cpm_pinarayi
cpm_pinarayi

അതുതന്നെയാണ് ഒരു നേതാവായി അദ്ദേഹത്തെ അംഗീകരിക്കാന്‍ പ്രേരിപ്പിക്കുന്നത്; കെകെ ശൈലജ

സ്ത്രീയെക്കുറിച്ചുള്ള ഫ്യൂഡല്‍ സങ്കല്പം കേരളത്തില്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്.

കെകെ ശൈലജ ടീച്ചര്‍ കടന്നുവന്ന രാഷ്ട്രീയ, ജീവിത വഴികളിലേക്കു മനസ്സു തുറന്ന സംഭാഷണം.  2016 ഓണപ്പതിപ്പില്‍ മലയാളം വാരിക പ്രസിദ്ധീകരിച്ചത്

കഠിനമായി പ്രയത്‌നിച്ച് ചിലതെങ്കിലും ചെയ്യാന്‍ ആഗ്രഹിച്ച് ഷൈലജ ടീച്ചര്‍

കുട്ടിക്കാലം മുതല്‍ എം കെ കല്യാണിയമ്മയുടെ ആരാധികയാണ് കെ കെ ഷൈലജ. അവര്‍ ജന്മനാ ധീരയായിരുന്നു എന്നതാണു കാരണം; കുറച്ചൊക്കെ നാണംകുണുങ്ങിയായിരുന്ന ഷൈലജ എന്ന പെണ്‍കുട്ടിയുടെ അമ്മമ്മയായിരുന്നു എന്നത് അതിനേക്കാള്‍ വലിയ കാരണം. അവരേക്കുറിച്ചു പറയുമ്പോള്‍ നൂറുനാവാണ് ചെറുമകള്‍ക്ക്. കുട്ടിക്കാലത്ത് ഞങ്ങളുടെയൊക്കെ ഹീറോയിനായിരുന്നു എന്ന് വെളിപ്പെടുത്തുന്നത് ഒരുപാട് അഭിമാനത്തോടെയും. ജീവിതത്തിലെ ആദ്യ മാതൃക. അമ്മ ശാന്തയാണ് എങ്കിലും അമ്മമ്മയെ അമ്മ എന്നുതന്നെയാണ് വിളിച്ചിരുന്നത്; മറ്റുള്ളവരോട് പറയുമ്പോള്‍ വല്യമ്മ എന്നും. ആ ഷൈലജ നാണമൊക്കെ മാറ്റിവച്ച് ചുറുചുറുക്കും തിരിച്ചറിവുമുള്ള പ്രവര്‍ത്തകയും നേതാവുമായതും ഇന്നിപ്പോള്‍ മന്ത്രിയായതും കല്യാണിയമ്മ എന്ന 'നായിക'യുടെ സ്വാധീനത്തിന്റെ തുടര്‍ച്ചകൂടിയാണ്. കല്യാണിയമ്മ കമ്യൂണിസ്റ്റാക്കിയ ഷൈലജയെ പിന്നെപ്പിന്നെ പാര്‍ട്ടി നേതാവും ഇപ്പോള്‍ മന്ത്രിയുമാക്കി എന്നും പറയാം. ''വളരെ പ്രത്യേകതകള്‍ ഉള്ള സ്ത്രീയായിരുന്നു,ഞങ്ങളൊക്കെ ആരാധനയോടെ കണ്ടിട്ടുണ്ട്. എന്നെ നന്നായി സ്വാധീനിച്ചിട്ടുമുണ്ട്. അമ്മയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നാണ് ഞാന്‍ ഉള്‍ക്കൊണ്ടത് .'' എന്ന് ഷൈലജ ടീച്ചര്‍.  സമൂഹത്തില്‍ ഒരു നാട്ടുമുഖ്യസ്ഥ. അറിയപ്പെടുന്ന നേതാവെന്ന് പറയാന്‍ പറ്റില്ല. ജില്ലയില്‍ത്തന്നെ എല്ലായിടത്തും അറിയുകയുമില്ല. പക്ഷേ, ആ പ്രദേശത്ത് അവരൊരു വലിയ സാന്നിധ്യമായിരുന്നു. കണ്ടാലും നല്ല പ്രൗഡിയൊക്കെയുണ്ടായിരുന്നു. അവരുടെ ആങ്ങളമാരെല്ലാം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകരായിരുന്നു. സ്വാഭാവികമായും കല്യാണിയമ്മയ്ക്കും കമ്യൂണിസ്റ്റ് പശ്ചാത്തലം വന്നു. അയിത്തത്തിനെതിരേയും അന്ധവിശ്വാസങ്ങള്‍ക്കെതിരേയും പോരാടുക, സമൂഹസദ്യ നടത്തുക, വസൂരി രോഗികളെയൊക്കെ പരിചരിക്കാന്‍ തന്റേടത്തോടെ പോവുക തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ സജീവം. ചെറിയ കാര്യങ്ങളായിരുന്നില്ല അത്. ജനങ്ങളുടെ എല്ലാ ആവശ്യങ്ങളിലും വിഷമങ്ങളിലും അമ്മ ഉണ്ടായിരുന്നു. ആളുകള്‍ക്ക് വിഷമങ്ങള്‍ ഉണ്ടാകുമ്പോള്‍ മറ്റാരേക്കാളും ആദ്യം സമീപിക്കുക അമ്മയെയായിരുന്നു. കല്യാണിയമ്മേ എന്ന് വിളിച്ച് ഓടി വരും. അന്ന് വിവാഹ നിശ്ചയത്തിന് സ്ത്രീകളെ പങ്കെടുപ്പിക്കില്ല. സ്ത്രീകള്‍ അകത്തിരിക്കും പുരുഷന്മാര്‍ നിശ്ചയിക്കും. പക്ഷേ, വല്യമ്മക്ക് അവിടെയൊരു ഇരിപ്പിടമുണ്ടായിരുന്നു. ഏതു വിവാഹനിശ്ചയ വീട്ടിലും കല്യണിയമ്മ ഇവിടിരിക്കണം എന്ന് പറയും, അതില്‍ അഭിപ്രായം പറയാന്‍. അതൊരു ചെറിയ ഉദാഹരണം മാത്രം. ഇപ്പോഴത്തെപ്പോലെയൊന്നുള്ള പശ്ചാത്തലമൊന്നും ഇല്ലാതിരുന്നിട്ടും അമ്മ നാട്ടുകാരുടെ മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന സ്ത്രീയായി. സ്ത്രീക്ക് ഒരു ഇടം സ്വന്തം പ്രവര്‍ത്തനത്തിലൂടെ ഉറപ്പാക്കി. സംവരണത്തിലൂടെയല്ല, സ്വന്തം കപ്പാസിറ്റിയിലൂടെ. എവിടെച്ചെന്നാലും പുരുഷ സമൂഹത്തിന്റെ ഇടയില്‍ ഒരു സീറ്റുണ്ട് എന്ന് നേടിയെടുത്തു. എങ്കിലും റോള്‍ മോഡലാകാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്നും അവരുടെ നാലയലത്ത് വരില്ല താനൊക്കെ എന്നും സമ്മതിക്കാനാണ് ടീച്ചര്‍ക്ക് ഇഷ്ടം. പിന്നെ എന്തുകൊണ്ടാണ് കേരളത്തിന്റെ പുതിയ ആരോഗ്യ മന്ത്രിയെ സെക്രട്ടേറിയറ്റ് ജീവനക്കാരില്‍ പലരും മാധ്യമപ്രവര്‍ത്തകരില്‍ ചിലരും ലേഡി പിണറായി എന്ന് പറഞ്ഞുതുടങ്ങിയത്. സത്യത്തില്‍ ടീച്ചര്‍ അത് അറിഞ്ഞിട്ടില്ല. അതുകൊണ്ട് അത് കേട്ടപ്പോള്‍ ആശ്ചര്യവും വേവലാതിയും.
''എന്റമ്മേ, അതാര് പറയുന്നതാ. ഞാന്‍ ഇന്നുവരെ അറിഞ്ഞിട്ടില്ല. അത് പരിഹസിച്ചു പറയുന്നതാണോ.''
''അല്ലല്ല, നന്നായിട്ടാണ്.ബോള്‍ഡാണ് എന്ന അര്‍ത്ഥത്തിലാണ്.''
''എന്റമ്മേ, എനിക്ക് വയ്യ...'' എന്ന പൊട്ടിച്ചിരിയില്‍ നിറയുന്നത് ആഹ്ലാദമാണ്.
ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്തിയൊന്നു മുതല്‍ പതിനഞ്ച് വര്‍ഷം അധ്യാപികയായിരുന്നു കെ കെ ഷൈലജ. പിന്നീട് അഞ്ചു വര്‍ഷം എംഎല്‍എ. വീണ്ടും അധ്യാപനത്തിലേക്ക് മടങ്ങിയെങ്കിലും രണ്ടു വര്‍ഷംകൂടി മാത്രമേ തുടര്‍ന്നുള്ളു. പാര്‍ട്ടി തിരിച്ചുവിളിച്ച് മുഴുവന്‍ സമയ ഉത്തരവാദിത്തങ്ങളില്‍ നിയോഗിച്ചു. രണ്ടായിരത്തിയാറില്‍ വീണ്ടും നിയമസഭയിലേക്ക്. മൂന്നാം തവണ സഭയിലെത്തിയത് ഇത്തവണ, മന്ത്രിയായി. ശോഭിതിന്റെയും ലസിതയുടെയും അമ്മ, സിഞ്ചുവിന്റെയും മേഘയുടെയും അമ്മായിയമ്മ.


