ടീം പിണറായി ആരൊക്കെ? തീരുമാനം ഉച്ചയ്ക്കു മുമ്പ് 

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം ഇടതു മുന്നണി മന്ത്രിസഭയില്‍ ആരൊക്കെയുണ്ടാവും എന്നതില്‍ ഇന്ന് വ്യക്തത വരും
പിണറായി വിജയന്‍/ഫയല്‍
പിണറായി വിജയന്‍/ഫയല്‍

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം ഇടതു മുന്നണി മന്ത്രിസഭയില്‍ ആരൊക്കെയുണ്ടാവും എന്നതില്‍ ഇന്ന് വ്യക്തത വരും. മന്ത്രിസഭാംഗങ്ങളെ തീരുമാനിക്കുന്നതിനുള്ള സിപിഎം, സിപിഐ നേതൃയോഗങ്ങള്‍ ഇന്നു രാവിലെ ചേരും.

സിപിഎമ്മിന്റെ പന്ത്രണ്ടു മന്ത്രിമാരില്‍ എട്ടു പേരെങ്കിലും പുതുമുഖങ്ങള്‍ ആയിരിക്കും എന്നാണ് സൂചനകള്‍. പിണറായി വിജയനും കെകെ ശൈലജയ്ക്കും പുറമേ കഴിഞ്ഞ മന്ത്രിസഭയിലെ ആരും ഇക്കുറി ഉണ്ടാവാനിടയില്ല. യുവാക്കള്‍ക്കു കൂടുതല്‍ പ്രമുഖ്യം കിട്ടുമെന്നും ഉന്നത പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു. 

കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ കെകെ ശൈലജയ്ക്ക് ഇക്കുറി സുപ്രധാന വകുപ്പു ലഭിച്ചേക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പില്‍നിന്നു ശൈലജയ മാറ്റാനിടയില്ലെങ്കിലും മറ്റേതെങ്കിലും സുപ്രധാന വകുപ്പ് കൂടി ഏല്‍പ്പിക്കുമെന്നാണ് സൂചനകള്‍.

കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എംവി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍ എന്നിവര്‍ മന്ത്രിസഭയില്‍ ഉണ്ടാവുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി രാജീവ്, കെഎന്‍ ബാലഗോപാല്‍ എന്നിവരും രണ്ടാം പിണറായി സര്‍ക്കാരിന്റെ  ഭാഗമാവും. ശൈലജയെക്കൂടാതെ ഒരു വനിതാ മന്ത്രിക്കു കൂടി സാധ്യതയുണ്ട്. വീണാ ജോര്‍ജ്, ആര്‍ ബിന്ദു, കാനത്തില്‍ ജമീല എന്നിവരാണ് പരിഗണനയില്‍ ഉള്ളത്. മന്ത്രിമാര്‍ക്കു പുറമേ സ്പീക്കറെയും സിപിഎം സംസ്ഥാന സമിതി തീരുമാനിക്കും.

മന്ത്രിമാരെയും ഡെപ്യൂട്ടി സ്പീക്കറെയും തീരുമാനിക്കാന്‍ സിപിഐ നേതൃയോഗങ്ങളും ഇന്നു ചേരുന്നുണ്ട്. ഓണ്‍ലൈന്‍ ആയാണ് സിപിഐ സംസ്ഥാന കൗണ്‍സില്‍ ചേരുക. പാര്‍ട്ടിയുടെ നാല് അംഗങ്ങളും പുതുമുഖങ്ങള്‍ ആവണമെന്ന നിര്‍ദേശത്തിനാണ് സിപിഐയില്‍ പ്രാമുഖ്യം. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് ആയിരിക്കും ഇതില്‍ നിര്‍ണായകം.

എന്‍സിപി ഒഴികെയുള്ള ഘടകകക്ഷികള്‍ മന്ത്രിമാര്‍ ആരൊക്കെയന്ന് ഇന്നലെ തന്നെ തീരുമാനിച്ചുകഴിഞ്ഞു. എന്‍സിപി എന്നു യോഗം ചേര്‍ന്നു തീരുമാനമെടുക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com