എട്ട് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണം, ബംഗളൂരുവില്‍ ലുലു ഷോപ്പിങ് മാള്‍ തുറന്നു; തിരുവനന്തപുരത്ത് ഈ വര്‍ഷം തന്നെയെന്ന് യൂസഫലി 

മലയാളി വ്യവസായി എം എ യൂസഫലിയുടെ നേതൃത്വത്തില്‍ യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പ് ബംഗളൂരുവില്‍ പുതിയ ഷോപ്പിങ് മാള്‍ തുറന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ബംഗളൂരു​: മലയാളി വ്യവസായി എം എ യൂസഫലിയുടെ നേതൃത്വത്തില്‍ യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പ് ബംഗളൂരുവില്‍ പുതിയ ഷോപ്പിങ് മാള്‍ തുറന്നു. ആറുമാസത്തിനുള്ളില്‍ രാജ്യത്ത് രണ്ടു മാളുകളുടെ കൂടി നിര്‍മ്മാണം പൂര്‍ത്തിയാവുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ യൂസഫലി പറഞ്ഞു. 

രാജ്യത്ത് ലുലുഗ്രൂപ്പിന്റെ പ്രവര്‍ത്തനം വിപുലമാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ രാജ്യത്ത് അഞ്ചു ഷോപ്പിങ് മാളുകള്‍ തുറക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 4500 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചിരിക്കുന്നത്. ഇതില്‍ കൊച്ചിയിലും തൃശൂരിലും ബംഗളൂരൂവിലും മാള്‍ പ്രവര്‍ത്തനം ആരംഭിച്ചു. 

ബംഗളൂരു രാജാജി നഗറിലാണ് ഗ്ലോബല്‍ മാള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. എട്ട് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ബംഗളൂരുവിലെ മാള്‍. ഇതിന്റെ ഉടമസ്ഥത ലുലു ഗ്രൂപ്പിന് അല്ലെങ്കിലും നടത്തിപ്പും പരിപാലനവും ലുലു ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ്. കൊച്ചിയില്‍ വിപുലമായ നിലയിലാണ് ലുലു ഗ്രൂപ്പിന്റെ ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. തൃശൂരില്‍ ചെറിയ നിലയിലാണ്. ബംഗളൂരുവില്‍ മൂന്നാമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റും ഇതോടൊപ്പം പ്രവര്‍ത്തനം ആരംഭിച്ചതായും മാളിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ യൂസഫലി പറഞ്ഞു.

ബംഗളൂരുവില്‍ രണ്ടുലക്ഷം ചതുരശ്രയടിയിലാണ് ഹൈപ്പര്‍മാര്‍ക്കറ്റ്. എന്റര്‍ടെയിന്‍മെന്റ് സോണ്‍ ഉള്‍പ്പെടെ മറ്റു അത്യാധുനിക സേവനങ്ങളും ഇവിടെ ലഭ്യമാണ്. തിരുവനന്തപുരത്തും ലക്‌നൗവിലും മാളുകള്‍ തുടങ്ങുന്നതിന് കാലതാമസം നേരിട്ടു. തിരുവനന്തപുരത്തെ മാള്‍ ഈ വര്‍ഷം അവസാനം തന്നെ പ്രവര്‍ത്തനം ആരംഭിക്കും. ലക്‌നൗവില്‍ അടുത്ത വര്‍ഷം ആദ്യപാദത്തില്‍ തന്നെ മാളിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് മുന്നോട്ടുപോകുന്നതെന്നും യൂസഫലി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com