'ആക്ഷേപിച്ച് ആശ്വസിക്കുന്നവർ അത് തുടർന്നോട്ടെ'- സംസ്ഥാനങ്ങളുടെ എണ്ണം തെറ്റായി പറഞ്ഞതിൽ ശിവൻകുട്ടി

'ആക്ഷേപിച്ച് ആശ്വസിക്കുന്നവർ അത് തുടർന്നോട്ടെ'- സംസ്ഥാനങ്ങളുടെ എണ്ണം തെറ്റായി പറഞ്ഞതിൽ ശിവൻകുട്ടി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ എണ്ണം തെറ്റായി പറഞ്ഞ സംഭവത്തിൽ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിനിടെയാണ് മന്ത്രി സംസ്ഥാനങ്ങളുടെ എണ്ണം തെറ്റായി പറഞ്ഞത്. പിന്നാലെ മന്ത്രിക്കെതിരെ വ്യാപകമായി ട്രോളുകൾ പ്രചരിച്ചിരുന്നു. ഇതിനാണ് ഇപ്പോൾ മറുപടി. 

തനിക്ക് പറ്റിയ ഒരു നാക്കു പിഴയായിരുന്നു അതെന്നും അതിനെ ആക്ഷേപിച്ച്‌ ആശ്വാസം കണ്ടെത്തുന്നവർ അങ്ങനെ ചെയ്യട്ടെയെന്നും മന്ത്രി പറഞ്ഞു. എല്ലാവർക്കും മനുഷ്യ സഹജമായ എന്തെങ്കിലും ഒരു ബുദ്ധിമുട്ട് സംഭവിക്കും. ഒരു നാക്കിന്റെ പിഴവൊക്കെ ലോകത്തുള്ള എല്ലാ മനുഷ്യനും സംഭവിക്കും. അക്കൂട്ടത്തിലുള്ള ഒരു പിഴവാണ് ഇന്നലെ സംഭവിച്ചത്. അതിനെ ആക്ഷേപിച്ചുകൊണ്ടും പല രൂപത്തിൽ ചിത്രീകരിക്കുകയും ചെയ്യുന്ന നിലയുമുണ്ട്. 

പ്രത്യേകിച്ച് ബിജെപിക്കാരും കോൺഗ്രസിലെ ഒരു വിഭാഗവുമാണ് ഇതിന്റെ പിന്നിൽ. അതുകൊണ്ട് അവർക്ക് ആശ്വാസവും ആത്മസംതൃപ്തിയും കിട്ടുമെങ്കിൽ അങ്ങനെ ചെയ്യട്ടെ. എനിക്ക് അതിൽ യാതൊരു ബുദ്ധിമുട്ടില്ല. ആക്ഷേപങ്ങൾക്ക് മറുപടി പറഞ്ഞ് സമയം കളയുന്നില്ല. നേമത്ത് അക്കൗണ്ട് പൂട്ടിയതിലെ വാശിയും വൈരാഗ്യവും ബിജെപിക്കാർക്കുണ്ടെന്നും ശിവൻകുട്ടി പ്രതികരിച്ചു. 

കഴിഞ്ഞ ദിവസം വാർത്താസമ്മേളനം നടത്തുന്നതിനിടെയാണ് മന്ത്രിക്ക് അമളി പറ്റിയത്. സ്‌കൂൾ തുറന്ന സംസ്ഥാനങ്ങളുടെ എണ്ണം 35 എന്നാണ് ശിവൻകുട്ടി പറഞ്ഞത്. പിന്നീട് ഇത് ഉദ്യോഗസ്ഥരോട് ചോദിച്ച് മന്ത്രി തിരുത്തി. എന്നാൽ ഇതിന് പിന്നാലെ മന്ത്രിയുടെ വാക്കുകൾ സാമൂഹിക മാധ്യമങ്ങളിൽ ട്രോൾ മഴയായി മാറി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com