മന്ത്രിപ്പണി

ആസ്വദിക്കാനുള്ള ഒരു പദവിയാണ് മന്ത്രിയുടേത് എന്ന് വിശ്വസിക്കുന്ന കൂട്ടത്തിലല്ല കെ കെ ഷൈലജ ടീച്ചര്‍. എന്നാലോ അതുമായി ബന്ധപ്പെട്ട ഓരോ ചുമതലകളും ആസ്വദിച്ചുതന്നെയാകണം ചെയ്യേണ്ടത് എന്ന കാര്യത്തില്‍ സംശയവുമില്ല. മന്ത്രിയാക്കാന്‍ പാര്‍ട്ടി തീരുമാനിക്കുമ്പോള്‍ ഉത്കണ്ഠയുണ്ടായിരുന്നു. ഉത്തരവാദിത്തങ്ങള്‍ ഭാരിച്ചതാണ്; നിറവേറ്റാന്‍ കഴിയുമോ. അവര്‍ അത് തുറന്നു പറഞ്ഞത് പിണറായി വിജയനോടുതന്നെ. ആദ്യമായി മുഖ്യമന്ത്രിയാകുന്നതിന്റെ മണിക്കൂറുകള്‍ക്ക് അരികിലായിരുന്ന പിണറായി ആദ്യമായി മന്ത്രിയാകാന്‍ പോകുന്ന സഖാവിനു പറയാനുള്ളത് ശ്രദ്ധയോടെ കേട്ടു. എന്നിട്ടു പറഞ്ഞു, ''കഠിനപ്രയത്‌നം ചെയ്യണം'' . അതാണ് മാര്‍ഗ്ഗദര്‍ശന വാക്യമായി അവര്‍ കാണുന്നത്. യഥാര്‍ത്ഥത്തില്‍ ഇത് കഠിനപ്രയത്‌നം തന്നെയാണ് എന്ന് അതിവേഗം തിരിച്ചറിയുകയും ചെയ്തു. ആരോഗ്യം, സാമൂഹികനീതി എന്നീ സുപ്രധാന വകുപ്പുകളും എട്ടോളം അനുബന്ധ വകുപ്പുകളും ആവശ്യപ്പെടുന്ന അധ്വാനത്തിന്റെ അളവ് ഒട്ടും ചെറുതല്ല. ശരിക്കും, നിന്നുതിരിയാന്‍ നേരമില്ലാത്ത മന്ത്രി. സന്ദര്‍ശകര്‍ക്ക് അനുവദിച്ചിരിക്കുന്ന സമയത്ത് അവരുടെ ചേംബറില്‍ പോയി കുറച്ചുനേരമൊന്നു ശ്രദ്ധിച്ചാല്‍ അതു ബോധ്യമാകും. എല്ലാവരെയും ശ്രദ്ധയോടെ കേള്‍ക്കുന്നു, ഇടപെടലുകള്‍ പിന്നത്തേക്കു മാറ്റിവയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നു. രണ്ട് വകുപ്പുകളും സ്ത്രീകളുമായി കൂടുതല്‍ ബന്ധപ്പെട്ടതാണ് എന്നതുകൊണ്ടുതന്നെ സന്ദര്‍ശകിലേറെയും സ്ത്രീകള്‍. അവരോട് സഹഭാവം പുലര്‍ത്താന്‍ കഴിയുന്നുണ്ട് ഈ സ്ത്രീമന്ത്രിക്ക് എന്നതിന് മടങ്ങുമ്പോള്‍ അവരുടെ മുഖത്തു കാണുന്ന തെളിച്ചമാണ് സാക്ഷ്യം. രാവിലെ എട്ടു മണിക്ക് തുടങ്ങിയാല്‍ രാത്രി പതിനൊന്നര വരെ ഔദ്യോഗിക കാര്യങ്ങളിലാണ്. ''ശ്രമകരമായ പ്രവര്‍ത്തനമാണ്. എങ്കിലും അത് പ്രവര്‍ത്തിക്കാനാണല്ലോ സാമൂഹ്യപ്രവര്‍ത്തനം നടത്തുന്നത്. എങ്ങനെ ഏറ്റെടുക്കുന്നു എന്നതാണ് പ്രധാനം. ആസ്വദിക്കുക എന്ന അര്‍ത്ഥത്തിലല്ല, ഒരു ഉത്തരവാദിത്തമായി ഏറ്റെടുക്കുകയാണ്.'' അവര്‍ പറയുന്നു.
 മറ്റെല്ലാ നേതാക്കളെയും പോലെ വ്യത്യസ്ഥ ഉത്തരവാദിത്തങ്ങളാണ് ഓരോ ഘട്ടത്തിലും അവര്‍ക്കു കിട്ടിയിട്ടുള്ളത്. അടുത്തയിടെ വരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു. '' അതും വലിയ ഉത്തരവാദിത്തമാണ്. കേരളത്തില്‍ ഉടനീളമുള്ള സ്ത്രീപ്രശ്‌നങ്ങളില്‍ ഇടപെടുകയും അത് പരിഹരിക്കാന്‍ ശ്രമിക്കുകയും പരിഹാരമാര്‍ഗ്ഗത്തിലേക്ക് അവരെ എത്തിക്കുകയും സ്ത്രീകളെ ബോധവല്‍കരിക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളാണ് അതില്‍ ചെയ്യേണ്ടിയിരുന്നത്. ദൈനംദിന പ്രവര്‍ത്തനമാണ് അത്. രണ്ടുതവണ എംഎല്‍എ ആയി. അത് മറ്റൊരുതരം ഉത്തരവാദിത്തമാണ്. പലതരത്തില്‍ ഈ പ്രവര്‍ത്തനങ്ങളെല്ലാം തമ്മില്‍ സാമ്യമുണ്ടെങ്കിലും ഒരുപാട് വ്യത്യാസമുണ്ട്. എംഎല്‍എ എന്ന നിലയില്‍ നിയോജക മണ്ഡലത്തിനുള്ളിലെ വികസം പ്രധാനപ്പെട്ട കാര്യമാണ്. ഇവിടുത്തെ ജനങ്ങളുടെ സാമൂഹ്യപ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടുകയുമാണ് ചെയ്യേണ്ടത്. ആ പത്ത് വര്‍ഷക്കാലവും ഞാന്‍ എന്റെ കഴിവിന്റെ പരമാവധി പരിശ്രമിച്ചിട്ടുണ്ട്. സാമൂഹ്യപ്രവര്‍ത്തകയാവുക എന്നത് ജീവിതത്തില്‍ ആഗ്രഹിച്ചിട്ടു ചെയ്യുന്ന കാര്യമാണ്. ഇപ്പോള്‍ മന്ത്രിയായി ചുമതലയേറ്റെടുത്തിരിക്കുന്നു. ഇത് മറ്റേതിനേക്കാളൊക്കെ ഭാരിച്ച ഉത്തരവാദിത്തമാണ്. കുറേക്കൂടി പ്രവര്‍ത്തനം ആവശ്യമുള്ള ഉത്തരവാദിത്തമാണ്. നേരത്തേ ഏറ്റെടുത്ത ഉത്തരവാദിത്തങ്ങളില്‍ കഴിവിന്റെ പരമാവധി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വലിയ വിജയം എന്ന് പറയാന്‍ കഴിയില്ലെങ്കിലും കുറച്ചൊക്കെ ആ മേഖലയില്‍ മുന്നോട്ടു പോകാന്‍ കഴിഞ്ഞു.. ആ ആത്മവിശ്വാസമാണ് ഈ പുതിയ, വലിയ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത്''. ഒരുപാടാളുകള്‍ വ്യക്തിപരമായ വലിയ പ്രതീക്ഷകളോടെ വരുന്നുണ്ട്. അവയില്‍ പരിഹരിക്കാവുന്നതൊക്കെ പരിഹരിച്ചുകൊടുക്കാന്‍ സാധിക്കണം. ചിലത് വളരെ പെട്ടെന്നു പരിഹരിക്കാന്‍ സാധിക്കാത്ത കാര്യങ്ങളാണ്. ഉദാഹരണത്തിന്, എനിക്ക് ഇപ്പോള്‍ ഒരു ജോലി തരണം എന്ന് പറഞ്ഞ് ഒരാള്‍ വരുന്നു. മന്ത്രിക്ക് അത് പെട്ടെന്നു കൊടുക്കാന്‍ സാധിക്കണമെന്നില്ല. സങ്കടകരമാണ്, വളരെ ദരിദ്രരരാണ് വരുന്നതൊക്കെ. അതേസമയം, മറ്റു ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പെട്ടെന്നു സാധിക്കും. ഒരു പ്രദേശത്ത് ആശുപത്രിയില്‍ ഡോക്ടറില്ല, സൗകര്യങ്ങളില്ല എന്നു വയ്ക്കുക. അതൊക്കെ പറയുമ്പോള്‍ ഇടപെട്ടു പരിഹരിക്കേണ്ടതാണ്. വളരെ എളുപ്പമല്ലെങ്കിലും പരിഹാരത്തിനുള്ള പരിശ്രമം നടത്താന്‍ പറ്റും. മന്ത്രിയുടെ ്‌നയം.

