ആരും പറഞ്ഞില്ല, സൂചന പോലും തന്നില്ല; അപമാനിതന്റെ മുഖം നല്‍കിയെന്ന് ചെന്നിത്തല

ആരും പറഞ്ഞില്ല, സൂചന പോലും തന്നില്ല; അപമാനിതന്റെ മുഖം നല്‍കിയെന്ന് ചെന്നിത്തല
രമേശ് ചെന്നിത്തല/ഫയല്‍
രമേശ് ചെന്നിത്തല/ഫയല്‍

തിരുവനന്തപുരം: പദവിക്കു വേണ്ടി കടിച്ചുതൂങ്ങിക്കിടന്നയാള്‍ എന്ന അപമാനിതന്റെ മുഖമല്ല താന്‍ അര്‍ഹിക്കുന്നതെന്ന്, കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ തന്നെ ഇരുട്ടത്തു നിര്‍ത്തിക്കൊണ്ടുള്ള തീരുമാനം വേണ്ടിയിരുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു. 

പ്രതിപക്ഷ നേതാവിന്റെതടക്കം ഒരുസ്ഥാനവും തനിക്കുവേണ്ടി മാറ്റിവെക്കേണ്ടതില്ലെന്നു തന്നെയാണ് നിലപാടെന്ന് ചെന്നിത്തല കത്തില്‍ പറഞ്ഞു. പാര്‍ട്ടിയില്‍ ഇതുവരെ ലഭിച്ച പദവിയും അംഗീകാരവുമെല്ലാം വിലമതിക്കുന്നു. പക്ഷേ, ഇപ്പോള്‍ പ്രതിപക്ഷനേതാവിനെ തിരിഞ്ഞെടുക്കുന്നതില്‍ ഹൈക്കമാന്‍ഡ് കൈക്കൊണ്ട നടപടി വേദനിപ്പിക്കുന്നതാണ്.

യുഡിഎഫ് പരാജയപ്പെട്ടപ്പോള്‍ പ്രതിപക്ഷ സ്ഥാനത്ത് തുടരേണ്ടതില്ലെന്ന ആഗ്രഹം താന്‍ പ്രകടിപ്പിച്ചിരുന്നു. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളാണ് തുടരാന്‍ നിര്‍ദേശിച്ചത്. പൊരുതിത്തോറ്റഘട്ടത്തില്‍ അതിന് നേതൃത്വം കൊടുത്തവര്‍ മാറിനില്‍ക്കുന്നത് പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തുമെന്നാണ് അവര്‍ ചൂണ്ടിക്കാട്ടിയത്. നിയമസഭാ കക്ഷിയിലും താന്‍ തുടരണമെന്ന അഭിപ്രായത്തിനു ഭൂരിപക്ഷം ലഭിച്ചെന്നാണ് മനസ്സിലാക്കുന്നത്- ചെന്നിത്തല പറഞ്ഞു.

ഉമ്മന്‍ചാണ്ടി, കെ.സി. വേണുഗോപാല്‍, താരിഖ് അന്‍വര്‍ എന്നീ നേതാക്കളോടെല്ലാം ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി. പുതിയ നേതാവ് വരണമെന്ന നിലപാട് ഹൈക്കമാന്‍ഡിനുണ്ടോയെന്ന്  ആരാഞ്ഞിരുന്നു. ആരും അത്തരമൊരുമാറ്റം വേണമെന്ന് അറിയിച്ചില്ലെന്നല്ല, സൂചന പോലും തന്നില്ല. പ്രതിപക്ഷനേതാവിന്റെ പദവിയില്‍നിന്ന് മാറിനില്‍ക്കേണ്ടിവരുന്നുവെന്നത് തന്നെ വേദനിപ്പിക്കുന്ന കാര്യമല്ല. പക്ഷേ, അക്കാര്യം നേരത്തേ അറിയിക്കാമായിരുന്നു. പ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിനും മുമ്പില്‍ അപമാനിതന്റെ മുഖം നല്‍കേണ്ടിയിരുന്നില്ല. 

മുന്നണിക്കും പാര്‍ട്ടിക്കുവേണ്ടി പൊരുതിനിന്നപ്പോഴൊക്കെ ഒരുപരാതിയും ആരും ഉന്നയിച്ചിട്ടില്ല. മുന്നണിയെയും പാര്‍ട്ടിയെയും തിരഞ്ഞെടുപ്പില്‍ ജയിച്ചപ്പോള്‍ പൂച്ചെണ്ടുമായി ആരും സ്വീകരിച്ചിട്ടുമില്ല. മാറ്റത്തെ ഉള്‍കൊള്ളാനാവാത്ത മനസ്സിനുടമയല്ല താന്‍. പക്ഷേ, തന്റെ പ്രവര്‍ത്തനത്തെ മുഖവിലയ്‌ക്കെടുക്കാതെയും നേതാവെന്ന വിശ്വാസം നല്‍കാതെയുമുള്ള പാര്‍ട്ടി തീരുമാനമാണ് വേദനിപ്പിച്ചതെന്നു ചെന്നിത്തല കത്തില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com