ആന്റണി പെരുമ്പാവൂര്‍ ഉള്‍പ്പെടെ മൂന്നു നിര്‍മാതാക്കളുടെ ഓഫിസുകളില്‍ ആദായനികുതി റെയ്ഡ്; ഒടിടി ഇടപാടുകള്‍ പരിശോധിക്കും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th November 2021 03:31 PM  |  

Last Updated: 26th November 2021 03:33 PM  |   A+A-   |  

income_tax_raid_malayalam_film_producers

ചിത്രം: ഫേസ്ബുക്ക്

 

കൊച്ചി: മലയാള സിനിമ നിർമ്മാതാക്കളായ ആൻ്റണി പെരുമ്പാവൂർ, ആൻ്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ ഓഫീസുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നു. കൊച്ചി ഇന്‍കം ടാക്‌സ് ടിഡിഎസ് വിഭാഗമാണ് ഓഫീസുകളിൽ പരിശോധന നടത്തുന്നത്. അടുത്തകാലത്ത് ഓടിടി പ്ലാറ്റഫോമുകളുമായി ഏറ്റവുമധികം സഹകരിച്ച നിർമാതാക്കളാണ് മൂവരും. 

വിവിധ സിനിമക‌ൾ ഒ ടി ടി പ്ലാറ്റ്ഫോമുകൾക്ക് വിറ്റതുമായി ബന്ധപ്പെട്ട രേഖകളും മറ്റു വിവരങ്ങളും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നുവെന്നാണ് വിവരം. റുട്ടീന്‍ പരിശോധനയുടെ ഭാഗമാണെന്ന് പറയാനാകില്ലെന്നും അടുത്തകാലത്തായി ഇവര്‍ നടത്തിയ ഇടപാടുകളാണ് പരിശോധനയ്ക്ക് കാരണമെന്നുമാണ് ഉദ്യോ​ഗസ്ഥർ പറഞ്ഞത്. ടിഡിഎസ് അടച്ചിട്ടുണ്ടോ, കൃത്യമായ ചാനലുകളിലൂടെയാണോ പണമിടപാട് തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കും. 

ആന്റണി പെരുമ്പാവൂരിന്റെ കച്ചേരിപ്പടിയിലെ ആശിര്‍വാദ് സിനിമാസിന്റെ ഓഫീസിലാണ് റെയ്ഡ് നടക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ കലൂര്‍ സ്റ്റേഡിയം റോഡിലെ മാജിക് ഫ്രൈയിംസ് ഓഫീസിലും ആന്റോ ജോസഫിന്റെ ആന്റോ ജോസഫ് ഫിലീം കമ്പനി ഓഫീസിലുമാണ് റെയ്ഡ് നടക്കുന്നത്.