തര്‍ക്കം പൊട്ടിത്തെറിയിലേക്ക്; ബിഷപ്പിനെ തള്ളി കര്‍ദിനാള്‍, നാളെ മുതല്‍ ഏകീകൃത കുര്‍ബാന

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th November 2021 11:27 AM  |  

Last Updated: 27th November 2021 11:27 AM  |   A+A-   |  

alancheryyyy1-640x360

കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി/ഫയല്‍

 

കൊച്ചി: സിറോ മലബാര്‍ സഭയിലെ കുര്‍ബാന ഏകീകരണം സംബന്ധിച്ച ഭിന്നത പൊട്ടിത്തെറിയിലേക്ക്. നിലവിലുള്ള കുര്‍ബാന രീതി തുടരാന്‍ വത്തിക്കാന്‍ അനുമതി നല്‍കിയെന്ന് എറണാകുളംഅങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ബിഷപ്പ് മാര്‍ ആന്റണി കരിയിലില്‍ അവകാശപ്പെട്ടതിനു പിന്നാലെ, നാളെ മുതല്‍ പുതിയ രീതി നടപ്പാക്കണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍ദേശം നല്‍കി. 

വത്തിക്കാനില്‍ നിന്ന് ഇത്തരത്തില്‍ ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് കര്‍ദിനാള്‍ അറിയിച്ചു. ഏകീകൃത കുര്‍ബാന സിനഡിന്റെ തീരുമാനമാണ്. ഇതില്‍ ഒരു മാറ്റവുമില്ലെന്നും കര്‍ദിനാള്‍ പറഞ്ഞു. 

വിശ്വാസികളുടെയും വൈദികരുടെയും പ്രതിഷേധങ്ങള്‍ക്കിടയിലും സിറോ മലബാര്‍ സഭയിലെ 'ഏകീകരിച്ച കുര്‍ബാനയര്‍പ്പണം' ഞായറാഴ്ച മുതല്‍ നടപ്പിലാക്കാനാണ്  സിനഡ് തീരുമാനം. 

മെത്രാപ്പോലീത്തന്‍ ട്രസ്റ്റി മാര്‍ ആന്റണി കരിയില്‍ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജനാഭിമുഖ കുര്‍ബാന തുടരാന്‍ വത്തിക്കാന്‍ അനുമതി നല്‍കിയതായി ആന്റണി കരിയില്‍ സര്‍ക്കുലറിലൂടെ വ്യക്തമാക്കിയത്.