ഊര്‍ജ്ജതന്ത്രം അധ്യാപിക

പഠിച്ച വിഷയം രസതന്ത്രമാണെങ്കിലും ശിവപുരം ഹൈസ്‌കൂളില്‍ ഷൈലജ ടീച്ചര്‍ പഠിപ്പിച്ചിരുന്നത് ഊര്‍ജ്ജതന്ത്രമായിരുന്നു. ആദ്യം എംഎല്‍എയായപ്പോള്‍ സ്‌കൂളില്‍ നിന്ന് ശമ്പളമില്ലാത്ത അവധിയെടുത്താണ് മല്‍സരിച്ചത്.  അവധിയെടുക്കാനാണ് അന്ന് പാര്‍ട്ടി ആവശ്യപ്പെട്ടത്. അഞ്ചുവര്‍ഷത്തെ അവധി. സ്‌കൂളില്‍ നിന്ന് ഒഴിവായപ്പോള്‍ സ്വാഭാവികമായും വിഷമമുണ്ടായി.  അധ്യാപനം ഇഷ്ടപ്പെട്ട തൊഴിലാണ് എന്നതാണ് കാരണം. ''ഇഷ്ടപ്പെട്ടിട്ടാണ് അത് തെരഞ്ഞെടുത്തത്. രണ്ട് ഓപ്ഷനുകളാണ് ഉണ്ടായിരുന്നത്. ഒന്നുകില്‍ ടീച്ചറാവുക, അല്ലെങ്കില്‍ അഭിഭാഷകയാവുക. അതില്‍ കവിഞ്ഞൊരു ആഗ്രഹവമുണ്ടായിരുന്നില്ല. ബിഎഡ് കഴിഞ്ഞ് പെട്ടെന്നുതന്നെ ജോലിയും കിട്ടി''. ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്തിയൊന്നിലാണ് ആദ്യമായി ജോലിക്ക് കയറുന്നത്. '96ല്‍ കൂത്തുപറമ്പില്‍ നിന്ന് ആദ്യം എംഎല്‍എയായ ശേഷമുള്ള അഞ്ചു വര്‍ഷംകഴിഞ്ഞ് തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചില്ല. ആ സമയത്ത് വീണ്ടും സ്‌കൂളില്‍ പോയി. '' ഇതില്‍ നിന്ന് അങ്ങോട്ടു തിരികെപ്പോകുമ്പോള്‍ വലിയ വ്യത്യാസമുണ്ട് എന്നാണ് അനുഭവം. അവിടെയുള്ള ഒരു ഒതുക്കവും ചിട്ടയുമുണ്ട്. സ്‌കൂളിന്റെ പ്രത്യേക ചിട്ടകളും രീതികളും. ഇപ്പുറത്തേക്കു വന്നാല്‍ ആ ചിട്ടയല്ല, കുറച്ചുകൂടി വിസ്തൃതമായ ക്യാന്‍വാസാണ്. ആ വിസ്തൃതമായ ക്യാന്‍വാസില്‍ ഓടിനടന്ന് ജോലി ചെയ്തിട്ട് പിന്നെ സ്‌കൂളിന്റെ ചിട്ടയിലേക്ക് തിരിച്ചു ചെന്നപ്പോള്‍ കുറച്ചുനാള്‍ എനിക്ക് ചെറിയ പ്രയാസം അനുഭവപ്പെട്ടിരുന്നു. പക്ഷേ, വളരെ പെട്ടെന്നുതന്നെ അത് മറികടന്നു. വീണ്ടും ഞാന്‍ പഴയ ഊര്‍ജ്ജതന്ത്രം അധ്യാപികയായി മാറി''.
വൈകുന്നേരങ്ങളിലും ശനിയും ഞായറും രാഷ്ട്രീയ പ്രവര്‍ത്തനം. രണ്ടു വര്‍ഷം പോയപ്പോഴേക്കും പാര്‍ട്ടി നിര്‍ബന്ധിച്ചു, ജോലിയില്‍ നിന്നു രാജിവയ്ക്കണം.  രാവിലെ പത്തുമുതല്‍ വൈകുന്നേരം നാലു വരെ സ്‌കൂളിനകത്തുള്ള സമയം വേറൊന്നിനും ചെലവഴിക്കാന്‍ കഴിയുന്നില്ല. അത് അവസാനിപ്പിച്ച് മുഴുവന്‍ സമയം പാര്‍ട്ടിയിലേക്ക് വരണം, സാമൂഹ്യപ്രവര്‍ത്തനത്തിന് ഉപയോഗിക്കണം എന്നായിരുന്നു ആവശ്യം. അങ്ങനെ രണ്ടായിരത്തിനാലില്‍ വി ആര്‍ എസ് എടുത്തു. പാര്‍ട്ടിയും മഹിളാ അസോസിയേഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍. അതിന് തുടര്‍ച്ചയായാണ് അടുത്ത തെരഞ്ഞെടുപ്പില്‍ പേരാവൂരില്‍ മല്‍സരിച്ചത്. '' എന്നോടു പലരും ചോദിക്കാറുണ്ട്, ഏതാണ് ഇഷ്ടം? അധ്യാപികയുടെ ജോലിയാണോ അതോ ജനപ്രതിനിധിയുടെ ചുമതലകളാണോ. രണ്ടും രണ്ട് തലമാണ് എന്നാണ് മറുപടി. അധ്യാപക ജോലിയില്‍ നമ്മുടെ മുന്നിലുള്ള കുട്ടികള്‍ സമൂഹത്തിന്റെ നഖചിത്രമാണ്. വളരെ പാവപ്പെട്ടവരും അങ്ങനെയല്ലാത്തവരുമുണ്ട്, ബുദ്ധി കുറഞ്ഞവരും ശരാശരിക്കാരും കൂടുതല്‍ മികവ് കാണിക്കുന്നവരുമുണ്ട്. കാര്യങ്ങള്‍ പെട്ടെന്നു മനസിലാക്കാന്‍ കഴിയുന്നവരും അങ്ങനെയല്ലാത്തവരുമുണ്ട്...അതിനിടയില്‍ തിരഞ്ഞ് നമ്മുടെ ആഗ്രഹത്തിലേക്കും ലക്ഷ്യത്തിലേക്കും അവരെയാകെ കൊണ്ടുവരിക എന്നുള്ള ബോധപൂര്‍വമുള്ള പ്രവര്‍ത്തിയാണ് ചെയ്യുന്നത്. അത് ചെയ്യുമ്പോള്‍, നമ്മള്‍ അവര്‍ക്ക് കൊടുക്കുന്നത് എവിടെയെങ്കിലും കൊള്ളുന്നു എന്നും അതിന് പ്രതിഫലനം ഉണ്ടാകുന്നു എന്നും കാണുന്നത് വലിയ കാര്യമാണ്. വാക്കുകള്‍ക്ക് അപ്പുറത്തുള്ള അനുഭൂതിയാണ് അത് തരുന്നത്. അത് അധ്യാപനത്തില്‍ മാത്രം കിട്ടുന്ന ഒന്നാണ്. പിന്നെ ആ നിഷ്‌കളങ്കമായ സ്‌നേഹവും. അത് ഇപ്പോഴുമുണ്ട്. പണ്ട് പഠിപ്പിച്ച കുട്ടികളെ കാണുമ്പോഴും നമ്മളെ പഠിപ്പിച്ച അധ്യാപകരെ കാണുമ്പോഴുമാണ് ഏറ്റവും സന്തോഷം. ഇപ്പോഴും ഞങ്ങളുടെ ഊര്‍ജ്ജതന്ത്രം ടീച്ചര്‍ എന്നു പറഞ്ഞാണ് കുട്ടികള്‍ ഓടിവരിക. എന്നെ കോളജില്‍ ഊര്‍ജ്ജതന്ത്രം പഠിപ്പിച്ച ഒരു മാഷ് വളരെ ഭംഗിയായി അത് എടുക്കുന്ന ആളായിരുന്നു. അതുകൊണ്ടാണ് ആ വിഷയത്തോട് പ്രത്യേക താല്‍പര്യം തോന്നിയത്. അതൊരു ആകര്‍ഷണമായിരുന്നു. എന്റെ കുട്ടികള്‍ക്കുമുണ്ടാകും എന്നിലൂടെ ആ താല്‍പര്യം എന്നു ഞാന്‍ വിചാരിക്കുന്നു, ഞാന്‍ നല്ല ടീച്ചറാണെങ്കില്‍. മറ്റുള്ളവരാണ് പറയേണ്ടത്. ഏതായാലും ആ വിഷയത്തോടും അധ്യാപനത്തോടുമുള്ള ആകര്‍ഷണംകൊംണ്ടുതന്നെ വലിയ പ്രയാസത്തോടെയാണ് ഞാന്‍ വിട്ടു വന്നത്. അതിന്റെ അര്‍ത്ഥം എന്തൊ മഹാ വിഷമം അനുഭവിച്ചുകൊണ്ടാണ് ഞാന്‍ ഇപ്പുറത്തേക്കു വന്നത് എന്നല്ല. ഇത് അതിനേക്കാള്‍ വലിയ അനുഭവങ്ങളുണ്ടാകുന്ന മേഖലയാണ്; സാമൂഹ്യപ്രവര്‍ത്തനം. ഇതും ഞാന്‍ ഇഷ്ടപ്പെടുന്ന മേഖലയാണ്. ജനങ്ങളുടെ ഇടയിലാണല്ലോ പ്രവര്‍ത്തിക്കുന്നത്.''


