മരണവീട്ടില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയി, പൂര്‍ണ നഗ്നനാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ചു; ആശുപത്രിയിലുപേക്ഷിച്ച് മുങ്ങി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd November 2021 10:27 AM  |  

Last Updated: 23rd November 2021 10:27 AM  |   A+A-   |  

young man brutally beaten by goons in kochi

മർദ്ദനമേറ്റ ആന്റണി/ ടെലിവിഷൻ ദൃശ്യം

 

കൊച്ചി: കൊച്ചിയില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെത്തുടര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു. നട്ടെല്ലിനു ക്ഷതമേറ്റ കൊച്ചി സ്വദേശി ആന്റണി ജോണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമ്മനം ഫൈസലിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്.

ചിലവന്നൂരിലെ സുഹൃത്തിന്റെ അമ്മയുടെ മരണാനന്തരചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് യുവാവിനെ സംഘം തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ 11 ന് രാത്രി 9.30 ഓടെയാണ് ആളുകള്‍ നോക്കിനില്‍ക്കെ യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ബലമായി പിടിച്ചുകൊണ്ടുപോകുകയും ചെയ്തത്. 

പ്രതികളിലൊരാളുടെ ചളിക്കവട്ടത്തെ രഹസ്യ കേന്ദ്രത്തിലെത്തിച്ചും മര്‍ദ്ദനം തുടന്നു. ഇതിന് പിന്നാലെ വീണ്ടും അങ്കമാലിയിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് പൂര്‍ണ്ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്നും യുവാവിന്റെ പരാതിയില്‍ പറയുന്നു.

രാത്രി മുഴുവന്‍ നഗ്‌നനാക്കി മര്‍ദ്ദിച്ച ശേഷം ആലുവ ആശുപത്രിയിലെത്തിച്ചിട്ട് സംഘം മുങ്ങി. പരാതിപ്പെട്ടാല്‍ കുടുംബത്തോടെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനാല്‍ ബൈക്കില്‍ നിന്ന് വീണാണ് അപകടമെന്നാണ് ആശുപത്രിയില്‍ ആദ്യം പറഞ്ഞത്. പരിക്ക് ഗുരുതരമായതോടെ വീണ്ടും ചികിത്സ തേടുകയും സുഹൃത്തുക്കളുടെ സഹായത്തോടെ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

മര്‍ദ്ദനമേറ്റ യുവാവ് ഗുണ്ടാ നേതാവ് മരട് അനീഷിന്റെ സുഹൃത്ത് സംഘത്തിലുള്ളയാളാണ്.  വ്യക്തിയാണ്. മര്‍ദ്ദിച്ചവര്‍ എതിര്‍ ചേരിയിലും. സംഭവത്തില്‍ തമ്മനം ഫൈസല്‍ അടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രതികള്‍ ഒളിവിലാണെന്ന് പൊലീസ് സൂചിപ്പിച്ചു.