നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് മീന്‍പിടിത്തക്കാരുടെ വലയില്‍; തിരിച്ചറിയാതെ കായലിലേക്കു വലിച്ചെറിഞ്ഞു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2021 10:42 AM  |  

Last Updated: 24th November 2021 10:42 AM  |   A+A-   |  

ancy and anjana

അപകടത്തില്‍ മരിച്ച ആൻസി കബീർ, അഞ്ജന ഷാജൻ/ ഫയൽ

 

കൊച്ചി: മോഡലുകളുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസിലെ നിര്‍ണായക തെളിവെന്നു കരുതുന്ന ഡിവിആര്‍ ഹാര്‍ഡ് ഡിസ്‌ക് മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങി. വിവാദമായ കേസില്‍ പൊലീസ് അന്വേഷിക്കുന്ന തെളിവാണ് ഇതെന്ന് അറിയാതെ മത്സ്യത്തൊഴിലാളികള്‍ ഹാര്‍ഡ് ഡിസ്‌ക് കായലിലേക്കു തന്നെ കളഞ്ഞെന്നാണ് പുറത്തുവന്ന വിവരം.

ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കരുതുന്ന ഹാര്‍ഡ് ഡിസ്‌ക് മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ പൊലീസ് തെരയുന്ന സമയത്തു തന്നെയാണ് മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയത്. 

കായലില്‍ വീണ്ടും തെരച്ചില്‍ നടത്തും

തിങ്കളാഴ്ച രാവിലെ 10ന് ഇടക്കൊച്ചി കണ്ണങ്കാട്ട് പാലത്തിനുസമീപം കായലില്‍ വലയെറിഞ്ഞ മീന്‍പിടിത്തക്കാരനാണ് ഹാര്‍ഡ് ഡിസ്‌ക് ലഭിച്ചത്. അഗ്‌നി രക്ഷാസേനയുടെ സ്‌കൂബാ ഡൈവിങ് ടീം പരിശോധിക്കാനെത്തുംമുമ്പാണ് ഇത്. ഇവിടെ ഇന്നു വീണ്ടും  മത്സ്യത്തൊഴിലാളികളെയും ചേര്‍ത്ത് പരിശോധന നടത്തും. വല ഉപയോഗിച്ചും സ്ഥലത്ത് പരിശോധന നടത്താനാണ് നീക്കം.

സിസിടിവിയുടെ ഡിവിആര്‍ നശിപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ സി എച്ച് നാഗരാജു ഇന്നലെ പറഞ്ഞിരുന്നു. മോഡലുകളുടെ മരണവും ഡിവിആര്‍ നശിപ്പിച്ചതും തമ്മില്‍ ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം  പറഞ്ഞു.