രാഷ്ട്രീയം, ദാമ്പത്യം


? വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ വന്ന് അത് നിലനിര്‍ത്തുന്ന പെണ്‍കുട്ടികള്‍ കുറവാണല്ലോ.

യഥാര്‍ത്ഥത്തില്‍ എന്റെതൊരു ഘട്ടംഘട്ടമായ പ്രക്രിയ ആയിരുന്നു എന്ന് പറയാം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ ഞാന്‍ നേതൃതലത്തിലേക്ക് വന്നിരുന്നില്ല. കോളജില്‍ ഡിഗ്രി ചെയ്യുന്ന സമയത്ത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നെങ്കിലും ലീഡര്‍ഷിപ്പില്‍ ഉണ്ടായിരുന്നില്ല. ഞാന്‍ അതാണ് എന്നുറപ്പാണെന്നേയുള്ളു. എസ്എഫ്‌ഐയുടെ മുന്‍ രൂപമായിരുന്ന കെഎസ്എഫില്‍ അംഗം, അതിന്റെ ഭാഗം. യോഗങ്ങള്‍ക്കൊക്കെ പോകും. ഞാന്‍ അന്നൊക്കെ പുറകില്‍ ഇരിക്കുന്ന ഒരാളായിരുന്നു. അവസാന വര്‍ഷമായപ്പോഴേക്കും സംഘടന പേരുമാറ്റി എസ്എഫ്‌ഐയായി. അതില്‍ ഏരിയ വൈസ്പ്രസിഡന്റ് ആയതാണ് കുറച്ചെങ്കിലും നേതൃതലത്തില്‍ അന്ന് വഹിച്ച ചുമതല. അന്ന് എന്നേക്കാള്‍ ജൂണിയറായ ആളുകള്‍ പോലും എന്നേക്കാള്‍ വലിയ ലീഡര്‍ഷിപ്പില്‍ ഉണ്ടായിരുന്നു. നേതൃരംഗത്തേക്കു വരുന്ന പ്രകൃതമായിരുന്നില്ല, ഇത്തിരി 'ഷൈ' ആയിരുന്നു, ഇത്തിരി മാറി നില്‍ക്കുന്ന പ്രകൃതം. എന്നാലോ എല്ലാത്തിലും ഉണ്ടുതാനും. കുടുംബം കമ്യൂണിസ്റ്റ് കുടുംബമാണ്. വലിയമ്മയുടെ കൂടെ എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനത്തിനും പോകും. പക്ഷേ, ലീഡര്‍ഷിപ്പിലേക്കു വരിക എന്നൊരു ടെന്റന്‍സി എന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല. ഡിഗ്രി കഴിഞ്ഞുള്ള ഇടവേളയിലാണ് മഹിളാ സംഘടനയില്‍ സജീവമായത്. ഒപ്പം യുവജന സംഘടനാ രംഗത്തും സജീവമായി. പടിപടിയായി രണ്ടിന്റെയും നേതൃതലത്തിലേക്ക് വരികയും ചെയ്തു. ആദ്യം കെ എസ് വൈ എഫ്. പിന്നെ ഡിവൈഎഫ്‌ഐ. പഴയ കേരള മഹിളാ ഫെഡറേഷന്‍, പിന്നെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍. ഇത് രണ്ടിന്റെയും ജില്ലാ കമ്മിറ്റിയിലേക്ക് ഒരേസമയം സമാന്തരമായി വന്നു. ഭര്‍ത്താവ് ഭാസ്‌കരന്‍ മാഷും ആ സമയത്ത് യുവജന രംഗത്തുണ്ടായിരുന്നു. അദ്ദേഹവും രാഷ്ട്രീയപ്രാധാന്യമുള്ള കുടുംബത്തിലെ അംഗമാണ്. ഒന്നിച്ചു ജീവിതം തുടങ്ങിയപ്പോള്‍ അദ്ദേഹം എന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ കുറച്ചുകൂടി മുന്നോട്ടു കൊണ്ടുപോയി. രണ്ടുപേരുടെയും താല്‍പര്യത്തിനൊപ്പം കുടുംബവും നല്ല പ്രേരണയും പിന്തുണയും തന്നു.
രണ്ടുപേരും ഒരേ കമ്മിറ്റിയില്‍ അംഗമായിരുന്നു. അതൊരു പ്രണയ വിവാഹവും അറേഞ്ച്ഡ് മാര്യേജും കൂടിയായിരുന്നു. പരിചയപ്പെട്ട് പരസ്പരം ഇഷ്ടപ്പെട്ടപ്പോള്‍ അത് വീ്ട്ടുകാരോടു പറഞ്ഞു.  പിന്നെയൊരു അന്വേഷണമൊക്കെ നടത്തി രണ്ട് കുടുംബങ്ങളും ചേര്‍ന്ന് അതങ്ങ് നടത്തുകയായിരുന്നു. അതിനുശേഷം ഞങ്ങള്‍ രണ്ടുപേരുംകൂടി പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് പോകാന്‍ തുടങ്ങി. അപ്പോഴാണ് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പക്ഷേ, അവിടെ ഞാന്‍ അധികം നിന്നില്ല. മഹിളാ അസോസിയേഷനിലാണ് ഞാന്‍ കേന്ദ്രീകരിച്ചത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയുമായി മാറി. അദ്ദേഹം ഇപ്പോള്‍ മട്ടന്നൂര്‍ നഗരസഭാ അധ്യക്ഷന്‍.


