വിളിച്ചിട്ട് ആരും ഫോണ്‍ എടുത്തില്ല; പരീക്ഷാഭവനില്‍ വിദ്യാഭ്യാസമന്ത്രിയുടെ മിന്നല്‍ പരിശോധന;  വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd November 2021 05:21 PM  |  

Last Updated: 02nd November 2021 05:21 PM  |   A+A-   |  

sivankutty

പരീക്ഷാഭവനില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ മിന്നല്‍പരിശോധന

 

തിരുവനന്തപുരം:  വിളിക്കുന്ന അപേക്ഷകര്‍ക്കും പരാതിക്കാര്‍ക്കും വേണ്ട വിവരങ്ങള്‍ ലഭിക്കുന്നില്ലെന്നും ഫോണെടുക്കുന്നില്ലെന്നുമുള്ള പരാതിയെ തുടര്‍ന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പരീക്ഷാഭവനില്‍ മിന്നല്‍ പരിശോധന നടത്തി. പരീക്ഷാ ഭവനില്‍ എത്തിയ മന്ത്രി റിസപ്ഷനിലുണ്ടായിരുന്ന ജീവനക്കാരനോട് വിവരങ്ങള്‍ ആരാഞ്ഞു.

ഉന്നത ഉദ്യോഗസ്ഥരോട് മന്ത്രി തനിക്ക് ലഭിച്ച പരാതികള്‍  ചൂണ്ടിക്കാട്ടി. അപേക്ഷകരുടെയും പരാതിക്കാരുടെയും ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ കൂടുതല്‍ ആളുകളെ നിയോഗിക്കണമെന്നും വേണ്ടിവന്നാല്‍ കൂടുതല്‍ ടെലിഫോണ്‍ ലൈനുകള്‍ ഇതിനായി ഉപയോഗിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

 

ഇനി പരാതികള്‍ ഉണ്ടാകരുതെന്നും അതിനു വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും മന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. വേണ്ട നടപടികള്‍ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ മന്ത്രിക്ക് ഉറപ്പുനല്‍കി. റിസപ്ഷനും പരിസരപ്രദേശങ്ങളും വൃത്തിയാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും കഴിഞ്ഞ ദിവസം മിന്നല്‍ പരിശോധന നടത്തിയിരുന്നു.