അഷ്‌റഫ്‌ മലയാളി അന്തരിച്ചു

കോവിഡ് ബാധിച്ച് ഒറ്റപ്പാലത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു
 അഷ്‌റഫ്‌ മലയാളി
 അഷ്‌റഫ്‌ മലയാളി

പാലക്കാട്: സാംസ്കാരിക പ്രവർത്തകൻ അഷ്‌റഫ്‌ മലയാളി അന്തരിച്ചു. 52 വയസായിരുന്നു. കോവിഡ് ബാധിച്ച് ഒറ്റപ്പാലത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായിരുന്ന എ. എ മലയാളിയുടെ മകനാണ് അഷ്‌റഫ്. സാംസ്കാരിക സാമൂഹിക രം​ഗത്തെ നിരവധി പ്രമുഖർ അദ്ദേഹത്തിന് ആദരാജ്ഞലികൾ അർപ്പിച്ചു.

ഷൗക്കത്തിന്റെ കുറിപ്പ്

പ്രിയപ്പെട്ട അഷ്റഫ് Ashraf Malayali,
 തിരിച്ചുവരുമെന്ന് അത്രമാത്രം പ്രതീക്ഷിച്ചിരുന്നു. പക്ഷെ, നീ വന്നില്ല. പോയി. 
ഇനി എൻ്റെ കുറിപ്പുകളിൽ നിന്ന് കൊള്ളാവുന്ന വരികൾ പെറുക്കിയെടുത്ത് അവതരിപ്പിക്കാൻ അഷറഫ് ഇല്ല. പാലക്കാട് ചെല്ലുമ്പോൾ  പ്രസന്നവദനനായി അടുത്തുവന്ന് കൈപിടിച്ച് മൗനമായി നില്ക്കുന്ന അദ്ദേഹത്തെ കാണാനാവില്ല. 
തസ്രാക്കിൽ പോകുമ്പോൾ കണ്ണുകൾ ആദ്യം പരതുന്ന മുഖം അഷ്റഫ് മലയാളിയുടേതാണ്. അത്രമാത്രം അടുപ്പം നിങ്ങളുമായി ഉണ്ടായിരുന്നെന്ന് അനുഭവിച്ചത് കൊറോണ ബാധിച്ച് ആശുപത്രിയിൽ സീരിയസായി അഡ്മിറ്റ് ചെയ്തിരിക്കുന്നുവെന്ന് അജയേട്ടൻ പറഞ്ഞപ്പോഴാണ്. ഉള്ളിൽ അന്നു മുതൽ നീറ്റലായി നിറഞ്ഞപ്പോഴാണ്.
പ്രിയമുള്ളവനേ, വിട... നീ എനിക്കു നല്കിയ പ്രോത്സാഹനങ്ങിൽ ചിലത് ഹൃദയം നിറഞ്ഞ കൃതജ്ഞതയോടെ ഇവിടെ പങ്കു വയ്ക്കട്ടെ. ആദരാഞ്ജലികളോടെ.

ശാരദക്കുട്ടിയുടെ കുറിപ്പ്

എപ്പോഴെങ്കിലും എന്റെ ഫോട്ടോ എടുക്കുമെന്നു വാക്കു തന്നിരുന്നു. നടന്നില്ല പക്ഷേ പല തവണ ചിത്രം വരച്ച് അയച്ചു തന്നു . തമ്മിൽ കാണും കാണുമെന്ന് പരസ്പരം ഉറപ്പിച്ചിരുന്നു. 
വിശ്വസിക്കുന്ന പാർട്ടിയെ  വിമർശിച്ചാൽ രോഷം മറച്ചുവെക്കുമായിരുന്നില്ല. ആശയ ഐക്യം ഉള്ളപ്പോഴെല്ലാം പരമാവധി അത് ചിത്രം സഹിതം പ്രചരിപ്പിച്ചു. സുഹൃത്തേ നിങ്ങൾ തയ്യാറാക്കിത്തന്ന ചിത്രങ്ങളല്ലാതെ നമ്മൾ ഒരുമിച്ചൊരു ചിത്രം പോലുമില്ലല്ലോ. വഴക്കിടാനും ഐക്യപ്പെടാനും ഇനി അഷ്റഫ് മലയാളി ഇല്ല . വിട പറയാനൊന്നും വയ്യ എന്റെ സുഹൃത്തേ.

