കേരളത്തില്‍ 'മാര്‍ക്ക് ജിഹാദ്' ; വിവാദ പ്രസ്താവനയുമായി സര്‍വകലാശാല പ്രൊഫസര്‍

മലയാളി വിദ്യാര്‍ഥികള്‍ സംസ്ഥാന ബോര്‍ഡ് പരീക്ഷകളില്‍ 100 ശതമാനം മാര്‍ക്ക് നേടുന്നത് ഗൂഢ പദ്ധതിയുടെ ഭാഗമാണെന്നാണെന്നും രാകേഷ് ആരോപിച്ചു
രാകേഷ് കുമാർ പാണ്ഡെ / ഫെയ്സ്ബുക്ക് ചിത്രം
രാകേഷ് കുമാർ പാണ്ഡെ / ഫെയ്സ്ബുക്ക് ചിത്രം

ന്യൂഡല്‍ഹി : കേരളത്തില്‍ മാര്‍ക്ക് ജിഹാദുമുണ്ടെന്ന വിവാദ പ്രസ്താവനയുമായി സര്‍വകലാശാല പ്രൊഫസര്‍. ഡല്‍ഹി സര്‍വകലാശാല ഫിസിക്‌സ് പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെയുടേതാണ് വിവാദ പരാമര്‍ശം. സമൂഹമാധ്യമത്തിലൂടെയാണ് പാണ്ഡെയുടെ ആരോപണം. ആര്‍എസ്എസുമായി ബന്ധമുള്ള നാഷണല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ടിന്റെ മുന്‍ പ്രസിഡന്റ് കൂടിയാണ് രാകേഷ് കുമാര്‍ പാണ്ഡെ. 

ഡിഗ്രി പ്രവേശന നടപടികള്‍ ആരംഭിച്ചപ്പോള്‍,  കൂടുതല്‍ മലയാളി വിദ്യാര്‍ഥികള്‍ ഇത്തവണ ആദ്യത്തെ കട്ട്ഓഫില്‍ തന്നെ ഡല്‍ഹി സര്‍വകലാശാലയില്‍ പ്രവേശനം നേടിയതാണ് രാകേഷ് കുമാര്‍ പാണ്ഡെയെ പ്രകോപിപ്പിച്ചത്. കൂടുതല്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ഡല്‍ഹി സര്‍വകലാശാലയില്‍ പ്രവേശനം നേടിയത് അസ്വാഭാവികമാണ്. ഇത് അന്വേഷിക്കേണ്ടതാണ്. 

കേരളത്തില്‍ ലൗ ജിഹാദ് ഉള്ളതുപോലെ മാര്‍ക്ക് ജിഹാദുമുണ്ട്.  രണ്ടോ മൂന്നോ വര്‍ഷമായി നടക്കുന്ന സംഘടിതമായ ഗൂഢനീക്കത്തിന്റെ ഭാഗമാണിത്. കേരളം ഇടതുപക്ഷക്കാരുടെ കേന്ദ്രമാണ്. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി അവരുടെ കൈപ്പിടിയിലാക്കിയ പോലെ ഡല്‍ഹി സര്‍വകലാശാലയും പിടിച്ചെടുക്കാനുള്ള ശ്രമമാണിതെന്നും രാകേഷ് കുമാര്‍ പാണ്ഡെ ആരോപിക്കുന്നു. 

ഓണ്‍ലൈന്‍ പരീക്ഷയായതിനാല്‍ കഴിഞ്ഞ ലോക്ഡൗണ്‍ സമയത്ത് 100 ശതമാനം മാര്‍ക്ക് കിട്ടുന്നതില്‍ അത്ഭുതമില്ല. എന്നാല്‍ അതിനുമുമ്പുള്ള സാഹചര്യങ്ങളിലും മലയാളി വിദ്യാര്‍ഥികള്‍ സംസ്ഥാന ബോര്‍ഡ് പരീക്ഷകളില്‍ 100 ശതമാനം മാര്‍ക്ക് നേടുന്നത് ഇത്തരത്തിലുള്ള ഗൂഢ പദ്ധതിയുടെ ഭാഗമാണെന്നാണെന്നും രാകേഷ് കുമാര്‍ ആരോപിച്ചു. 

പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെയുടെ വിവാദ പരാമര്‍ശത്തിനെതിരെ എസ്എഫ്‌ഐ രംഗത്തെത്തി. കേരളത്തെ തീവ്രവാദ കേന്ദ്രമാക്കാന്‍ ശ്രമം നടക്കുന്നു. വിവാദത്തിന്റെ മറവില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ കോളജുകളില്‍ നിന്നും കേരളത്തില്‍ നിന്നും മികച്ച മാര്‍ക്ക് വാങ്ങി വിജയിച്ച വിദ്യാര്‍ത്ഥികളെ ഒഴിവാക്കാനുള്ള നീക്കമാണ് നടക്കുന്നത്. കേരളത്തോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com