തെരുവുനായയുടെ കടിയേറ്റതിന്റെ 20-ാം ദിവസം പനി, മൂന്നു ഡോസ് കുത്തിവയ്പ് എടുത്തിട്ടും വാക്‌സിന്‍ ഫലിച്ചില്ല; ഞെട്ടലില്‍ ഡോക്ടര്‍മാര്‍, അന്വേഷണം

ഇത്തരമൊരു സംഭവം അപൂര്‍വമാണെന്നാണ് മെഡിക്കല്‍ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാസര്‍ക്കോട്: മൂന്നു കുത്തിവയ്പ് എടുത്തിട്ടും പേ വിഷബാധ മൂലം ആറു വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പിന്റെ വിദഗ്ധ സംഘം പരിശോധന നടത്തും. വാക്‌സിന്‍ എന്തുകൊണ്ട് ഫലിച്ചില്ല എന്നതിലാവും പരിശോധന. ഇത്തരമൊരു സംഭവം അപൂര്‍വമാണെന്നാണ് മെഡിക്കല്‍ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്.

തെരുവുനായയുടെ കടിയേറ്റ് ഇരുപത്തിമൂന്നാം ദിവസമാണ്, ആലന്തട്ട അപ്പര്‍ പ്രൈമറി സ്‌കൂളിലെ രണ്ടാംക്ലാസുകാരനായ എംകെ ആനന്ദ്  മരിച്ചത്. സെപ്റ്റംബര്‍ പതിമൂന്നിനാണ് ആനന്ദിനു നായയുടെ കടിയേറ്റത്. വീടിനു സമീപം കളിച്ചുകൊണ്ടുനില്‍ക്കെ പെട്ടെന്ന് തെരുവു നായ ആക്രമിക്കുകയായിരുന്നു. കണ്ണിനു താഴെയാണ് കടിയേറ്റത്. 

ആനന്ദിനെ ഉടനെ തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പട്ടി കടിച്ചതാണെന്ന് അറിയിച്ചതോടെ ഡോക്ടര്‍മാര്‍ റാബീസ് വാക്‌സിന്‍ ആദ്യ ഡോസ് കുത്തിവയ്ക്കുകയും ചെയ്തു. കണ്ണിനു താഴെയാണ് കടിയേറ്റത് എന്നതിനാല്‍ ഐ സ്‌പെഷലിസ്റ്റിന്റെ പരിശോധി കൂടി കഴിഞ്ഞ ശേഷം കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു. പിന്നീട് മൂന്നാം ദിവസവും ഏഴാം ദിവസവും രണ്ടും മൂന്നും ഡോസ് കുത്തിവയ്പ് എടുത്തു. ഇരുപതക്തിയെട്ടാം ദിവസമായ ഒക്ടോബര്‍ പതിനൊന്നിന് നാലാം ഡോസ് എടുക്കാനിരിക്കുകയായിരുന്നു.

നായുടെ കടിയേറ്റതിന്റെ ഇരുപതാം ദിവസമായ ഞായറാഴ്ച പനി ബാധിച്ചതോടെ ആനന്ദിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനി കുറയാതായതോടെ ചൊവ്വാഴ്ച കോഴിക്കോട് മെഡിക്കല്‍കോളജിലേക്കു മാറ്റുകയായിരുന്നു. റാബീസ് വൈറസ് ബാധിച്ചെന്ന സംശയത്തെത്തുടര്‍ന്ന് കുട്ടിയെ ഐസൊലേഷന്‍ വാര്‍ഡിലാക്കിയിരുന്നു. തുടര്‍ന്നു നടത്തിയ രക്തപരിശോധനയില്‍ റാബീസ് സ്ഥിരീകരിച്ചു. അപ്പോഴേക്കും കുട്ടിയുടെ നില വഷളാവുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ആനന്ദ് മരിച്ചത്.

ഇത്തരമൊരു സംഭവം ജീവിതത്തില്‍ ആദ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഇ മോഹനന്‍ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് വിദഗ്ധ സംഘം പരിശോധിക്കും. മൂന്നു ഡോസ് എടുത്തിട്ടും വാക്‌സിന്‍ ഫലിക്കാതെ പോയതിന്റെ കാരണമാവും മുഖ്യമായും പരിശോധനാ വിധേയമാക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com