വായനയിലും വല്യമ്മ

ചെറുപ്പത്തിലേ വായന തുടങ്ങിയതിലും വല്യമ്മ ഒരു കാരണക്കാരിയാണ്. അവര്‍ അന്നത്തെ ഏഴാം ക്ലാസായിരുന്നു. ഒരു ക്ലാസ് കൂടിക്കഴിഞ്ഞാല്‍ അധ്യാപികയാകാനുള്ള യോഗ്യതയായി. നന്നായി വായിക്കുമായിരുന്നു സംസ്‌കൃതമൊക്കെ കുറച്ചു വശവുമുണ്ടായിരുന്നു. അത് തുടരാന്‍ സാധിച്ചില്ലെങ്കിലും നല്ല വായനക്കാരിയായിരുന്നു. അവര്‍ വായിച്ചുവച്ച പുസ്തകങ്ങളാണ് ഞാന്‍ വായിച്ചുതുടങ്ങിയത്. അറബിപ്പൊന്നും ഉമ്മാച്ചുവുമൊക്കെ അങ്ങനെയാണ് വായിച്ചത്. നാട്ടിന്‍പുറത്തെ ലൈബ്രറിയില്‍ നിന്ന് പുസ്തകങ്ങള്‍ എടുക്കുന്ന ഏക വനിത വല്യമ്മയായിരുന്നു. ആ പ്രോല്‍സാഹനത്തിനു തുടര്‍ച്ചയായി വായനയോട് വലിയ താല്‍പര്യം വന്നു. അന്ന്, ആ പ്രായത്തില്‍ വായിക്കാന്‍ കിട്ടാത്തതിന്റെ കുറവായിരുന്നു. ലൈബ്രറിയിലുള്ള പുസ്തകങ്ങളെല്ലാം വായിച്ചുതീര്‍ത്തപ്പോള്‍ വേറെ വാങ്ങി വാങ്ങിക്കാനുള്ള സ്ഥിതിയില്ലായിരുന്നു. പിന്നെ നോക്കുന്നത് അടുത്ത ഗ്രാമത്തിലെ ലൈബ്രറിയിലേക്കാണ്. ഇന്നിപ്പോ, ധാരാളം കിട്ടുമ്പോള്‍ വായിക്കാന്‍ കഴിയുന്നില്ല എന്നതാണ്. അന്ന് വായിച്ചതിന്റെയൊക്കെ ബലത്തിലായിരിക്കണം ഇന്ന് വര്‍ത്തമാനം പറയാനൊക്കെ കഴിയുന്നത്. ഇപ്പോള്‍ വായനയൊക്കെ കുറവാണ്. സാഹിത്യം മാത്രമല്ല, രാഷ്ട്രീയവും വായനയുടെ ഭാഗമായിട്ടുണ്ട്. അത് നിര്‍ബന്ധവുമായിരുന്നു. പാര്‍ട്ടി സന്ദേശം പ്രചരിപ്പിക്കണമെങ്കില്‍ പാര്‍ട്ടി സാഹിത്യം വായിക്കണം. ആദ്യമൊക്കെ ലേശം കടുപ്പത്തിലാണ് വായിച്ചത്, അത്ര ഇഷ്ടത്തോടെയല്ല. പക്ഷേ, പോയി പ്രചരിപ്പിക്കണമെങ്കില്‍ വായിക്കണം. അങ്ങനെ തുടങ്ങി കുറേക്കഴിഞ്ഞപ്പോള്‍ താല്‍പര്യമായി. അത് ആര്‍ക്കും അങ്ങനെയാണ്. മാര്‍ക്‌സിയന്‍ സാഹിത്യവും മാര്‍ക്‌സിയന്‍ തത്വചിന്തയുമൊക്കെ സീരിയസായി വായിച്ചുതുടങ്ങുമ്പോള്‍ വല്ലാതെ സ്വാധീനിക്കും. ഞാന്‍ അതിന്റെയൊരു പണ്ഡിതയൊന്നുമല്ല. ഇന്നും മാര്‍ക്‌സിന്റെ എല്ലാ പുസ്തകങ്ങളും വായിച്ചുതീര്‍ന്നിട്ടുമില്ല. പക്ഷേ, വായിക്കുമ്പോള്‍ നമുക്ക് അതിനോട് ശരിയായ ആകര്‍ഷണം അനുഭവപ്പെടും. എത്രത്തോളം ശാസ്ത്രീയമായും ഇന്നത്തെ കാലഘട്ടത്തിലും നടപ്പാക്കാന്‍ സാധിക്കുന്ന വിധവുമാണ് മാര്‍ക്‌സ് കൃതികള്‍ എന്ന് മനസിലാകും.
വായന കഴിഞ്ഞാല്‍ ഇഷ്ടം പാട്ടാണ്. പാടാന്‍ കഴിവില്ലെങ്കിലും ചിലപ്പോഴൊക്കെ പാടാറുമുണ്ടല്ലോ. ടീച്ചറും അങ്ങനെ ചെയ്യുന്നയാളാണ്. പക്ഷേ, കേള്‍ക്കാനുള്ള ഇഷ്ടം ചെറുതല്ല. അത് തുടരുന്നുണ്ട്. ഒറ്റക്കിരിക്കുമ്പോള്‍ പാട്ടു കേള്‍ക്കുന്ന ശീലം. പിന്നെ, സിനിമ കാണാന്‍ ഭയങ്കര ഇഷ്ടമാണ്. മന്ത്രിയാകുന്നതിനു മുമ്പ് സമയം മോഷ്ടിച്ച് സിനിമ കാണുമായിരുന്നു. തിരുവനന്തപുരത്ത് വന്ന് വൈകുന്നേരം ഫ്രീയായാല്‍ സിനിമ കാണുക എന്നൊരു ശീലമുണ്ടായിരുന്നു. മന്ത്രിയായിക്കഴിഞ്ഞുള്ള രണ്ടു മാസത്തിനിടയില്‍ സിനിമ കാണാവുന്ന സ്ഥിതിയൊന്നുമായിരുന്നില്ല. അത്രയ്ക്ക് തിരക്കുണ്ട്. പക്ഷേ, ഇത്തരം കലകളിലും ലളിതമായ സന്ദര്‍ഭങ്ങളിലുമൊക്കെ മനസ് കൊടുക്കാന്‍ കഴിയുന്നത് നല്ല കാര്യമാണ്. മനസിനെ കുറച്ചുകൂടി ലോലമാക്കാന്‍ സഹായിക്കും എന്നാണ് അനുഭവം. അതുകൊണ്ടുതന്നെ താല്‍പര്യവുമുണ്ട്.

