സാഡിസ്റ്റ് മനോഭാവമുള്ള ചിലര്‍ കിഫ്ബിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു; തുടക്കം കുറിച്ചതൊന്നും സര്‍ക്കാര്‍ മുടക്കില്ല; മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th November 2021 04:13 PM  |  

Last Updated: 16th November 2021 04:13 PM  |   A+A-   |  

Pinarayi_Vijayan_EPS_Picture

പിണറായി വിജയന്‍

 

തിരുവനന്തപുരം: സിഎജിക്കെതിരെ വിമര്‍ശനവുമായി  മുഖ്യമന്ത്രി പിണറായി വിജയന്‍. സാഡിസ്റ്റ് മനോഭാവമുള്ള ചിലര്‍ കിഫ്ബിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. കേരളം ഒരിഞ്ചുപോലും മുന്നോട്ടുപോകാതിരിക്കാനാണ് ചിലരുടെ ശ്രമം. ഉന്നതവിദ്യാഭ്യാസപദ്ധതികള്‍ക്ക് കിഫ്ബി സഹായം ഉറപ്പാക്കും. സര്‍ക്കാര്‍ തുടക്കം കുറിച്ചതൊന്നും മുടക്കില്ലെന്നും  മുഖ്യമന്ത്രി പറഞ്ഞു.  

കേരളം ഇന്നുള്ള നിലയില്‍ നിന്ന് ഒട്ടും മുന്നോട്ടുപോകരുതെന്നാണ് ഇവരുടെ ആഗ്രഹം. അല്‍പം പുറകോട്ടു പോയാല്‍ വളരെ സന്തോഷമാണിവര്‍ക്ക്. എന്നാല്‍ തുടക്കം കുറിച്ച ഒന്നില്‍ നിന്നും സര്‍ക്കാര്‍ പുറകോട്ടു പോകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗവര്‍ണര്‍ വിളിച്ചുചേര്‍ത്ത ചാന്‍സലേഴ്‌സ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഉന്നത വിദ്യാഭ്യാസ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബി സഹായം ഉപയോഗിക്കുമെന്നും യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. 

കിഫ്ബിക്കെതിരായ വാര്‍ത്തകള്‍ ഗോസിപ്പ് വാര്‍ത്തകളെന്നും അത് കേരളത്തെ തകര്‍ക്കുമെന്ന് ധനമന്ത്രിയും പറഞ്ഞു. സിഎജിയുടെ കരട് റിപ്പോര്‍ട്ട് പോലും വന്നിട്ടില്ല. അന്തിമ റിപ്പോര്‍ട്ട് നിയമസഭയില്‍ വരുകയും സഭാ സമിതി പരിശോധിക്കുകയും വേണം. ഇതൊന്നും പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവിനെപ്പോലെ ഉത്തരവാദിത്ത സ്ഥാനങ്ങളിലുള്ളവര്‍ ചോര്‍ന്നു കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിമര്‍ശന മുയര്‍ത്തുന്നത് ശരിയാണോ എന്നും കെഎന്‍ ബാലഗോപാല്‍ ചോദിച്ചു.

കിഫ്ബി ഉള്‍പ്പടെയുള്ള ഏജന്‍സികള്‍വഴി ബജറ്റില്‍ ഉള്‍പ്പെടുത്താതെ കൂടുതല്‍ കടമെടുക്കുന്നത് ബാധ്യതകള്‍ വര്‍ധിപ്പിച്ച് സംസ്ഥാനത്തെ കടക്കെണിയിലാക്കുമെന്ന് പറയുന്ന സി.എ.ജി. റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന്റെ ചുവടുപിടിച്ച്  പ്രതിപക്ഷ കക്ഷികള്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.