മരംമുറി മുഖ്യമന്ത്രി അറിഞ്ഞിരുന്നില്ലെന്ന് ശശീന്ദ്രന്‍; പിണറായി മറുപടി പറയണമെന്ന് പി ജെ ജോസഫ് 

മുല്ലപ്പെരിയാര്‍ ബേബി ഡാമിന് താഴെ മരംമുറിക്കാന്‍ അനുമതി നല്‍കിയത് സര്‍ക്കാര്‍ അറിഞ്ഞിട്ടില്ലെന്ന് വനംമന്ത്രി  എ കെ ശശീന്ദ്രന്‍
മുല്ലപ്പെരിയാര്‍ ഡാം, ഫയല്‍
മുല്ലപ്പെരിയാര്‍ ഡാം, ഫയല്‍

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബി ഡാമിന് താഴെ മരംമുറിക്കാന്‍ അനുമതി നല്‍കിയത് സര്‍ക്കാര്‍ അറിഞ്ഞിട്ടില്ലെന്ന് വനംമന്ത്രി  എ കെ ശശീന്ദ്രന്‍. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ കത്ത് കിട്ടിയപ്പോഴാണ് മരംമുറിയെപ്പറ്റി മുഖ്യമന്ത്രിയുടെയും ഇറിഗേഷന്റെയും ഓഫീസ് അറിഞ്ഞതെന്നും മന്ത്രി പ്രതികരിച്ചു. ഏതു സാഹചര്യത്തിലാണ് ഇങ്ങനെയൊരു ഉത്തരവ് നല്‍കിയത് എന്ന കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

മുല്ലപ്പെരിയാറും ബേബി ഡാമുമെല്ലാം രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഇടയായ വിഷയങ്ങളാണ്. അത്തരത്തിലുള്ള ഒരു പ്രശ്‌നത്തില്‍ തീരുമെനമെടുക്കുമ്പോള്‍ ഉദ്യോഗസ്ഥതലത്തില്‍ മാത്രം തീരുമാനമെടുത്താല്‍ പോരാ. ഏത് സഹാചര്യത്തിലാണ് മരംമുറിക്കാനുള്ള തീരുമാനമെടുത്തത് എന്നത് സംബന്ധിച്ച് ഇന്ന് 11 മണിക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ചുമതലയുള്ള ചീഫ് ഫോറസ്റ്റ് ഓഫീസറോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കും.

മരംമുറി വിവാദം

ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് 15 മരങ്ങള്‍ മുറിക്കാന്‍ കേരളം അനുമതി നല്‍കിയതായി കഴിഞ്ഞദിവസം തമിഴ്നാട് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി സ്റ്റാലിന്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

ബേബി ഡാം ബലപ്പെടുത്തിയതിനു ശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന് അണക്കെട്ട് സന്ദര്‍ശിക്കാനെത്തിയ തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈ മുരുകന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ബേബി ഡാം ബലപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തും. എന്നാല്‍ ബേബി ഡാം ബലപ്പെടുത്താന്‍ കേരള സര്‍ക്കാരിന്റെ അനുമതി ആവശ്യമുണ്ട്. ബേബി ഡാമിന് താഴെ മൂന്ന് മരങ്ങളുണ്ട്. അവ നീക്കം ചെയ്താല്‍ മാത്രമേ ഡാം ബലപ്പെടുത്താന്‍ സാധിക്കുവെന്നും ദുരൈ മുരുകന്‍ പറഞ്ഞു.

മുല്ലപ്പെരിയാറില്‍ മരംമുറിയ്ക്കാന്‍ നല്‍കിയ ഉത്തരവ് റദ്ദാക്കണമെന്ന് പി ജെ ജോസഫ് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ ഉത്തരവിറക്കിയെന്ന വാദം വിശ്വാസയോഗ്യമല്ല. തമിഴ്‌നാട് മന്ത്രിയുടെ ഭീഷണിക്ക് വഴങ്ങിയെന്ന് പറയുന്നത് ശരിയല്ല. ബേബി ഡാം ബലപ്പെടുത്തുകയല്ല. പുതിയ ഡാമാണ് ആവശ്യം. മുഖ്യമന്ത്രി ഇതിന് മറുപടി പറയണമെന്നും പി ജെ ജോസഫ് ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com