജോലികൾ ചെയ്യുന്ന ടെക്‌നീഷ്യന്മാർക്കും ഓൺലൈൻ പാസ് നിർബന്ധമാണ്. ജില്ലയിലേക്കുപ്രവേശിക്കാനും വിട്ടുപോകാനും മാധ്യമപ്രവർത്തകർക്ക്‌ പൊലീസിന്റെ പ്രത്യേക പാസ് വേണം. http://pass.bsafe.kerala.gov.inഎന്ന വെബ്‌സൈറ്റ് വഴിയാണ് പാസിനായി അപേക്ഷിക്കേണ്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com