ശരീരമാസകലം പൊള്ളലേറ്റ പാടുകൾ; യുവതിയെ ഭർതൃവീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th November 2021 07:53 AM  |  

Last Updated: 17th November 2021 07:53 AM  |   A+A-   |  

woman was found dead in the pond

പ്രതീകാത്മക ചിത്രം

 

കോട്ടയം: യുവതിയെ ഭർതൃവീടിന് സമീപത്തെ ഉപയോഗ്യ ശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പാല തോടനാൽ സ്വദേശി രാജേഷിൻറെ ഭാര്യ ദൃശ്യയെ (28) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ ശരീരമാസകലം പൊള്ളലേറ്റ പാടുകളുണ്ട്. തീ കൊളുത്തിയ ശേഷം ദൃശ്യ കിണറ്റിൽ ചാടിയതാകാമെന്നാണ് പൊലീസിന്റെ  നിഗമനം.

നാല് വർഷം മുമ്പാണ് ഏലപ്പാറ ചിന്നാർ സ്വദേശിയായ ദൃശ്യയും രാജേഷും തമ്മിൽ വിവാഹിരായത്. യുവതി സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് രാജേഷിന്റെ വീട്ടുകാർ പ്രശ്നമുണ്ടാക്കിയിരുന്നെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ആഴ്ച ചിന്നാറിലെ സ്വന്തം വീട്ടിലേക്ക് പോയ ദൃശ്യയോടെ മടങ്ങിവരുമ്പോൾ ബന്ധുക്കളെ കൂട്ടണമെന്ന് ഭർത്താവിൻറെ വീട്ടുകാർ ആവശ്യപ്പെട്ടു. തിങ്കളാഴ്ച മടങ്ങിയെത്തിയ ദൃശ്യ ഒറ്റയ്ക്കാണ് എത്തിയത്. ദൃശ്യയുടെ കുടുംബാംഗങ്ങളെ അന്നുതന്നെ ഭർതൃവീട്ടുകാർ വിളിച്ചുവരുത്തി സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഇരുവീട്ടുകാരും ചർച്ച നടത്തി.

തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് ദൃശ്യയെ വീട്ടിൽ നിന്നും കാണാതാവുന്നത്. ഭർതൃവീട്ടുകാർ പൊലീസിൽ പാരാതി നൽകി. യുവതിക്കായി അന്വേഷണം നടക്കുന്നതിനിടെയാണ് അയൽവാസിയുടെ പുരയിടത്തിലെ കിണറിൽ നിന്നും ദൃശ്യയുടെ മൃതദേഹം കണ്ടെത്തുന്നത്.  

ദൃശ്യ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും സഹോദരൻ മണി ആരോപിച്ചു. പൊലീസും അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. വിരലടയാള വിദഗ്ധരും ഫോറൻസിക് വിഭാഗവും സംഭവ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.