'പുളിച്ചുതികട്ടലുകള്‍ ബാലന്‍സ് ചെയ്യാനുള്ളതല്ല ഈ സ്‌നേഹത്തിന്റെ രാഷ്ട്രീയം'; എം ബി രാജേഷിന് വി ടി ബല്‍റാമിന്റെ മറുപടി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd November 2021 10:03 PM  |  

Last Updated: 23rd November 2021 10:03 PM  |   A+A-   |  

v t balram new reaction against m b rajesh

അനുരാഗ് താക്കൂറിനൊപ്പം എം ബി രാജേഷ്, വി ടി ബല്‍റാം

 

കൊച്ചി:  ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂറുമായുള്ള സൗഹൃദത്തെ കുറിച്ചുള്ള സ്പീക്കര്‍ എം ബി രാജേഷ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രങ്ങളും കുറിപ്പും വിവാദമായിരുന്നു. ഇതിന് അദ്ദേഹം നല്‍കിയ വിശദീകരണത്തിനെതിരെ രംഗത്തുവന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ വി ടി ബല്‍റാം. വിശദീകരണത്തിലെ ഒരു ഉദാഹരണത്തിനാണ് വി ടി ബല്‍റാം മറുപടി നല്‍കിയിരിക്കുന്നത്. 

പാര്‍ലമെന്റില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അദ്ദേഹം ഇരിക്കുന്ന ഇരിപ്പിടത്തില്‍ എത്തി രാഹുല്‍ ഗാന്ധി ആലിംഗനം ചെയ്തതിനെ ഉന്നമിട്ടായിരുന്നു രാജേഷിന്റെ പരാമര്‍ശം. രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ വച്ച്  പ്രധാനമന്ത്രിയെ പരസ്യമായി ആലിംഗനം ചെയ്ത് സൗഹൃദം പ്രകടിപ്പിച്ചതിനെ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുമായി കൂട്ടിക്കുഴക്കേണ്ടെന്ന് വാശിയോടെ വാദിച്ചവരാണ് ചിത്രത്തിന്റെ പേരില്‍ എന്റെ രാഷ്ട്രീയ നിലപാടിനെ ചോദ്യം ചെയ്യുന്നത് എന്നായിരുന്നു രാജേഷിന്റെ വാദം. രാഹുല്‍ ഗാന്ധിയുടെ ഈ ആലിംഗനം അദ്ദേഹത്തിന്റെ ഏറ്റവും ശക്തമായ ഒരു രാഷ്ട്രീയ വിമര്‍ശനമാണ് എന്ന് തുടങ്ങുന്ന മറുപടിയാണ് വി ടി ബല്‍റാം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.

'രാഹുല്‍ ഗാന്ധിയുടെ ഈ ആലിംഗനം അദ്ദേഹത്തിന്റെ ഏറ്റവും ശക്തമായ ഒരു രാഷ്ട്രീയ വിമര്‍ശനമാണ്. വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ പ്രതീകവല്‍ക്കരിക്കുന്ന അമ്പത്താറിഞ്ച് ആസുരതയെ മനുഷ്യത്ത്വമെന്ന മഹാമൂല്യത്തെ വച്ച് ഒരു നിമിഷം കൊണ്ട് തകര്‍ത്തെറിയുന്ന അവിസ്മരണീയമായ കാഴ്ച.നിയോ നാസികളുമായുള്ള ആരുടേയെങ്കിലും ഗാഢസൗഹൃദത്തിന്റെ പുളിച്ചുതികട്ടലുകള്‍ ബാലന്‍സ് ചെയ്യാനുള്ളതല്ല ഈ സ്‌നേഹത്തിന്റെ രാഷ്ട്രീയം.'- വി ടി ബല്‍റാമിന്റെ കുറിപ്പ് ഇങ്ങനെ