'എന്റെ മനസ്സ് കേരള ജനതക്കൊപ്പം, എല്ലാവരും സുരക്ഷിതരായിരിക്കൂ'; രാഹുൽ ഗാന്ധി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th October 2021 08:13 PM  |  

Last Updated: 16th October 2021 08:13 PM  |   A+A-   |  

rahul-gandhi

ഫയല്‍ ചിത്രം

 

ന്യൂഡൽഹി: കേരളത്തിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ എല്ലാവരും സുരക്ഷിതരായിരിക്കാനും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനും വയനാട് എംപി രാഹുൽ ഗാന്ധിയുടെ നിർദേശം. തന്റെ മനസ്സ് കേരള ജനതക്കൊപ്പമാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 

കേരളത്തിലെ ജനങ്ങൾക്കൊപ്പമാണ് തന്റെ മനസ്സെന്ന് പ്രിയങ്കാ ഗാന്ധിയും ട്വീറ്റ് ചെയ്തു. പ്രളയക്കെടുതിയിൽ ബുദ്ധിമുട്ടുന്നവരെ എല്ലാ വിധത്തിലും സഹായിക്കാൻ കോൺഗ്രസ് പ്രവർത്തകരോട് അവർ അഭ്യർത്ഥിച്ചു. 

ആറു ജില്ലകളിൽ അതി തീവ്ര മഴ

സംസ്ഥാനത്ത് ആറു ജില്ലകളിൽ ഇന്ന് അതി തീവ്ര മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശക്തമായ മഴയുണ്ടാവും. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർക്കോട് എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

നാളെയും മഴ

നാളെയും കേരളത്തിൽ അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് തമിഴ്‌നാട് വെതർമാന്റെ പ്രവചനത്തിൽ പറയുന്നു. ഏതാനും മണിക്കൂറുകൾ കൊണ്ട് 150 മുതൽ 200 മില്ലിമീറ്റർ മഴയാണ് ചില പ്രദേശങ്ങളിൽ രേഖപ്പെടുത്തിയത്. നാളെ മഴ ഇതിനും ശക്തമാവാനാണ് സാധ്യതയെന്ന് തമിഴ്‌നാട് വെതർമാൻ പറയുന്നു.