നവംബര്‍ 23 ഓടെ കൂടുതല്‍ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കും: മന്ത്രി വി ശിവന്‍കുട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th November 2021 05:30 PM  |  

Last Updated: 06th November 2021 05:30 PM  |   A+A-   |  

v_sivankutty

ഫയല്‍ ചിത്രം

 

തിരുവനന്തപുരം : പ്ലസ് വണ്‍ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സീറ്റ് അധികം ആവശ്യമുള്ള സ്‌കൂളുകളില്‍ ഈ മാസം 23 ഓടെ പുതിയ ബാച്ച് അനുവദിക്കും. ഇക്കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം തൈക്കാട് ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍  നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിവഹിക്കുകയായിരിക്കുന്നു അദ്ദേഹം.

സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് പൊതുസമൂഹത്തിലാകെ ഉത്കണ്ഠയുണ്ടായിരുന്നു.  മാര്‍ഗ്ഗരേഖ അനുസരിച്ചുള്ള അധ്യാപനം ഉറപ്പാക്കിയതിലൂടെ സര്‍ക്കാരിന് ആ ഉത്കണ്ഠ അകറ്റാന്‍ സാധിച്ചു. സ്‌കൂള്‍ തുറന്നതിനു ശേഷം 80 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ പല ദിവസങ്ങളിലായി ഹാജരായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മുന്‍പെങ്ങുമില്ലാത്തവിധത്തിലാണ് പൊതു വിദ്യാലയങ്ങളില്‍  അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കുന്നത്. ഭൗതിക സൗകര്യങ്ങള്‍ക്കൊപ്പം അക്കാദമിക്ക് നിലവാരം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള നടപടികളും പുരോഗമിക്കുകയാണ്. അതിനായി ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ഘട്ടം ഘട്ടമായി നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു.

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോഓര്‍ഡിനേറ്റര്‍ എസ് ജവാദ്, പ്രിന്‍സിപ്പല്‍ എം പി ഷാജി,  ഹെഡ്മിസ്ട്രസ് ജെ എം ഫ്രീഡാമേരി തുടങ്ങിയവര്‍ സംബന്ധിച്ചു.