'ഇല്ലാക്കഥകൾ പറഞ്ഞ് അപമാനിച്ചു, ഇത് വ്യക്തിഹത്യ'; മന്ത്രി സജി ചെറിയാനെതിരെ പരാതി നൽകി അനുപമയും അജിത്തും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th October 2021 04:43 PM  |  

Last Updated: 30th October 2021 04:43 PM  |   A+A-   |  

anupama_ajith_complaint_against_saji_cheriyan

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നൽകിയ വിഷയത്തിൽ വിവാദ പരാമർശം നടത്തിയതിന് മന്ത്രി സജി ചെറിയാനെതിരെ പരാതി. മന്ത്രി വ്യക്തിഹത്യ നടത്തിയെന്നും ഇല്ലാക്കഥകൾ പറഞ്ഞ് അപമാനിച്ചെന്നും ചൂണ്ടിക്കാട്ടി കുട്ടിക്കു വേണ്ടി സമരരംഗത്തുള്ള അമ്മ അനുപമയും ഭർത്താവ് അജിത്തും പരാതി നൽകി. പേരൂർക്കട പൊലീസിലാണ് ഇരുവരും പരാതി നൽകിയത്. ആരുടെകൂടെ ജീവിക്കണമെന്നത് തന്റെ അവകാശമാണെന്ന് അനുപമ പരാതിയിൽ പറഞ്ഞു. 

സജി ചെറിയാന്റെ വിവാദ പ്രസം​ഗം

തിരുവനന്തപുരത്ത് കാര്യവട്ടം ക്യാംപസിൽ സ്ത്രീ മുന്നേറ്റം ലക്ഷ്യമാക്കി സാംസ്‌കാരിക വകുപ്പ് നടപ്പാക്കുന്ന 'സമം' പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്ത്രീകളുടെ നാടകക്കളരി ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രി ഇരുവർക്കുമെതിരെ തുറന്നടിച്ചത്. ''കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികൾ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛൻ ജയിലേക്കു പോവുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങൾ എതിരല്ല. പക്ഷേ, ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസ്സിലാക്കണം.

എനിക്കും മൂന്നു പെൺകുട്ടികളായതു കൊണ്ടാണു പറയുന്നത്. പഠിപ്പിച്ചു വളർത്തി സ്ഥാനത്തെത്തിച്ചപ്പോൾ ആ കുട്ടി എങ്ങനെയാണ് വഴി തിരിഞ്ഞു പോയത്. ഊഷ്മളമായ അവളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങളാവും മാതാപിതാക്കൾ കണ്ടിട്ടുണ്ടാവുക. പക്ഷേ, എങ്ങോട്ടാണു പോയത്. ഇരട്ടി പ്രായമുള്ള, വിവാഹിതനും രണ്ടു മൂന്നു കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം. ഇതൊക്കെയാണ് നാട്ടിൽ നടക്കുന്നത്.'' മന്ത്രി പറഞ്ഞു.