മോഡലുകളുടെ അപകടമരണം; കേസ് പൊലീസ് തിരക്കഥ; കാര്‍ഡ്രൈവറെ സംരക്ഷിക്കാന്‍ നീക്കമെന്ന് പ്രതിഭാഗം; ഹാര്‍ഡ് ഡിസ്‌ക് കായലില്‍ എറിഞ്ഞത് എന്തിനെന്ന് പ്രോസിക്യൂഷന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th November 2021 05:44 PM  |  

Last Updated: 18th November 2021 06:00 PM  |   A+A-   |  

ancy_kabeer

അന്‍സി കബീര്‍ -അന്‍ജന ഷാജന്‍

 

കൊച്ചി: മോഡലുകളുടെ അപകടമരണത്തിലെ ചോദ്യം ചെയ്യലിനിടെ പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് പ്രതികള്‍ കോടതിയില്‍. ഹോട്ടലിലെ ജീവനക്കാരാണ് പരാതി പറഞ്ഞത്. കാര്‍ ഓടിച്ചയാളെ സംരക്ഷിക്കാനാണ് നീക്കണമെന്നും പ്രതിഭാഗം ആരോപിച്ചു. അതേസമയം ഹാര്‍ഡ് ഡിസ്‌ക് കായലില്‍ എറിഞ്ഞെന്ന് ബോധ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. 

അറസ്റ്റിലായ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. റോയയുടെ ആരോഗ്യനില തൃപ്തികരമല്ലെന്നും കൂടുതല്‍  ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്നും റോയിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. മജിസ്‌ട്രേറ്റ് റോയിയുടെ മൊഴി ആശുപത്രിയിലെത്തി രേഖപ്പെടുത്തും. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതിയില്‍ ശക്തമായ വാദങ്ങളാണ് ഉണ്ടായത്.
 
പ്രതികള്‍ക്കെതിരെ നരഹത്യ ചുമത്തിയത് എന്തിന്റെ അടിസ്ഥാനത്തിലാണ്. അന്വേഷണ ഉദ്യോഗസ്ഥന്റെ ഗഢാലോചനയും അന്വേഷണം അട്ടിമറിക്കാനുമുള്ള നീക്കമാണിതെന്ന് റോയിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചു എന്ന കുറ്റം മാത്രമാണ് ഇയാള്‍ക്കെതിരെയുള്ളതെന്നും അഭിഭാഷകന്‍ പറഞ്ഞു. ഹോട്ടലില്‍ നിന്ന് വളരെയധികം ദുരെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍പ്പെട്ടവര്‍ ബാറില്‍ നിന്ന് മദ്യപിക്കുകയും ചെയ്തിരുന്നു. മദ്യം കഴിച്ചതും വാഹനാപകടവും തമ്മില്‍ എന്താണ് ബന്ധമെന്നും റോയിയുടെ അഭിഭാഷകന്‍ ചോദിച്ചു.

പ്രതികള്‍ക്ക് ഒന്നും പേടിക്കാനില്ലെങ്കില്‍ എന്തിനാണ് തെളിവുകള്‍ നശിപ്പിച്ചതെന്നും അന്വേഷണം ശരിയായ രീതിയില്‍ മുന്നോട്ടുപോകാന്‍ പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. 

ഹാർഡ് ഡിസ്ക് കായലിൽ എറിഞ്ഞതായി അറസ്റ്റിലായ ഹോട്ടൽ ജീവനക്കാരൻ മൊഴി നൽകിയിരുന്നു. ഹോട്ടലിൽ സമയപരിധി കഴിഞ്ഞും മദ്യം വിളമ്പിയതായി പൊലീസ് വ്യക്തമാക്കി. പ്രതികളെ കസ്റ്റഡിയിൽ ലഭിക്കുന്നതിനു പൊലീസ് അപേക്ഷ നല്‍കി.അപകടം സംബന്ധിച്ച കേസന്വേഷണം പ്രത്യേക സംഘത്തിന് വ്യാഴാഴ്ച കൈമാറിയിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ നേതൃത്വം നൽകും. ഡിജെ പാർട്ടിയിൽ പങ്കെടുത്തവരുടെ പേരുവിവരങ്ങൾ ഹോട്ടൽ അധികൃതർ ഒളിപ്പിച്ചെന്ന സംശയത്തിലാണ് പൊലീസ്.

മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ആലോചന
 

അതേസമയം വാഹനാപകടത്തില്‍ മരിച്ച മുന്‍ മിസ് കേരള അന്‍സി കബീറിന് ഡിജെ പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന പതിവുണ്ടായിരുന്നില്ലെന്ന് കുടുംബം പറയുന്നു. എറണാകുളത്ത് അമ്മയോടൊപ്പമായിരുന്നു താമസം. അമ്മ സുഖമില്ലാതെ നാട്ടിലേക്കു മടങ്ങിയപ്പോഴായിരുന്നു അപകടം. സുഹൃത്തുകള്‍ പാര്‍ട്ടിക്കു നിര്‍ബന്ധിച്ചു കൊണ്ടുപോയതാണോ എന്ന് അറിയില്ലെന്നും കുടുംബം പറയുന്നു.അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ചിരുന്ന അബ്ദുല്‍ റഹ്മാനെ നേരത്തേ പരിചയമില്ല. ഇത് സംശയം വര്‍ധിപ്പിക്കുന്നു. െ്രെഡവറെ ആരാണ് നല്‍കിയതെന്നു പരിശോധിക്കണം. ഹോട്ടലിലെ ദൃശ്യങ്ങള്‍ മാറ്റിയതിനെക്കുറിച്ചും കാറില്‍ പിന്തുടര്‍ന്നവരെക്കുറിച്ചുമാണ് പ്രധാന സംശയം. പ്രശ്‌നങ്ങളില്ലെങ്കില്‍ ഹോട്ടലിലെ ദൃശ്യം മാറ്റേണ്ട കാര്യമില്ല.

അപകടത്തില്‍പ്പെട്ട കാറിനെ പിന്തുടര്‍ന്ന സൈജു തങ്കച്ചനെ അറിയാമെന്ന് നേരത്തേ അന്‍സി പറഞ്ഞിട്ടില്ല. ഹോട്ടല്‍ ഉടമയുടെ പരിചയക്കാരനാണ് അപകടത്തില്‍പ്പെട്ട കാറിനെ പിന്തുടര്‍ന്ന കാര്‍ ഓടിച്ചത് എന്നറിഞ്ഞപ്പോഴാണ് സംശയം കൂടിയത്. സംഭവം നടന്ന ദിവസം അന്‍സി വീട്ടിലേക്കു വിളിച്ചിട്ടില്ല. അമ്മയ്ക്കു സുഖമില്ലാതിരിക്കുന്നതിനാലാകും വിളിക്കാത്തത്.

സംഭവത്തിലെ ദുരൂഹത മാറ്റണം. അല്ലെങ്കില്‍ ആലോചിച്ചശേഷം തുടര്‍നടപടികള്‍ തീരുമാനിക്കും. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിന്റെ പുരോഗതി അറിഞ്ഞശേഷം മുഖ്യമന്ത്രിക്കു പരാതി നല്‍കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കുമെന്നും കുടുംബം പറഞ്ഞു