'സിഐ എവിടെ?; ഇതിന്റെയാള്‍ അദ്ദേഹമല്ലേ'; വീണ്ടും സുരേഷ് ഗോപി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th November 2021 10:41 AM  |  

Last Updated: 07th November 2021 10:41 AM  |   A+A-   |  

Suresh Gopi

സുരേഷ് ​ഗോപി/ഫയല്‍ ചിത്രം

 

തൃശൂര്‍: ജനമൈത്രി പൊലീസിന്റെ പൊതിച്ചോറിന്് സുരേഷ് ഗോപിയുടെ വക പൊന്നാട. ദേശീയപാതയില്‍ കൊരട്ടി ജങ്ഷനിലാണു ജനമൈത്രി പൊലീസ് ഒരു വര്‍ഷമായി പാഥേയം പദ്ധതി നടത്തുന്നത്. ഇവിടെയുള്ള ഷെല്‍ഫില്‍ ആര്‍ക്കും പൊതിച്ചോറുകള്‍ വയ്ക്കാം, വിശക്കുന്നവര്‍ക്കു കൊണ്ടുപോകാം. എന്നും ഏറെപ്പേര്‍ പൊതിവയ്ക്കാനെത്തുന്നു, എടുക്കാനും. ഇതറിഞ്ഞാണ് സുരേഷ് ഗോപി പൊതിച്ചോറുമായി എത്തിയത്.

ഷെല്‍ഫില്‍ പൊതിച്ചോറുകള്‍ വച്ചിറങ്ങിയ സുരേഷ് ഗോപി പൊലീസുകാരോട് തിരക്കി സിഐ എവിടെയെന്ന് തിരക്കി. സല്യൂട്ട് വിവാദം ഓര്‍ത്തവരില്‍ കൗതുകമുണര്‍ന്നു. സ്‌റ്റേഷനില്‍ യോഗത്തിലാണെന്ന് എസ്‌ഐ എം.വി.തോമസ് പറഞ്ഞു. സിഐ ബി.കെ. അരുണിനായി കൊണ്ടുവന്ന പൊന്നാട എസ്‌ഐയെ ഏല്‍പിച്ചു. സുരേഷ് ഗോപി പറഞ്ഞു 'ഇത് അദ്ദേഹത്തിനുള്ളതാണ്, ഇതിന്റെയെല്ലാം ആള്‍ അദ്ദേഹമല്ലേ'.

അപ്രതീക്ഷിത സന്ദര്‍ശനമായതിനാലാണ് എസ്എച്ച്ഒ കൂടിയായ അരുണ്‍ എത്താതിരുന്നത്. കോ ഓര്‍ഡിനേറ്റര്‍മാരായ കെ.സി.ഷൈജു, സുന്ദരന്‍ പനംകൂട്ടത്തില്‍, കെ.എന്‍.വേണു എന്നിവര്‍ പദ്ധതി വിശദീകരിച്ചു. ഭക്ഷണം ചൂടാറാതെ സൂക്ഷിക്കാനുള്ള സംവിധാനം താന്‍ നല്‍കാമെന്ന വാഗ്ദാനവുമായാണു സുരേഷ് ഗോപി യാത്ര പറഞ്ഞത്.