പിണറായി

''അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ചെയ്യുന്നയാളും ചെയ്യാന്‍ കഴിയുന്നത് മാത്രം പറയുകയും ചെയ്യുന്ന നേതാവാണ്. അതാണ് പിണറായി വിജയനേക്കുറിച്ചുള്ള ഫസ്റ്റ് ഇംപ്രഷന്‍. മന്ത്രിസ്ഥാനം ഏറ്റെടുത്തയുടനേ, ഇതൊക്കെ വലിയ ഉത്തരവാദിത്തങ്ങളല്ലേ എങ്ങനെ നിര്‍വഹിക്കും എന്ന സംശയം ഞാന്‍ പ്രകടിപ്പിച്ചിരുന്നു. ഒറ്റ ഉപദേശമാണ് അദ്ദേഹം തന്നത്. കഠിനപ്രയത്‌നം ചെയ്യുക. അത് ഞാന്‍ ആപ്തവാക്യമായി എടുത്തിരിക്കുകയാണ്. കഠിനപ്രയത്‌നം ചെയ്താല്‍ ആര്‍ക്കും കുറച്ചുകാര്യങ്ങളൊക്കെ ചെയ്യാന്‍ സാധിക്കും. അതാണ് അദ്ദേഹത്തിന്റെയും രീതി. ഓരോരുത്തര്‍ക്കും ഓരോ രീതികളുണ്ടാകുമല്ലോ. അദ്ദേഹത്തിന്റെ കാര്യക്ഷമതയ്ക്ക് ഏറ്റവും നല്ല തെളിവ് രണ്ടര വര്‍ഷക്കാലം വൈദ്യുതി, സഹകരണ മന്ത്രിയായിരുന്ന കാലത്തെ പ്രവര്‍ത്തനങ്ങളാണ്. ഒരു മന്ത്രി എന്താകാം എന്ന് മാതൃകാപരമായി കാണിച്ചുതന്നിട്ടുള്ളയാളാണ്. ഏറ്റവും കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിച്ചതും ആ മേഖലയില്‍ ഏറ്റവും അച്ചടക്കം ഉണ്ടായിരുന്നതും അദ്ദേഹം മന്ത്രിയായിരുന്ന കാലത്താണല്ലോ.  പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍, വളരെ പ്രതികൂല ഘട്ടങ്ങളില്‍ പാര്‍്ട്ടി കടന്നുപോയപ്പോഴും പാര്‍ട്ടിയെ സജീവമായി നിര്‍്ത്തുന്നതിനും ഇന്ന് ഈ അധികാരത്തിലേക്ക് വരുന്ന രീതിയില്‍ പാര്‍ട്ടിയെ ശക്തമാക്കുന്നതിനും കഴിഞ്ഞ നേതാവാണ്. രാഷ്ട്രീയ നേതാവ് എന്ന നിലയിലും ജനപ്രതിനിധി, ഭരണാധികാരി എന്നീ നിലകളിലും അദ്ദേഹം വലിയ വിജയമാണ്. അതുതന്നെയാണ് ഒരു നേതാവായി അദ്ദേഹത്തെ അംഗീകരിക്കാന്‍ പ്രേരിപ്പിക്കുന്നത്. ''

