'ഈ സൗഹൃദമില്ലായ്മയില്‍ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു'- വി ടി ബൽറാം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd November 2021 07:34 AM  |  

Last Updated: 22nd November 2021 07:34 AM  |   A+A-   |  

balram

ഫയല്‍ ചിത്രം

 

പാലക്കാട്: തൃത്താലയിലെ എതിർ സ്ഥാനാർത്ഥിയായിരുന്ന ബൽറാമുമായി അടുത്ത സൗഹൃദമില്ലെന്ന സ്‌പീക്കർ എം ബി രാജേഷിന്റെ പരാമർശത്തിന് മറുപടിയുമായി കോൺ​ഗ്രസ് നേതാവ് വി ടി ബൽറാം. ഡൽഹി വംശഹത്യയ്ക്ക് ആഹ്വാനം നൽകിയതായി ആരോപണ വിധേയനായ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറുമായിട്ടുള്ള സൗഹൃദം പങ്കുവെച്ചുകൊണ്ടുള്ള സ്പീക്കർ എംബി രാജേഷിന്റെ കുറിപ്പ് ചർച്ചയായതിന് പിന്നാലെയാണ് ബൽറാമിന്റെ മറുപടി. 

 'അങ്ങനെ ഒരു അടുത്ത സൗഹൃദം ബല്‍റാമുമായി ഇല്ല', എന്ന എം ബി രാജേഷിന്‍റെ അഭിമുഖത്തിലെ വരികള്‍ പങ്കുവെച്ചാണ് ബല്‍റാമിന്റെ പ്രതികരണം. ഈ സൗഹൃദമില്ലായ്മയിൽ ഞാൻ സന്തോഷിക്കുന്നു. അഭിമാനിക്കുന്നു. എന്ന് ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു. 

കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറിനെ കണ്ടുമുട്ടി സൗഹൃദം പുതുക്കിയ സന്തോഷം എംബി രാജേഷ് പങ്കുവെച്ച ഫെയ്സ്ബുക്ക് കുറിപ്പ് വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറുമായി ഒരു വ്യാഴവട്ടക്കാലമായി അടുത്ത സൗഹൃദമാണ്. ഠാക്കൂർ യുവമോർച്ചയുടെ അദ്ധ്യക്ഷനായിരുന്ന സമയം താൻ ഡിവൈഎഫ്ഐയുടെ പ്രസിഡന്റായിരുന്നെന്നും രണ്ട് വർഷത്തിന് ശേഷമാണ് കാണുന്നതെന്നും എംബി രാജേഷ് ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. 

പത്തുവര്‍ഷം പാര്‍ലമെന്റില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചപ്പോള്‍ ശക്തിപ്പെട്ട സൗഹൃദമാണ്. പാര്‍ലമെന്റില്‍ പരസ്പരം എതിര്‍ചേരിയില്‍ നിന്ന് വാദിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമായ സൗഹൃദത്തിന് അതൊരിക്കലും തടസമായിരുന്നില്ല. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അനുരാഗ് ഠാക്കൂറിനെ നേരില്‍ കാണാനും സൗഹൃദം പുതുക്കാനും കഴിഞ്ഞതില്‍ സന്തോഷമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ എം ബി രാജേഷ് പറഞ്ഞിരുന്നു.