സമരം തുടരും;  ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയെന്ന് അനുപമ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2021 04:56 PM  |  

Last Updated: 24th November 2021 05:00 PM  |   A+A-   |  

ANUPAMA

കുഞ്ഞുമായി കോടതിയില്‍ നിന്ന് ഇറങ്ങുന്ന അനുപമയും അജിത്തും

 

തിരുവനന്തപുരം: അമ്മയറിയാതെ ദത്തുനല്‍കിയ കേസില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുംവരെ സമരം തുടരുമെന്ന് കുഞ്ഞിന്റെ അമ്മ അനുപമ. കുഞ്ഞുമായി സമരപ്പന്തലിലെത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. ഒപ്പം നിന്ന എല്ലാവരോടും നന്ദിയുണ്ടെന്നും അനുപമ പറഞ്ഞു

കുഞ്ഞിനെ കൈയില്‍ കിട്ടിയതില്‍ വളരെ അധികം സന്തോഷമുണ്ട്. ഒപ്പം നിന്ന എല്ലാവരോടും നന്ദി. മറ്റ് കാര്യങ്ങള്‍ വിശദമായി പിന്നീട് പറയുമെന്നും സമരം തുടരുമെന്നും അനുപമ പറഞ്ഞു. 

വൈകീട്ട് നാലുമണിയോടെയാണ് ദത്ത് വിവാദ കേസില്‍ കോടതി ഉത്തരവ് പ്രകാരം കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിയത്. തിരുവനന്തപുരം കുടുംബ കോടതിയാണ് ഇത് സംബന്ധിച്ച് വിധി പുറപ്പെടുവിച്ചത്.  ജഡ്ജി ബിജു മേനോന്റെ ചേംബറില്‍ വച്ചാണ് കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിയത്. 

ഡിഎന്‍എ ഫലം അനുകൂലമായതോടെ അനുപമയും അജിത്തും കോടതിയില്‍ എത്തി കുഞ്ഞിനെ നേരത്തെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് അഡ്വാന്‍സ് പെറ്റീഷന്‍ സമര്‍പ്പിച്ചിരുന്നു. ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരില്‍ നിന്ന് വിശദാംശങ്ങള്‍ തേടിയ ശേഷമായിരുന്നു കുഞ്ഞിനെ അനുപമയ്ക്കു കൈമാറാന്‍ കോടതി ഉത്തരവിട്ടത്. സിഡബ്യുസി സമര്‍പ്പിച്ച ഡിഎന്‍എ പരിശോധനാ ഫലം ഉള്‍പ്പെടെയുള്ള രേഖകളും കുഞ്ഞിനെ കൈമാറാനുളള ഉത്തരവിനു മുന്നോടിയായി കോടതി പരിശോധിച്ചു.

ഡിഎന്‍എ പരിശോധനാ ഫലം അനുപമയ്ക്ക് അനുകൂലമായ സാഹചര്യത്തില്‍ എത്രയും വേഗം കുട്ടിയെ കൈമാറാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഗവണ്‍മെന്റ് പ്ലീഡറോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഡിഎന്‍എ ഫലം ഗവണ്‍മെന്റ് പ്ലീഡര്‍ മുഖാന്തരമാണ് കോടതിയില്‍ സമര്‍പ്പിച്ചത്.