പ്രേംകുമാറിന്റെ കുറിപ്പ്

കേരളം മുഴുവൻ നോക്കി നിൽപ്പാണ്;
തൃത്താലയിൽ അങ്കം മുറുകി നിൽപ്പാണ്.   
പല ചുവരുകളിൽ നിന്ന്  എ.കെ.ജി. ഇങ്ങനെ ഗൗരവത്തിൽ നോക്കുന്നുണ്ട്. 
പല്ലിനിടയിലെ നല്ല വിടവുകൾ കാട്ടിച്ചിരിക്കുന്നുണ്ട് എം.ബി. രാജേഷ്. 
രാജേഷ് കൃഷ്ണയെയും കൂട്ടി രാജേഷിന്റെ വണ്ടിക്ക് പിറകെ കൂടിയതാണ്. 
ചെറിയ ചെറിയ യോഗങ്ങളാണ്; ശ്രദ്ധിച്ചു പറയുന്നതെല്ലാം ഇടതുപക്ഷത്തിന്റെ ശ്രദ്ധയെക്കുറിച്ചാണ്. 
കിറ്റും പെൻഷനുമൊക്കെ കിട്ടുന്നില്ലേയെന്ന് ചോദിച്ചപ്പോൾ കിട്ടാത്തത് വെള്ളമാണെന്ന് തിരുത്തിയതാണ് ഒരമ്മമ്മ. 
'ഫേസ്ബുക്കിൽ കുഴിച്ചാൽ വെള്ളം കിട്ടില്ലല്ലോ?' എന്ന് ചിരിച്ചുകൊണ്ടാണെങ്കിലും തിരിച്ചു ചോദിച്ചതാണ് രാജേഷ്. 
അപ്പറഞ്ഞതിൽ എന്തോ സാധ്യതയുണ്ടല്ലോ എന്ന് കേട്ട പാതി മണത്തതാണ്. 
വൈകീട്ട് മുറിയിലെത്തിയപ്പോൾ പിന്നെയും പറഞ്ഞതാണ്. 
'അവനതിൽ കൊത്തിയാൽ ചാൻസുണ്ട്...പക്ഷെ കൊത്താതിരിക്കാനുള്ള ബുദ്ധി അവർക്കുണ്ടാവില്ലേ?' 
ബി.ബി.സി.ക്കാരന്റെ ബുദ്ധിയാണ്; ബുദ്ധിമുട്ടാണെന്നാണ്. 
കൊത്താതിരിക്കില്ലെന്നായിരുന്നു എന്റെയൊരൂഹം.
വാക്കുകളിലെ വിന്യാസസാധ്യതകൾ മലയാളിക്ക് നന്നായി വെളിപ്പെടുത്തിക്കൊടുക്കുന്ന 
അഷ്‌റഫ് മലയാളിയെ അന്ന് നേരിട്ടറിയില്ല. 
പ്രകാശൻമാഷാണ് സുഹൃത്തായത്. 
'ഇത് മുത്താണ്; മൊഴിമുത്താണ്...ഞാനിപ്പോ അയയ്ക്കാം'  
അപ്പോഴാണെനിക്കുമുറപ്പായത്. 
അല്പ നേരത്തിനപ്പുറം വന്നു...
ചിരിക്കുന്നൊരു രാജേഷ്...നല്ല നീലയിൽ തെളിഞ്ഞ വാക്കുകൾ...
ഡിസൈൻ എന്നൊന്നും തൊട്ടുകാട്ടാനില്ലെന്ന് പറയാം; എന്നാലെല്ലാമുണ്ട് താനും. 
അന്ന് രാത്രിയിലെ ആ പോസ്റ്റർ വൈറലായി; 
ആ പൈപ്പിൽ പിന്നെയാരൊക്കെയോ വന്ന് തൊട്ടു; 
തൊട്ടവരൊക്കെ നന്നായ് നനഞ്ഞു; മലയാളി കണ്ടു നിന്നു ദൂരെ. 
വെള്ളമില്ലാത്ത വേനലിൽ പിന്നെയാരോക്കെയോ വെള്ളം കുടിച്ചു.  
തൃത്താല പുതിയ ചരിത്രമായി. 
വിചാരിക്കാത്ത നേരത്തെ വിചാരിക്കാനാവാത്ത  
ഇടപെടലുകളാണ് മനുഷ്യരെ മറക്കാനാവാത്തതാക്കുന്നത്.  
പ്രിയപ്പെട്ട അഷ്‌റഫ് മലയാളി, 
നിങ്ങളെങ്ങുമേ പോയിട്ടില്ലെന്ന് തന്നെയാണ്. 
ഇനിയുമേതെങ്കിലും രാത്രിയിൽ ഞാനിനിയും വിളിക്കും.  
വിളിപ്പുറത്തുണ്ടെന്നെനിക്കുറപ്പാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com