സൂരജിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി ; ഒരാഴ്ച കോവിഡ് നിരീക്ഷണം

കോവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശം കണക്കിലെടുത്താണ് ആദ്യം നിരിക്ഷണ സെല്ലിലേക്ക് മാറ്റിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ഉത്ര വധക്കേസില്‍ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട സൂരജിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. ഒരാഴ്ച നിരീക്ഷണത്തിന് ശേഷം സെല്ലിലേക്ക് മാറ്റും. കോവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശം കണക്കിലെടുത്താണ് ആദ്യം നിരിക്ഷണ സെല്ലിലേക്ക് മാറ്റിയത്. 

നേരത്തെ റിമാന്‍ഡ് തടവുകാരന്‍ എന്ന നിലയില്‍ കൊല്ലം ജില്ലാ ജയിലിലാണ് സൂരജിനെ പാര്‍പ്പിച്ചിരുന്നത്. കോടതി ശിക്ഷിച്ചതോടെയാണ് സൂരജിനെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുന്നത്. ശിക്ഷാ ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതിയെ ഉടന്‍ സമീപിക്കുമെന്ന് സൂരജിന്റെ അഭിഭാഷകര്‍ അറിയിച്ചിട്ടുണ്ട്.

സൂരജിന്  വധശിക്ഷ നല്‍കണമെന്ന് ഉത്രയുടെ കുടുംബം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും ഉത്രയുടെ മാതാവ് വ്യക്തമാക്കിയിരുന്നു. അതേസമയം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ പ്രോസിക്യൂഷന്‍ തീരുമാനമെടുത്തിട്ടില്ല.

ഭാര്യയെ മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ സൂരജിന് ഇരട്ട ജീവപര്യന്തവും പതിനേഴു വര്‍ഷം തടവും ശിക്ഷയാണ് കോടതി വിധിച്ചത്. വിവിധ കുറ്റങ്ങള്‍ക്കുള്ള പിഴയായി 5 ലക്ഷത്തി എണ്‍പത്തി അയ്യായിരം രൂപ സൂരജില്‍ നിന്ന് ഈടാക്കും. പ്രതിയുടെ പ്രായം ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിഗണിച്ചാണ് വധശിക്ഷ ഒഴിവാക്കിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com