രാത്രിയില്‍ പെരുമഴ; ചാലക്കുടിയില്‍ മലവെള്ളപ്പാച്ചില്‍, വീടുകളില്‍ വെള്ളം കയറി (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd October 2021 02:48 PM  |  

Last Updated: 23rd October 2021 04:22 PM  |   A+A-   |  

chalakkudi_flood

മലവെള്ളപ്പാച്ചിലില്‍ വീടുകളില്‍ വെള്ളം കയറിയപ്പോള്‍

 

ചാലക്കുടി: രാത്രിയിലെ ശക്തമായ മഴയെത്തുടര്‍ന്ന് ചാലക്കുടിയില്‍ വീടുകളില്‍ വെള്ളം കയറി. മലവെള്ളപ്പാച്ചിലില്‍ പരിയാരം കപ്പത്തോട് കരകവിഞ്ഞൊഴുകി വന്‍ നാശം വിതച്ചു. മോതിരക്കണ്ണി, കുറ്റിക്കാട് കൂര്‍ക്കമറ്റം, വെറ്റിലപ്പാറ പച്ചക്കാട് എന്നീ പ്രദേശങ്ങളിലെ ഇരുപതോളം വീടുകളില്‍ വെള്ളം കയറി.

കുറ്റിച്ചിറ-മോതിരക്കണ്ണി റോഡ് വെള്ളത്തിനടിയിലായി. ഇതേത്തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിലച്ചു. പുലര്‍ച്ചെ 2.30ഓടെയാണ് ശക്തമായ മഴയും മലവെള്ളപ്പാച്ചിലും ഉണ്ടായത്. നമ്പ്യാര്‍പടി പയ്യപ്പിള്ളി ഡേവിസിന്റെ വീട് മുക്കാല്‍ഭാഗവും മുങ്ങി. വീട്ടുസാധനങ്ങള്‍ മുഴുവന്‍ നശിച്ചു. 40 കോഴികള്‍ ഒഴുകിപ്പോയി. നിരവധി കൃഷിയിടങ്ങളിലെ നൂറുകണക്കിനു വാഴകള്‍ വെള്ളത്തില്‍ മുങ്ങിനശിച്ചു.

മലയില്‍നിന്നുള്ള തോടുകളില്‍നിന്നും കപ്പത്തോട്ടിലേക്ക് മലവെള്ളം ഒഴുകിയെത്തിയാണ് മലവെള്ളപ്പാച്ചിലുണ്ടായത്. ചാലക്കുടി
പ്പുഴയിലേക്കാണ് കപ്പത്തോട് എത്തുന്നത്. എന്നാല്‍ പുഴയില്‍ വെള്ളം ഉയര്‍ന്നിട്ടില്ല. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് സുരക്ഷ മുന്‍നിര്‍ത്തി വെട്ടിക്കുഴി, പണ്ടാരംപാറ മലയടിവാരത്തു താമസിക്കുന്ന ആളുകളെ മാറ്റിത്താമസിപ്പിച്ചു.