സ്ത്രീപ്രശ്‌നങ്ങള്‍, വകുപ്പ്

സ്ത്രീയുടെ അന്തസ് സംരക്ഷിക്കുക എന്നത് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന കാര്യമാണ്. '' എനിക്ക് ആ വെല്ലുവിളി നല്ലവണ്ണമുണ്ട്. കാരണം എന്താന്നുവച്ചാല്‍ ഞാനിതുവരെ അവകാശങ്ങള്‍ ചോദിച്ചു നടന്നയാളാണ്. എംഎല്‍എ ആയാലും മഹിളാ അസോസിയേഷന്റെ സെക്രട്ടറിയായാലും. ഇന്ന് ഞാന്‍ ആ അവകാശങ്ങളില്‍ എന്തെങ്കിലുമൊക്കെ ചെയ്തുകൊടുക്കാന്‍ ചുമതലപ്പെട്ടയാളാണ്. അതിനുള്ള സാധ്യത എത്രയാണ് എന്ന് പരിശോധിക്കുകയാണ് എന്റെ പ്രാഥമിക ഉത്തരവാദിത്തം.'' എന്ന് സാമൂഹികനീതി മന്ത്രി. രണ്ട് സാമൂഹിക വ്യവസ്ഥിതികളുടെ പ്രതിഫലനം ഉണ്ടാകുന്ന സ്ഥിതിയാണ് കേരളീയ സമൂഹത്തിലുള്ളത് എന്ന നീരിക്ഷണത്തിന്റെ വിശദീകരണം ഇങ്ങനെ:  ഒന്ന്, ഫ്യൂഡല്‍ വ്യവസ്ഥിതി പൂര്‍ണമായി പോയിട്ടില്ല.സ്ത്രീയെക്കുറിച്ചുള്ള ഫ്യൂഡല്‍ സങ്കല്പം കേരളത്തില്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്.സ്ത്രീ രണ്ടാംതരമാണ്, കുടുംബമാണ് അവരുടെ ഉത്തരവാദിത്തം എന്നതാണ് അത്. രണ്ടാമത്തേത്, മുതലാളിത്ത വ്യവസ്ഥിതിയുടെ ഉപഭോഗ സംസ്‌കാരത്തിന്റെ ശക്തമായ കടന്നുവരവാണ്. ഈ ഉപഭോഗസംസ്‌കാരം സ്ത്രീയെ വസ്തുവല്‍ക്കരിക്കുന്ന ഒന്നാണ്. സ്ത്രീയൊരു വസ്തുവാണ്, അവരെ ആര്‍ക്കും എങ്ങനെയും ഉപയോഗിക്കാം, എവിടെയും വലിച്ചെറിയാം എന്നു കരുതുന്ന രീതി. ഒരു പൗരന്‍ എന്ന നിലയില്‍ സ്ത്രീയുടെ വ്യക്തിത്വം അതായത് പൗരത്വം പൂര്‍ണമായി അംഗീകരിക്കുന്നതല്ല ഈ രണ്ട് സംസ്‌കാരങ്ങളും. ഈ രണ്ടിനോടും ഏറ്റമുട്ടിക്കൊണ്ടു മാത്രമേ കേരളത്തില്‍ സ്ത്രീക്കു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുകയുള്ളു. നിലവിലെ സാഹചര്യങ്ങളാകട്ടെ അങ്ങനെ എന്തെങ്കിലും ചെയ്യാന്‍ പരിമിതവുമാണ്. സാമൂഹികനീതി വകുപ്പ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്ന വകുപ്പാണ്. സ്്ത്രീകള്‍,കുട്ടികള്‍, അംഗവൈകല്യം സംഭവിച്ചവര്‍ തുടങ്ങിയവര്‍. ഇവരെയാകെ പൊതുമുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ഈ വകുപ്പിന്റെ പക്കലുള്ള വിഭവങ്ങള്‍ കുറവാണ്. അത് ഉപയോഗപ്പെടുത്തിക്കൊണ്ട് ചെയ്യാന്‍ ചില ശ്രമങ്ങള്‍ നടത്തുന്നുണ്ട്. പുതിയ വകുപ്പ് രൂപീകരിക്കുന്നതോടെ സ്ഥിതി കുറച്ചുകൂടി മാറും എന്നാണ് അവര്‍ കരുതുന്നത്. അതൊരു വലിയ പദ്ധതിയും പ്രതീക്ഷയുമാണ്. അപ്പോഴും ്‌സ്ത്രീകളെ നൂറുശതമാനവും മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നത് ഒറ്റയടിക്ക് സാധിക്കില്ല എന്ന അറിഞ്ഞാണു നി്ല്‍പ്പ്. ''പക്ഷേ, സാധിച്ചേ പറ്റൂ. വകുപ്പിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്.  മറ്റു വകുപ്പുകള്‍ സ്ത്രീകള്‍ക്ക് തരുന്ന റേഷന് പകരം സ്ത്രീകളെ മുന്നണിയിലേക്ക്് കൊണ്ടുവരാനുള്ള പദ്ധതികള്‍ക്ക് കുറേക്കൂടി പിന്തുണ കിട്ടും.കൂടുതല്‍ ഉദ്യോഗസ്ഥരെയും പണവും സംവിധാനങ്ങളും ആ വകുപ്പിന്റേതായി കിട്ടും. അതെല്ലാം ഉപയോഗിച്ച് സ്ത്രീകളുടെ നില മെച്ചപ്പെടുത്താനും സാധിക്കും''.  പുതിയ വകുപ്പിനു പുതിയ മന്ത്രി ഉണ്ടകുമോ എന്നു തീരുമാനമായിട്ടില്ല. അതുകൊണ്ട് ആ വകുപ്പിന്റെ മന്ത്രി ഷൈലജ ടീച്ചര്‍ തന്നെയാകും എന്നതാണു നിലവിലെ സ്ഥിതി. സാമൂഹികനീതി വകുപ്പിനെ പുനര്‍നാമകരണം ചെയ്യാനുള്ള സാധ്യത അവര്‍ പങ്കുവയ്ക്കുന്നു. ''സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന ചില സഹായ പദ്ധതികളുണ്ട് ഈ വകുപ്പില്‍. അതൊക്കെ ചേര്‍ത്ത് കുറച്ചുകൂടി സ്ത്രീപക്ഷ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയുന്ന വകുപ്പായിരിക്കും അത്''.

ഇതുകൂടി കേള്‍ക്കൂ

കേരളം ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ നയം ഉണ്ടാക്കിവച്ചിട്ടുണ്ട്. പക്ഷേ, അത് ബഡ്ജറ്റിലോ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലോ ഒന്നും പ്രതിഫലിക്കുന്ന സാഹചര്യം ഉണ്ടായിരുന്നില്ല. ''ഞങ്ങള്‍  ആ നയം എടുത്തിട്ടില്ല. എന്തെങ്കിലും മാറ്റം വേണോ എന്നും തീരുമാനിച്ചിട്ടില്ല. അവരുടെ കാര്യത്തില്‍ കാര്യമായ ശ്രദ്ധ വേണം എന്നാണ് തീരുമാനം. നയപ്രഖ്യാപന പ്രസംഗത്തേക്കുറിച്ചുള്ള ചര്‍ച്ചയില്‍ എന്റെയൊരു നിര്‍ദേശമായി ഞാനത് പറഞ്ഞു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ അവകാശങ്ങള്‍ സംരക്ഷിക്കും എന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ആണും പെണ്ണും എന്നതുപോലെ ഒരു യാഥാര്‍ത്ഥ്യമാണ് ട്രാന്‍സ്‌ജെന്‍ഡറും. സ്ത്രീയും പുരുഷനുമല്ലാത്തതുകൊണ്ട് അവരെ നോക്കാത്ത ഡോക്ടര്‍മാരുണ്ട്. പൊതു ടോയ്‌ലറ്റുകളില്‍ പോകേണ്ടിവരുമ്പോള്‍ അവര്‍ക്ക് പുരുഷന്റെയും സ്ത്രീയുടെയും ഇടത്ത് പോകാന്‍ കഴിയുന്നില്ല. രണ്ടിടത്തുനിന്നും അവരെ ഇറക്കിവിടുന്നു. മൂന്നാം ലിംഗമായി ജനിച്ചത് അവരുടെ കുറ്റമല്ല. അതിന്റെ പേരില്‍ അവര്‍ അവഹേളിക്കപ്പെടുന്നത് അംഗീകരിക്കാന്‍ കഴിയില്ല''.
ഉറച്ച നിലപാടുകളുടെ കരുത്തുണ്ട് ഈ മന്ത്രിയുടെ തീരുമാനങ്ങള്‍ക്ക്; എന്തുകൊണ്ടെന്നാല്‍ അവര്‍ തീരുമാനിച്ച് ഉറപ്പിച്ച് സമൂഹത്തിലേക്ക് ഇറങ്ങിപ്പുറപ്പെട്ട ഇടതുപക്ഷ സാമൂഹിക പ്രവര്‍ത്തകയാകുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com